വിപിന്‍ പാണപ്പുഴ
കണ്ണൂര്‍: തീപാറുന്ന വിഷയങ്ങളും തൊട്ടാല്‍ പൊള്ളുന്ന വിഷയങ്ങളും പൊട്ടിത്തെറിക്കുന്ന വേദിയായിരുന്നു ഹൈസ്കൂള്‍ വിഭാഗം മോണോ ആക്ട് മത്സരം. അവിടേക്കാണ് ഏറെ ആനുകാലിക പ്രസക്തിയുള്ള ഒരു വിഷയവുമായി വി എസ് നിരഞ്ജന്‍ കൃഷ്ണന്‍ വന്നത്. സാറ ജോസഫിന്‍റെ രാജ്യദ്രോഹിയെന്ന കഥയെ അടിസ്ഥാനമാക്കിയായിരുന്നു നിരഞ്ജന്‍റെ അഞ്ചുമിനുട്ട് നീണ്ട ഏകാഭിനയം. നോട്ട് നിരോധനം, സ്വശ്രയകോളേജ് വിഷയം, ദളിത് പീഡനം എല്ലാം മോണോ ആക്ടില്‍ നിറഞ്ഞ് നിന്നു. ഒടുവില്‍ എ ഗ്രേഡും നേടി.
കേരള മന്ത്രിസഭയിലെ കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്‍റെ മകനാണ് നിരഞ്ജന്‍. തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി. അപ്പീലിലൂടെയാണ് സംസ്ഥാന മത്സരത്തിന് എത്തിയത്. ജില്ല മത്സരത്തില്‍ മൂന്നാം സ്ഥാനമായിരുന്നു.
അച്ഛന്‍ മത്സരം കാണുവാന്‍ ഉണ്ടാകണമെന്ന് തോന്നിയോ എന്ന ചോദ്യത്തിന് അച്ഛന്‍റെ തിരക്കുകള്‍ എല്ലാം അറിയാം എന്ന് മറുപടി. അറാം ക്ലാസ് മുതല്‍ അഭിനയത്തില്‍ താത്പര്യം കാണിച്ചു തുടങ്ങിയ നിരഞ്ജന് ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ മാത്രം.
11 അപ്പീലുകള്‍ അടക്കം 25 പേരാണ് മോണോ ആക്ടില്‍ മത്സരിച്ചത്. എല്ലാവരും എഗ്രേഡ് നേടി. മികച്ച മത്സരമാണ് കുട്ടികള്‍ കാഴ്ചവച്ചത് എന്ന് വിധികര്‍ത്താക്കള്‍ പറയുന്നു. അനായസകരമായി ചെയ്യേണ്ട റോളുകള്‍ക്കു പോലും കൂടുതല്‍ ശ്രമം കൊടുക്കുന്ന പ്രവണത ഗുണകരമല്ലെന്നും ജഡ്‍ജസ് ചൂണ്ടിക്കാട്ടുന്നു. അതേ സമയം വിഷയ വൈവിദ്ധ്യവും ആനുകാലിക വിഷയങ്ങള്‍ സ്വീകരിക്കാനുള്ള താല്‍പ്പര്യവും വേദിയെ മനോഹരമാക്കി. തെയ്യവും, ജാതി വ്യവസ്ഥയ്ക്കെതിരെയുള്ള പോരാട്ടവും, നടന വിസ്മയം പിജെ ആന്‍റണിയുള്‍പ്പെടെയുള്ളവരുടെ ജീവിതവും റാഗിംങ്ങും അനാഥ വാര്‍ദ്ധക്യം പോലുള്ള പതിവു വിഷയങ്ങളും മോണോ ആക്ട് വേദിയിലെത്തി.
