വിപിന്‍ പാണപ്പുഴ

കേരള സ്കൂള്‍ കലോത്സവത്തിന് ഒരു പകിട്ട് നല്‍കിയ സ്ഥാനങ്ങളായിരുന്നു കലാപ്രതിഭയും, കലാതിലകവും. എന്നാല്‍ ഒരു പതിറ്റാണ്ട് മുന്‍പ് കേരള കലോത്സവ ചരിത്രത്തില്‍ നിന്ന് ഈ രണ്ട് പട്ടങ്ങള്‍ ഇല്ലാതായി. സംസ്ഥാന സ്കൂൾ കലോത്സവത്തിന് കേരളപ്പിറവിയോളം പഴക്കമുണ്ടെങ്കിലും മലയാള നാടിന്‍റെ കൗമരകലയ്ക്ക് പ്രത്യേക കലാകീരിടങ്ങള്‍ നല്‍കാന്‍ തുടങ്ങിയത് 1986 മുതലാണ്.

കവി ചെമ്മനം ചാക്കോ, ഷാഹുൽ ഹമീദ് എന്നിവരാണ് മികച്ച പ്രകടനം കാഴ്ചവക്കുന്ന ആൺകുട്ടിക്ക് "കലാപ്രതിഭ" എന്ന പേരും പെൺകുട്ടിക്ക് കലാതിലകം എന്ന പേരും നിര്‍ദേശിച്ചത്. 1986ൽ സാംസ്കാരിക തലസ്ഥാനമായ തൃശൂരിലെ കലോത്സവവേദിയിൽ വച്ച് രണ്ട് യുവപ്രതിഭകൾ ആദ്യമായി ഈ പട്ടം സ്വീകരിച്ചു.

മികച്ച നർത്തകനും മലയാളിയുടെ പ്രിയതാരവുമായ വിനീതും താളം തെറ്റിയ താരാട്ട് എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുള്ള പൊന്നമ്പിളി അരവിന്ദുമായിരുന്നു ആദ്യത്തെ പ്രതിഭയും തിലകവും.

പിന്നെ ഓരോ വർഷവും ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന കലാകാരനും കലാകാരിയും ആരെന്നറിയാൻ കേരളം ആകാംക്ഷയോടെ കാത്തിരുന്നു. വിന്ദുജ മോനോനും, അമ്പിളിദേവിയും കലാതിലക നേട്ടത്തിൽ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിൽ എത്തിയവരാണ്. രണ്ടുതവണ തിലകം തൊട്ടത് ഒരാൾ മാത്രം .മലയാളിയുടെ സ്വന്തം മഞ്ജു വാര്യർ.

പട്ടത്തിന്‍റെയും തിലകത്തിന്‍റെയും തിളക്കം ഏറിയതോടെ മത്സരവും കടുത്തതായി. കലോത്സവവേദകൾ പതിയോ പതിയെ കലഹവോദികളായി. വിവാദങ്ങൾ ഏറി. ആക്ഷേപങ്ങളും ആരോപണങ്ങളും കൂടിയതോടെ 2006 മുതൽ കലാതിലക പ്രതിഭ പട്ടങ്ങൾ സർക്കാർ നിർത്തലാക്കി.

അങ്ങനെ 2005ലെ തിരൂർ വേദി അവസാന തിലകസമർപ്പണത്തിന്‍റെ വേദിയായി. കാസർകോട് ഉദിനൂർ ജിഎച്ച്എസ്എസിലെ ആതിര ആർ നാഥ് സംസ്ഥാനത്തെ അവസാന കലാതിലകമായി എന്നാല്‍ ആ വർഷം കലാപ്രതിഭ പട്ടത്തിന് ആരും അർഹരായില്ല. മികച്ച കലാകാരനും കലാകാരിക്കും പ്രത്യേക പുരസ്കാരം നൽകുന്ന രീതി നിർത്തലാക്കിയത് വേദകളിലെയും വേദികൾക്ക് പുറികിലെയും മത്സരവീര്യം ഒട്ടും ചോർത്തിയിട്ടില്ല എന്നാണ് തുടർന്നുവന്ന എല്ലാ കലോത്സവങ്ങളും തെളിയിച്ചത്.