വിപിന്‍ പാണപ്പുഴ
ഹയര്‍സെക്കന്‍ററി വിഭാഗം പെണ്‍കുട്ടികളുടെ തുള്ളല്‍ മത്സരത്തില്‍ ഇത്തവണ പതിവില്‍ നിന്ന് വേറിട്ട ഒരിനമുണ്ടായിരുന്നു. തുള്ളല്‍ മത്സരം എന്നാല്‍ ഓട്ടൻ തുള്ളല്‍ മാത്രമല്ലെന്ന് എല്ലാവര്‍ക്കും മനസ്സിലായത് കൊല്ലം കടയ്ക്കല്‍ ജി എച്ച് എസ് എസിലെ ദേവിക അരങ്ങിലെത്തിയപ്പോള്‍ ആണ്.
തുള്ളല്‍ എന്നാല്‍ അത് വെറും ഓട്ടംതുള്ളല്‍ മാത്രമല്ല അത് പറയന്‍തുള്ളലും, ശീതങ്കംതുള്ളലുമാണ്. ഓര്‍മ്മിപ്പിക്കുന്നത് കടയ്ക്കല്‍ സ്വദേശി ദേവിക. സംഘാടകര്‍ പോലും മറന്ന കാര്യമാണ് അത്. പറയന്‍തുള്ളലും തുള്ളല്‍ കലാരൂപമാണ് എന്നത്.
തുള്ളല്‍കലാകാരിയായ ദൃശ്യ ഗോപിനാഥാണ് ദേവികയുടെ ഗുരു. പറയൻതുള്ളലിന്‍റെ വേഷവിധാനങ്ങളും ചമയച്ചായങ്ങളുമെല്ലാം ഓട്ടൻതുള്ളലില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. തുള്ളലിലെ വേഷം അനന്തനെ സങ്കൽപ്പിച്ചിട്ടുള്ളതാണ്. കണ്ണിനു പുരികമെഴുത്തു മാത്രമേ ഉള്ളു. കൈമെത്ത, അന്പാടി, ഉടുത്തുകെട്ട്, വലതുകാലിൽ ചിലന്പ്, കച്ചമണി എന്നിവയും ധരിക്കുന്നു. നടൻ നാഗപടത്തോടുകൂടിയുള്ള കിരീടമാണ് ധരിക്കുന്നത്
ദേവിക രണ്ടു വര്‍ഷം മുന്‍പ് സംസ്ഥാനകലോത്സവത്തില്‍ ശീതങ്കൻ തുള്ളലും അവതരിപ്പിച്ചിരുന്നു. സംസ്ഥാനസ്കൂള്‍ കലോത്സവം വെറും മത്സരവേദിമാത്രമല്ലെന്നും മറിച്ച് ചില കലാരൂപങ്ങളുടെ പുനരുജ്ജീവനത്തിനുള്ള അരങ്ങുകൂടിയാണെന്ന് വിളിച്ചുപറയുകയാണ് ദേവിക.
എന്താണ് പറയന്‍ തുള്ളല്‍?
പറയന്‍തുള്ളൽ രാവിലെ അരങ്ങേറുന്ന ഒരു തുള്ളൽ കലാരൂപമാണ്. മറ്റു തുള്ളലുകളെ അപേക്ഷിച്ച് പറയൻ തുള്ളലിന് പതിഞ്ഞ ഈണവും താളവുമാണുള്ളത്. മല്ലിക എന്ന സംസ്കൃതവൃത്തമാണ് ഇതിൽ കൂടുതലായും ഉപയോഗിക്കുന്നത്.
