കണ്ണൂര്‍: കണ്ണൂരില്‍ ഇനി കലയുടെ പകലിരവുകള്‍. അമ്പത്തിയേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ വര്‍ണശബളമായ ഘോഷയാത്രയോടെ തുടക്കമായി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയ്‌ക്കാണ് കണ്ണൂരില്‍ തുടക്കമായത്. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്തുനിന്ന് ആരംഭിച്ച ഗോഷയാത്ര ഗായിക സയനോരയാണ് ഫ്ലാഗ് ഓഫ് ചെയ്‌തത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി ജയരാജന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവര്‍ ഘോഷയാത്രയ്‌ക്ക് നേതൃത്വം നല്‍കി. കേരളത്തിന്റെ കലാപാരമ്പര്യവും സാംസ്‌ക്കാരിക ഔന്നത്യവും വിളിച്ചോതുന്ന കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഉള്‍പ്പെടുന്നതായിരുന്നു ഘോഷയാത്ര. ഘോഷയാത്ര വീക്ഷഇക്കുന്നതിനായി നൂറുകണക്കിന് ആളുകളാണ് അണിനിരന്നത്. പ്രധാനവേദിയായ നിളയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെയാകും അമ്പത്തിയേഴാമത് സ്‌കൂള്‍ കലോത്സവത്തിനായി അരങ്ങുകള്‍ മിഴി തുറക്കുക. ഉദ്ഘാടനത്തിനുശേഷം നടക്കുന്ന ഹൈസ്‌കൂള്‍ വിഭാഗം കുച്ചുപ്പുടിയാണ് ആദ്യ മല്‍സരയിനം. ഹയര്‍ സെക്കന്‍ഡറി വിഭാഗം ഭരതനാട്യം, തിരുവാതിര, പഞ്ചവാദ്യം എന്നിവയിലും ഇന്ന് മല്‍സരങ്ങളുണ്ട്. ഹൈസ്‌കൂള്‍ വിഭാഗം അക്ഷരശ്ലോകം, സംസ്‌കൃതോത്സവത്തിന്റെ ഭാഗമായ ചമ്പു പ്രഭാഷണം മല്‍സരങ്ങളും ഇന്ന് നടക്കും. 10 വേദികളിലായാണ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്. കേരളത്തിലെ വിവിധ നദികളുടെ പേരിലാണ് വേദികള്‍ അറിയപ്പെടുന്നത്.
Latest Videos
