വിപിന്‍ പാണപ്പുഴ
കണ്ണൂര്‍: മലയാളത്തിന്‍റെ മണ്മറഞ്ഞ പ്രിയനടന്‍ കലാഭവന്‍ മണിക്ക് ആദരമായി മാറി നാടോടിനൃത്തവേദി. മാനന്തവാടി ജിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ ശ്രീരാജാണ് മണിയുടെ ഓര്‍മ്മകളെ മത്സരവേദിയിലെത്തിച്ചത്.
പതിവ് കുറവനും കുറത്തിയും എന്നതിനപ്പുറം മാറ്റങ്ങള്‍ക്ക് സാക്ഷിയായ നാടോടിനൃത്ത വേദിയിലേക്ക് അപ്രതീക്ഷിതമായാണ് കലാഭവന്മണിയുടെ കഥയുമായി ശ്രീരാജിന്‍റെ രംഗപ്രവേശം. സൈക്കിളില്‍ മീന്‍വില്‍പ്പനയ്ക്ക് എത്തുന്നയാളുടെ ഭാവനയിലൂടെയാണ് ശ്രീരാജ് മണിയുടെ കഥ വേദിയില്‍ ആടിയത്. മുത്തപ്പനെയും കണ്ണൂരിനെയും എന്നും ഇഷ്ടപ്പെട്ടിരുന്ന കലഭാവന്‍ മണിയുടെ ഓര്മ്മയില്‍ കലാപ്രേമികള്‍ ആ പ്രകടനത്തെ നെഞ്ചോട് ചേര്‍ത്തു.
അശരണരായ നിരവധിപ്പേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ കലാഭവന്‍ മണിയോടുള്ള ആദരം പ്രകടിപ്പിക്കുക എന്നതായിരുന്നു ഇത്തരമൊരു ആശയം തെരെഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ശ്രീരാജ് ഏഷ്യാനെറ്റ് ന്യൂസ്.ടിവിയോട് പറഞ്ഞു. മത്സരത്തില്‍ ശ്രീരാജിന് എ ഗ്രേഡു ലഭിച്ചു. സ്കൂള്‍, സബ്ജില്ല, ജില്ല തലങ്ങളില്‍ ഇതേ നൃത്തത്തിന് തന്നെയായിരുന്നു ശ്രീരാജിന് ഒന്നാം സ്ഥാനം. മണിയോടുള്ള ആരാധനയാണ് ഇത്തരം ഒരു നൃത്തം തന്റെ നൃത്താദ്ധ്യാപകന് ചെയ്ത് തരാന് കാരണമെന്ന് ശ്രീരാജ് പറയുന്നു.
അതേ സമയം വിഷയ വൈവിദ്ധ്യത്താല്‍ വ്യത്യസ്ത പുലര്‍ത്തി ഹയര്‍സെക്കണ്ടറി വിഭാഗം ആണ്‍കുട്ടികളുടെ നാടോടിനൃത്തവേദി. കണ്ണൂരിന്‍റെ രാഷ്ട്രീയ ചരിതം , കാവുതീണ്ടുന്ന തെയ്യക്കോലങ്ങള്‍, വെളിച്ചപ്പാട് മുതല്‍ അസഹിഷ്ണുതയും രാജ്യസ്നേഹവും വരെ പുതിയ വിഷയങ്ങളായി എത്തി. 11 അപ്പീലുകള്‍ എത്തിയ മത്സരത്തില്‍ 25 പേര്‍ മത്സരിച്ചു. ഇതില്‍ ഏഴുപേര്‍ക്ക് ഒഴികെ എല്ലാര്‍ക്കും എ ഗ്രേഡ് കിട്ടി. കോഴിക്കോട് സാമൂതിരി എച്ച്എസ്എസിലെ ജിതിന്‍ ഗിരീഷിനാണ് ഒന്നാം സ്ഥാനം.
