വിപിൻ പാണപ്പുഴ

നൂറ്റിയൊന്ന് പവന്‍ തനിതങ്കത്തില്‍ തീര്‍ത്ത കിരീടമാണ് കേരള സ്കൂള്‍ കലോത്സവത്തിലെ ജേതാക്കള്‍ക്ക് സമ്മാനിക്കുന്നത്. കണ്ണൂരിലെ പോലീസ് പരേഡ് ഗ്രൌണ്ടില്‍ ആരാണ് കിരീടം ഉയര്‍ത്തുക എന്നതാണ് പ്രധാന ചോദ്യമായി ഉയരുന്നത്. എങ്കിലും പലര്‍ക്കും അറിയില്ല ഈ തങ്ക കിരീടത്തിന് പിന്നിലുള്ള കഥ. മലയാള സാഹിത്യത്തിന് മാമ്പഴത്തിന്‍റെ മധുരം നല്‍കിയ വൈലോപ്പള്ളി ശ്രീധര മേനോന്‍റെ ആശയമാണ് ഇന്ന് കേരള സ്കൂള്‍ കലോത്സവത്തിന്‍റെ തിലകക്കുറിയായ കിരീടം.

1985 കൊച്ചിയില്‍ രജതജൂബിലി കലോത്സവം നടക്കുമ്പോള്‍ മത്സരങ്ങള്‍ കാണുവാന്‍ എത്തിയതായിരുന്നു മലയാളത്തിന്‍റെ പ്രിയകവി വൈലോപ്പള്ളി ശ്രീധര മേനോന്‍. അന്ന് അതേസമയത്ത് തന്നെ നെഹ്റു ട്രോഫി സ്വര്‍ണ്ണക്കപ്പിനുള്ള ഫുട്ബോളും കൊച്ചിയില്‍ നടക്കുന്നത്. അവിടെ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള കാല്‍പ്പന്ത് ആവേശം മനസിലാക്കിയ വൈലോപ്പള്ളിയുടെ മനസില്‍ കലയ്ക്ക് വേണ്ടിയും ഒരു സ്വര്‍ണ്ണ കിരീടം വേണം എന്ന ചിന്ത ഉദിച്ചു. ഇത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടിഎം ജേക്കബ്ബുമായി വൈലോപ്പള്ളി പങ്കുവച്ചു. കവിയുടെ ആശയം മന്ത്രിക്കും ബോധിച്ചു.

അടുത്തകൊല്ലം പക്ഷേ ഈ ആശയം നടപ്പിലായില്ല. തുടര്‍ന്ന് വിദ്യാഭ്യാസ രംഗത്ത് വ്യാപകമായ ഒരു സംഭാവന പിരിവ് തന്നെ നടന്നു. കപ്പിന്‍റെ രൂപകല്‍പ്പന നടത്തിയത് ചിത്രകാരനായ ചിറയന്‍കീഴ് ശ്രീധരനാണ്. വിദ്യ, കല, നാദം എന്നിവയെ പ്രതിനിധികരിക്കുന്ന രീതിയിലായിരുന്ന സ്വര്‍ണ്ണകിരീടത്തിന്‍റെ രൂപകല്‍പ്പന. ഈട്ടിയില്‍ തീര്‍ത്ത പീഠത്തിന് മുകളില്‍ ഗ്രന്ഥവും അതിനുമേല്‍ വളയിട്ട കൈയ്യില്‍ വലംപിരിശംഖും ചിത്രീകരിച്ചതാണ് കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണ്ണ കിരീടം. 18 ഇഞ്ച് നീളവും 12 ഇഞ്ച് വീതിയും ഉണ്ട് സ്വര്‍ണ്ണ കിരീടത്തിന്. 1987 ല്‍ പത്തനംതിട്ടയിലെ ഷാലിമാര്‍ ജ്വല്ലറിയാണ് ഈ കപ്പ് നിര്‍മ്മിക്കാനുള്ള കരാര്‍ എടുത്തത്, പിന്നീട് കൊയമ്പത്തൂരിലെ മുത്തുസ്വാമി കോളനിയിലെ ടി വരദരാജനും, വി ദണ്ഡപാണിയും അടക്കം അഞ്ചുപേര്‍ ചേര്‍ന്ന് ഒന്നരമാസം എടുത്താണ് ഇത്തരത്തില്‍ ഒരു സ്വര്‍ണ്ണകിരീടം ഉണ്ടാക്കിയത്.

എന്നാല്‍ സ്വര്‍ണ്ണകിരീടം ആദ്യമായി ഏര്‍പ്പെടുത്തിയ 1987ലെ കോഴിക്കോട് കലോത്സവത്തില്‍ തന്നെ വിവാദമുണ്ടായി. വിദ്യഭ്യാസ മന്ത്രി ടി എം ജേക്കബിന്‍റെ പേര് അതില്‍ എഴുതിയതാണ് വിവാദമായത്. 1988 ല്‍ കൊല്ലത്ത് എത്തിയപ്പോള്‍ ഇത് മായിച്ചു കളഞ്ഞാണ് വിജയികള്‍ക്ക് കപ്പ് സമ്മാനിച്ചത്. 16 തവണ ഈ കപ്പ് നേടിയ കോഴിക്കോട് ആണ് ഏറ്റവും തവണ സ്വര്‍ണ്ണകിരീടം കൊണ്ടുപോയത്. അതില്‍ തന്നെ അമ്പതാം കലോത്സവത്തിന്‍റെ സമയത്ത് പിടിവലിയില്‍ കപ്പ് ഒടിഞ്ഞതും കോഴിക്കോട് വച്ച് തന്നെ.

ഇപ്പോഴും ഒരു ജില്ലാടീമിന് കിരീടം ലഭിച്ചാല്‍ അത് ഒരു ദിവസം മാത്രമേ ആ ടീമിന് കൂടെ ഉണ്ടാകൂ. പിന്നീട് ജേതാക്കളായ ജില്ലയുടെ ട്രഷറിയില്‍ അത് സൂക്ഷിക്കണം.