കണ്ണൂരാന്‍

ആരെയും കുറ്റം പറയാന്‍ സാധിക്കില്ല; പ്രത്യേകിച്ച് പിള്ളേരെ. കാരണം അവര്‍ക്ക് ഒന്നും അറിയണമെന്നില്ല. ആരുടെയൊക്കെയോ ചരടില്‍ കെട്ടി നൃത്തം വയ്ക്കേണ്ടി വരുന്ന ചിലര്‍ മാത്രമാണ് അവര്‍.

അത്തരത്തിലുള്ള അറിവില്ലായ്മകളെക്കുറിച്ച് ഒന്നുനോക്കാം എന്ന് കരുതിയാണ് കണ്ണൂരാന്‍ ഇന്നലെ ചമ്പു പ്രഭാഷണ വേദിയില്‍ എത്തിയത്. കണ്ണൂരാനും സംഭവം എന്താണെന്ന് കാര്യമായി അറിയില്ലെന്നതാണ് സത്യം. അപ്പോള്‍ മുന്നിലിരിക്കുന്ന ആളോടു തന്നെ ചോദിച്ചു. എന്താ കുട്ടി സംഭവം? ഫ്രണ്ട് മത്സരിക്കുന്നുണ്ട് ഒപ്പം വന്നതാ..ങേ.. അങ്ങനെയാണോ? ചോദിച്ചവരൊക്കെ ഇതുപോലെ തന്നെയാണ് മറുപടി പറയുന്നത്. അമ്മാവന്‍റെ മോളോ.. സ്വന്തം മോളോ ഒക്കെ മത്സരിക്കുന്നു. പക്ഷെ മത്സര ഇനം എന്താണ് എന്ന് അറിയില്ല. ഇങ്ങനെയൊക്കെ പോയാല്‍ ഇനി ജഡ്ജസിനോട് പോയി ചോദിക്കേണ്ടിവരുമല്ലോ.. അല്ലാ എന്താ സംഭവം?

എന്തായാലും അറിയാത്ത ഓഡിയന്‍സിന് മുന്നില്‍ അറിയുന്ന കുട്ടികള്‍ തകര്‍ത്തു. കലോത്സവത്തില്‍ ആദ്യം ഫലം വന്ന വിഷയങ്ങളില്‍ ഒന്ന് ചമ്പു പ്രഭാഷണം തന്നെ.

അതിരിക്കട്ടെ, ഒരു കലാരൂപം കാണുവാന്‍ അത് അറിയേണ്ടതുണ്ടോ എന്നതും ഒരു സാംസ്കാരിക വിഷയമാണ്. അതിനാല്‍ കണ്ണൂരാന്‍റെ വാക്കുകള്‍ ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ എടുക്കുക.