വിപിന്‍ പാണപ്പുഴ

സാമൂഹിക ബോധം, ഒപ്പം ഏതു സംഭവത്തോടും അതിവേഗത്തില്‍ പ്രതികരിക്കാനുള്ള ശേഷി എന്താ വല്ല യുദ്ധത്തിനും വേണ്ടിയാണോ എന്ന് ചോദിക്കരുത്. കാര്‍ട്ടൂണ്‍ മത്സരമാണ് ഉദ്ദേശിച്ചത്. പലരും പറയുന്നത് പോലെ എളുപ്പമുള്ള പണിയൊന്നും അല്ല ഇതെന്നാണ് ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ററി വിഭാഗങ്ങളില്‍ മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ പറയുന്നത്.

പഠിച്ചു വന്നത് തന്നെയാണ് മത്സരവിഷയവും എന്ന സന്തോഷത്തിലായിരുന്നു ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍. കള്ളപ്പണം എന്നാണ് അവര്‍ക്ക് കിട്ടിയ വിഷയം. നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞത്. ഒപ്പം ബാങ്കിന് മുന്നില്‍ ക്യൂനില്‍ക്കുന്നവരെ മറക്കാത്തവരും ഏറെയുണ്ടായിരുന്നു. തിരുവനന്തപുരം ഹോളി എയ്ഞ്ചല്‍സ് കോണ്‍വെന്‍റിലെ സെറ മറിയം ബിന്നിയാണ് ഒന്നാം സ്ഥാനം നേടിയത്.

ഹയര്‍സെക്കന്ററി വിഭാഗത്തിലുള്ളവരാണ് ശരിക്കും പെട്ടത്. ചക്രം എന്നതാണ് വിഷയം. അതിലേക്കും കുട്ടികള്‍ തിരഞ്ഞത് പ്രധാനമന്ത്രിയും നോട്ട് നിരോധനവും. ഉത്തര്‍പ്രദേശിലെ അഖിലേഷ് യാദവിനെയും പിതാവിനെയും ചിഹ്നമായ സൈക്കിളിനെയും ബന്ധിപ്പിച്ചവരും ഉണ്ടായിരുന്നു. എച്ച്ഐഎംഎച്ച്എസ്എസ് മഞ്ചേരിയിലെ മുഹമ്മദ് ഹിഷാം ടി ആണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയത്.