സാധാരണമായി പോകാവുന്ന ഒരു വിഷയത്തിന്റെ മറ്റനേകം തലങ്ങളിലേക്ക് യാത്രചെയ്ത് സമകാലീന സംഭവങ്ങളെ കൂട്ടിവായിക്കുകയായിരുന്നു ഈ പെണ്‍കുട്ടി. അതിനാല്‍, മാവോയിസ്റ്റ് വേട്ട അടക്കമുള്ള സംഭവങ്ങള്‍ കൂടി കടന്നുവന്നു, നന്ദനയുടെ വാക്കുകളില്‍. മനുഷ്യാവകാശ നിഷേധങ്ങളെയും സാമൂഹ്യ അസമത്വങ്ങളെയും പ്രസംഗത്തില്‍ ഉള്‍ച്ചേര്‍ത്ത നന്ദനയെ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്. പതിനാറോളം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. 

സുകുമാര്‍ അഴീക്കോട് ആണ് നന്ദനയുടെ ഇഷ്ട പ്രാസംഗികന്‍. പാലക്കാട് നിന്നും എല്‍ഐസി ഏജന്റായ അച്ഛനും ഹയര്‍സെക്കന്ററി അദ്ധ്യാപികയായ അമ്മയ്ക്കും ഒപ്പമാണ് നന്ദന എത്തിയത്. പാലക്കാട് കലോത്സവത്തില്‍ 'കേരളം പിന്നിട്ട 60 വര്‍ഷങ്ങള്‍' എന്ന വിഷയത്തില്‍ പ്രസംഗിച്ച് ഒന്നാം സ്ഥാനം നേടിയാണ് നന്ദന കണ്ണൂരിലേക്ക് എത്തിയത്. 

പരന്ന വായനയാണ് പ്രസംഗത്തില്‍ നന്ദനയുടെ കരുത്ത്. പത്ര, ടിവി വാര്‍ത്തകള്‍ കാര്യമായി ശ്രദ്ധിക്കും. ആനുകാലികങ്ങള്‍ വായിക്കും. ഇവയെല്ലാം സൃഷ്ടിച്ച തോന്നലുകളാണ് പ്രസംഗ മല്‍സരത്തില്‍ സഹായിച്ചതെന്ന് നന്ദന പറയുന്നു. ഇത്തരം വിഷയങ്ങളില്‍ താല്‍പ്പര്യമുള്ള പിതാവാണ് പ്രചോദനം എന്ന് നന്ദന പറയുന്നു.