വിപിന്‍ പാണപ്പുഴ


ഒരോരുത്തരും വലുതാകണമെങ്കില്‍ അവരുടെ മനസിന്‍റെ കനം കുറയ്ക്കണം- ചെറുതെങ്കിലും ഒരു സന്ദേശം നല്‍കിയാണ് പെരിങ്ങോട് എച്ച്എസ്എസിന്‍റെ വലുതാകാന്‍ ചെറുതാകണം എന്ന നാടകം സംസ്ഥാന കലോത്സവത്തിലെ ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത്. പെരിങ്ങോട് സ്കൂളിന്‍റെ പരിസരത്ത് നിന്ന് തന്നെയാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ നാടകത്തിന്‍റെ പാശ്ചാത്തലം തെരഞ്ഞെടുത്തത്. അതില്‍ കേന്ദ്രകഥയാ‍യി വന്നത് എട്ടാം ക്ലാസുകാരന്‍ അജ്മലിന്റെ അച്ഛന്റെ ജീവിതവും.

മുപ്പതിലേറെ നാടകങ്ങള്‍ അരങ്ങേറിയ ഹൈസ്കൂള്‍ വിഭാഗം മത്സരത്തില്‍ എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റിയതും അജ്മല്‍ തന്നെ. വലുതാകുവാന്‍ കുറേ ചെറുതാകണം എന്ന നാടകം അവസാനിച്ചപ്പോള്‍തന്നെ ക്യാമറകണ്ണുകളില്‍ അജ്മല്‍ പെട്ടിരുന്നു. നാടകത്തിന് ഒന്നാം സ്ഥാനം കിട്ടുമോ? പിന്നെയില്ലാതെ- അജ്മലിന് ഒരു സംശയവുമില്ലായിരുന്നു. അജ്മലിന്റെ ആത്മവിശ്വാസം വെറുതെയല്ലെന്ന് ശനിയാഴ്ച രാവിലെ നാടകത്തിന്‍റെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ബോധ്യമാവുകയും ചെയ്‍തു. നാടകം ഒന്നാം സ്ഥാനം നേടുക മാത്രമല്ല അജ്മല്‍ മികച്ച നടനുമായി.

മികച്ച നടനുള്ള സാധ്യതയുണ്ടെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. എനിക്കും അതില്‍ വിശ്വാസമുണ്ടായിരുന്നു. ജില്ലയില്‍ ഒന്നും കിട്ടിയില്ലെങ്കിലും സംസ്ഥനത്ത് കിട്ടിയല്ലോ- അജ്മല്‍ പറയുന്നു. അജ്മലിന്‍റെ നേട്ടത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. നാടകത്തില്‍ അജ്മല്‍ അഭിനയിച്ച റോളിന്‍റെ പേര് ഹസ്സന്‍, അദ്ദേഹം ഒരു പോത്ത് അറവുകാരനാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ അജ്മലിന്‍റെ ബാപ്പയുടെ പേരും ഹസ്സന്‍ തന്നെ. ജോലിയും ഇതുതന്നെ.

ഒരോ നാടകം ചെയ്യുമ്പോളും ചെയ്യുന്ന നാടിന്‍റെ പാശ്ചാത്തലത്തില്‍ നാടകം ചെയ്യാന്‍ താന്‍ ശ്രമിക്കാറുണ്ടെന്ന് സംവിധായകന്‍ പറയുന്നു. അജ്മലിന്റെ പിതാവിന്‍റെ പേരും പാശ്ചാത്തലവും അങ്ങനെയാണ് സ്വീകരിച്ചതെന്നും സംവിധായകന്‍ പറയുന്നു. ഇങ്ങനെ പേരും വേഷവും സ്വീകരിച്ചതില്‍ ബാപ്പയ്ക്ക് ഒരു പ്രശ്നവും ഇല്ലെന്ന് അജ്മലും പറയുന്നു.

അഭിനയം തുടരുമോ എന്ന് ചോദിച്ചാല്‍ അജ്മല്‍ അപ്പോള്‍ നല്‍കും മറുപടി. ഇനിക്ക് ഒരു സ്റ്റാര്‍ ആകണം. മോഹന്‍ലാല്‍ ആണ് അജ്മലിന്‍റെ ഇഷ്ടതാരം. പുലിമുരുകന്‍ കണ്ട് ത്രില്ലടിച്ചെന്ന് പറയുന്ന അജ്മല്‍ നാട്ടില്‍ എത്തിയാല്‍ മുന്തിരിവള്ളികള്‍ കാണണമെന്ന് പറയുന്നു. മോഹന്‍ലാലിനെ നേരിട്ടുകാണുക എന്നതും അജ്മലിന്‍റെ ഒരു ആഗ്രഹമാണ്.