കണ്ണൂരാന്‍
എന്തെങ്കിലും വിരോധത്തില്‍ പറയുന്നതാണെന്ന് കരുതരുത്. കലോത്സവം കറന്‍സി രഹിതം തന്നെയാണ്. അതിന് ഡിജിറ്റല്‍ മേള എന്ന പേരും ചാര്‍ത്തി നല്‍കിയിട്ടുണ്ട്. പരമാവധി ഇടപാടുകള്‍ ക്യാഷ്‍ലെസായി നടത്താന്‍ തന്നെയാണ് കലോത്സവ കമ്മിറ്റിയുടെ തീരുമാനം എന്നാണ് കമ്മിറ്റിക്കാര്‍ കണ്ണൂരാനോട് പറഞ്ഞത്. അത് നല്ലതാണ് കാലത്തിന് ഒത്തുമാറ്റം വരണം. പിന്നെ വിധികര്‍ത്താക്കളുടെ പ്രതിഫലവും വിജയിച്ചാലുള്ള പിള്ളേരുടെ പ്രൈസ് മണിയും അക്കൌണ്ടില്‍ എത്തിക്കുന്നത് പൊളിച്ചു. ഇതൊക്കെ സൂപ്പറാണ്.
പക്ഷെ ഇതൊന്നും ആയിരുന്നില്ല ക്യാഷ്‍ലെസ് കലോത്സവ ഒരുക്കത്തിന്‍റെ അവസാന ദിവസം. ജനുവരി 15 ഞായറാഴ്ച കലോത്സവത്തിന്‍റെ പ്രധാന വേദിക്ക് ചുറ്റുമുള്ള ഒരു എടിഎമ്മിലും ചില്ലിക്കാശില്ലായിരുന്നു. പലതിന്‍റെയും ഷട്ടര്‍ വീണ കാഴ്ചയാണ് കണ്ടത്. ഇത് ചാനലുകള്‍ വാര്‍ത്തയും നല്‍കിയിട്ടുണ്ട്. അല്ല ഇതൊക്കെ പ്രശ്നമാണോ എന്ന് ചോദിച്ചാല്‍ പ്രശ്നം തന്നെയല്ലേ?.. സമീപവാസികളോട് ചോദിച്ചപ്പോഴും ഇതൊക്കെ തന്നെ മറുപടി- ആ തുറന്നാല്‍ തുറന്നു.
12,000 കുട്ടികള്‍, അവര്‍ക്ക് തുണവരുന്നവര്‍- ഏഴ് ദിവസത്തോളം ഒരു നഗരത്തില്‍ എത്തുന്പോള്‍ നടക്കുന്ന വിനിമയത്തിന് ആവശ്യമായ സൌകര്യം ഒരുക്കണം. അല്ല അത് ആര് നടത്തും? ഇതൊക്കെ പറഞ്ഞാല്‍ തമ്മില്‍ തമ്മില്‍ വിരല്‍ ചൂണ്ടും. എന്തായാലും കയ്യില്‍ ചില്ലറയില്ലാത്തവര്‍, കണ്ണൂര്‍ നഗരത്തിലെ എടിഎമ്മില്‍ നിന്നു പണം എടുക്കാം എന്നു കരുതി വന്നാല്‍.. കണ്ണൂര്..കലക്ട്രേറ്റ് മൈതാനം മുതല്‍ ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിവരെ കാണേണ്ടി വന്നേക്കാം.
അല്ല നിങ്ങള്‍ക്ക് മാത്രമല്ലേ പ്രശ്നം എന്ന് ചോദിക്കാന്‍ വരട്ടെ. പാചകപ്പുരയിലെ ചുമതലക്കാരന്‍ കണ്ണൂരാനോട് പങ്കുവച്ച ദു:ഖം ജില്ലാ മത്സരങ്ങളില്‍ പ്രതിഫലമായി ലഭിച്ച ചെക്ക് മാറ്റാന്‍ പറ്റത്ത കാര്യമാണ്.. പഴയ നോട്ട് പഴയിടത്തിനും പണിയായെന്ന് ചുരുക്കം.
