കണ്ണൂരാന്‍
ചാനലുകളാകട്ടെ പത്രങ്ങളാകട്ടെ, ബുധനാഴ്ച രാവിലെ വാര്‍ത്തകള്‍ പ്ലാന്‍ ചെയ്യുന്ന മീറ്റിംഗുകളില്‍ പ്രധാന ഐറ്റം നാടക വേദിയായിരുന്നു. പതിവുപോലെ അവിടെ വല്ലതും നടക്കും എന്നതായിരുന്നു പ്രതീക്ഷ. കേരളത്തിലെ പല ജില്ലകളിലും കലോത്സവം നടന്നിട്ടുണ്ട്, നാടക മത്സരങ്ങളും നടന്നിട്ടുണ്ട്. അവിടെല്ലാം ചെറിയ വഴക്ക് എങ്കിലും ഉണ്ടാകുന്നതാണ് പതിവ്. അതാണ് ഒരു തയ്യാറെടുപ്പിന് മാധ്യമങ്ങളെ പ്രേരിപ്പിച്ചത്.
എന്നാല്‍ കണ്ണൂരിലെ നാടകമത്സരം കാണുവാന്‍ തിരുവനന്തപുരത്ത് നിന്ന് എത്തിയ നാടകപ്രേമി കണ്ണൂരാനോട് പറഞ്ഞത് ഇങ്ങനെയാണ്. നന്ദി..കണ്ണൂരേ നന്ദി. അടിയും ബഹളവും ശബ്ദസംവിധാനത്തിലെ പ്രശ്നങ്ങളും ഇല്ലാതെ നാടക മത്സരം പൂര്‍ത്തിയാകുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്ന്ടിയാന്‍ പറയുന്നു.
പിന്നെ എടുത്തുപറയേണ്ടത് സദസ് തന്നെയാണ്. നാടക മത്സരത്തിന് സ്ഥിരമായി കാണികളാകുന്ന ഒരു വിഭാഗമുണ്ട്. അവര്‍ ഇത്തവണയും ഉണ്ടായിരുന്നു.. പക്ഷേ അതിനും അപ്പുറം സാധാരണക്കാരായ ഒരു പാടുപേര്‍, നാടക മത്സരം നടന്ന സെന്‍റ്മൈക്കിള്‍സിലെ വേദിയെ സന്പന്നമാക്കി. നല്ല നാടകങ്ങള്‍ക്ക് കയ്യടികിട്ടി.. ഒപ്പം കൂവി ഇരുത്തേണ്ടവയെ കൂവി ഇരുത്തി.
എന്ത് പറഞ്ഞാലും നാടകബോധം ഉള്ളവരെ പണിയേല്‍പ്പിച്ചുവെന്ന് സംഘാടക സമിതിക്ക് ആശ്വസിക്കാം. ഇത്തരത്തില്‍ എല്ലാം പണിയറിയുന്നവരുടെ കയ്യില്‍ എത്തിയാല്‍ കാര്യം വെടിപ്പാകും എന്നതില്‍ സംശയമൊന്നും വേണ്ട. ഉദാഹരണം ഇതാ നാടക വേദി.
