സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇക്കുറിയും പഴയിടം മോഹനന്‍ നമ്പൂതിരി സദ്യയൊരുക്കും. ഭക്ഷണത്തിന് കാല്‍ക്കോടി രൂപയുടെ ബജറ്റിന് സംഘാടക സമിതി അംഗീകാരം നല്‍കി. മേളയ്ക്ക് മൊത്തം ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ജനുവരി 16 മുതല്‍ 22 വരെ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ബജറ്റ് തയ്യാറായി. പഴയിടത്തിന്റെ രുചികൂട്ടുകള്‍ക്കായി ഇത്തവണ 25,00,000 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. 7 ദിവസം നടക്കുന്ന കൗമാര കലോത്സവത്തിന് ഏകദേശം 1.25 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് വിവിധ കമ്മിറ്റികള്‍ക്ക് വിഹിതം വെച്ചപ്പോള്‍ ഭക്ഷണ കമ്മിറ്റിക്കാണ് ഏറ്റവും കൂടുതല്‍ തുക വകയിരുത്തിയിട്ടുള്ളത്. ഇതുവരെ 20 സബ് കമ്മിറ്റികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്.

മേളയുടെ അരങ്ങ് ഒരുക്കുന്ന പന്തല്‍ സ്റ്റേജ് ലൈറ്റ് ആന്റ് സൗണ്ട് തുടങ്ങിയവയ്ക്കെല്ലാം കൂടി 48.50 ലക്ഷം രൂപയാണ് കണക്കാക്കുന്നത്.11,50,000 രൂപയാണ് മത്സരാര്‍ത്ഥികള്‍ക്ക് താമസിക്കാനുമുള്ള സൗകര്യങ്ങള്‍ക്ക് നീക്കിവെച്ചത്.

സ്വീകരണം ഒന്നരലക്ഷം, റജിസ്ട്രേഷന്‍ 60,000, പബ്ലിസിറ്റി ഒന്നരലക്ഷം, ട്രാന്‍സ്പോര്‍ട്ട് 3 ലക്ഷം, വെല്‍ഫെയര്‍ 1 ലക്ഷം, ഭക്ഷണം 25 ലക്ഷം, നിയമപരിപാലനം അരലക്ഷം, സാംസ്‌കാരിക ഘോഷയാത്രയ്ക്ക് 1.20 ലക്ഷം, സ്മരണിക 50,000, സായാഹ്ന സാംസ്‌കാരിക പരിപാടി 2,50,000, എക്സിബിഷന്‍ 60,000, മീഡിയ 10,000 എന്നിങ്ങനെയാണ് തുക കണക്കാക്കിയിട്ടുള്ളത്. ഗവ ട്രെയിനിംഗ് സ്‌കൂളിലാണ് അന്നപ്പുര. ഒരേസമയത്ത് 2500 പേര്‍ക്ക് ഭക്ഷണം വിളമ്പും.