വിപിന്‍ പാണപ്പുഴ

മണിക്കുറൂകളോളം വൈകുന്ന മത്സരങ്ങള്‍ പ്രേക്ഷകരെയും മത്സരാര്‍ത്ഥികളെയും വിഷമിപ്പിക്കുന്നുവെങ്കിലും മികച്ച മത്സരങ്ങള്‍ കേരളസ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനത്തെ ധന്യമാക്കി. മോഹിനിയാട്ടവും, കേരള നടനത്തിനും, കുച്ചിപുടിക്കും കാണികള്‍ കൂടിയപ്പോള്‍ ഒപ്പനയാണ് വൈകുന്നേരം പ്രധാന വേദിയായ നിളയെ പുരുഷാരമാക്കിയത്. രണ്ടാം ദിനത്തില്‍ അപ്പീലുകളുമായി എത്തിവരുടെ എണ്ണം അഞ്ഞൂറിനോട് അടുത്തു.

രണ്ടാം ദിനത്തില്‍ കണ്ണൂരിലെ വേദി കാത്തിരുന്ന ഒപ്പനയുടെ കൈതാളത്തിനാണ്. എന്നാല്‍ ഇതിന് മുന്‍പ് ഒന്നാം വേദിയില്‍ നടന്ന മത്സരം അവസാനിക്കാന്‍ സമയം നീണ്ടു. ഇതോടെ രണ്ട് മണിക്ക് തുടങ്ങേണ്ട ഹൈസ്‌കൂള്‍ ഒപ്പനകള്‍ വേദിയില്‍ എത്താന്‍ മണിക്കൂറുകള്‍ വൈകി. കേരളനടനവും കുച്ചുപ്പുടിയും അപ്പീല്‍ പ്രളയത്തില്‍ മുങ്ങിയെങ്കിലും മത്സരം മികച്ച നിലവാരം പുലര്‍ത്തിയെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍. 

ഗവ. വിഎച്ച്എസ്എസിലെ വേദിയില്‍ നടന്ന തുള്ളല്‍ മത്സരത്തിനും ചാക്യാര്‍ കൂത്തിനും മികച്ച കാണികളെയും നിറഞ്ഞ കൈയ്യടിയും ലഭിച്ചു. സെന്റ് മൈക്കിള്‍സിലെ കരമന വേദിയില്‍ രചനാ മത്സരങ്ങള്‍ക്കും തുടക്കമായാപ്പോള്‍, മൈം വേദിയില്‍ മികച്ച പ്രകടനങ്ങളാണ് ഇന്ന് ഉണ്ടായത്. നിളയില്‍ വൃന്ദവാദ്യം കാണികളെ കൂട്ടി. രണ്ടാം ദിനം അവസാനിക്കുമ്പോള്‍ 20 വേദികളിലായി 50 ഇനങ്ങള്‍ അരങ്ങേറി.