കണ്ണൂരാന്‍

കണ്ണൂരിലെ കലോത്സവം അങ്ങനെ ഗംഭീരമായി മുന്നേറുന്ന സമയത്താണ് ഇടിത്തീ വാര്‍ത്ത വരുന്നത്, ഹര്‍ത്താല്‍. കലോത്സവത്തിനിടയില്‍ ദേശീയോത്സവമോ എന്ന പ്രതീതി എന്ന് തമാശയായി പറയാമെങ്കിലും ശരിക്കും ഭീതിയുള്ള ഒരു അവസ്ഥ തന്നെയായിരുന്നു മത്സരാര്‍ത്ഥികള്‍ക്കും ഒപ്പംവന്നവര്‍ക്കും. രാവിലെ കണ്ണൂരാന്റെ പുറപ്പാട് സമയത്ത് തന്നെ മനസിലായി കാര്യങ്ങള്‍ കുറച്ച് ആശങ്കയോടെയാണ് അവര്‍ പ്രത്യേകിച്ച് മറ്റ് ജില്ലകളില്‍ നിന്നുള്ളവര്‍.

ഭീതിയോന്നും വേണ്ടെന്ന് പറഞ്ഞു കണ്ണൂരാന്‍, കണ്ണൂര്‍ ചിലപ്പോള്‍ അങ്ങനെയാണ്. ശാന്തതയില്‍ ചിരിക്കുകയും ദേഷ്യപ്പെടുമ്പോള്‍ സമനില തെറ്റുകയും ചെയ്തു. ഏകാഭിനയ വേദിയില്‍ എത്തിപ്പോള്‍ തന്നെ, ദേ എന്തോ പൊട്ടുന്നു.. അതേ ശരിക്കും പൊട്ടി.. വേദിയില്‍ നല്ല പടക്കം പൊട്ടുന്ന അഭിനയം വിട്ട് ക്യാമറയും കുന്തവും കൊടചക്രവുമായി വേദിക്ക് പുറത്ത് റോഡിലേക്ക്.. ഒന്നൂല്ല.. എങ്കിലും ചെറിയ അക്കുത്തിക്കുത്ത്...

അതിന് മുന്‍പ് കണ്ണുനീറ്റുന്ന ഷെല്ല് ഓരെണ്ണം പൊട്ടിച്ചു പോലീസ്. കണ്ണീന്ന് വെള്ളം വന്ന പ്രതിഷേധക്കാര്‍ രണ്ടര പേജ് ഡയലോഗ് ബൈറ്റും കൊടുത്ത് മടങ്ങി.. പാവങ്ങള്‍ അത് പ്രതീക്ഷിച്ച് മാത്രമാണ് അത്തരം ഒരു സംഭവം നടത്തിയത്.. അതിനിടയില്‍ ടീയര്‍ ഗ്യാസ് പ്രയോഗിക്കും എന്ന ഒട്ടും കരുതിയില്ല, എന്തായാലും ചാനലില്‍ സംഭവം കളറായി.

അതിനിടയില്‍ വാട്ട്‌സ്ആപ്പിലെ തമാശ പലരും കണ്ണൂരാനെ കാണിച്ചു, ഇത്തവണ കലോത്സവത്തില്‍ കണ്ണൂരിന് ഫസ്റ്റ് കിട്ടും, കാരണം മറ്റ് ജില്ലക്കാര്‍ പേടിച്ച് കണ്ണൂര്‍ വിട്ടുകാണും.

എന്നാല്‍ ഇതോക്കെ വെറും തമാശയല്ലെ ചേട്ടാ... വന്നിറങ്ങിയ കുട്ടികള്‍ തല്‍ക്കാലം ഇതോന്നും അറിയാതെ മത്സരചൂടില്‍ തന്നെയായിരുന്നു. എന്ത് ആയാല്‍ എന്താ ഇടയ്ക്ക് ഓടുന്ന ഓട്ടോയിലും, ബൈക്കിലും ഒക്കെ കയറി അവര്‍ മത്സര വേദികള്‍ പിടിച്ചു. സംഘാടകരും അത്യവശ്യം വാഹനങ്ങള്‍ രംഗത്ത് ഇറക്കിയിരുന്നു. അതില്‍ കയറി മത്സരവേദികളില്‍ എത്തിയ മത്സരാര്‍ത്ഥികള്‍ക്ക് പലവേദികളിലും കാണികളായി ഒഴിഞ്ഞ കസേരയായിരുന്നു.

എങ്കിലും ഒരു ഹര്‍ത്താലില്‍ തകരുന്നതല്ലല്ലോ ആവേശം, ഉച്ചയ്ക്ക് ശേഷം ഇതാ കാര്യം മാറി.. ആള് ഒഴുകുന്നുണ്ട് വേദിയിലേക്ക്. ഇനി കാര്യങ്ങള്‍ ജോറാകും, കണ്ണൂരിന്റെ കുഴപ്പങ്ങള്‍, അത് ഒരു ഭാഗത്ത് എന്തുമാകട്ടെ...

ഷോ മസ്റ്റ് ഗോ...!