വിപിന്‍ പാണപ്പുഴ
സ്കൂള്‍ കലോത്സവങ്ങള്‍ ഏറെ കണ്ട വ്യക്തിയാണ് നടന്‍ സന്തോഷ് കീഴാറ്റൂര്‍. നാടകത്തിന്‍റെ വേദിയില്‍ സുഫുടം ചെയ്ത ഈ അഭിനയ പ്രതിഭ ഇന്ന് വെള്ളിത്തിരയിലും സുപരിചിതന്‍. കണ്ണൂരിന്‍റെ ചലച്ചിത്രകാഴ്ചകളിലെ താരം വന്ന വഴി മറക്കാതെ സെന്‍റ് മൈക്കിള്‍സിലെ നാടവവേദിയില്‍ എത്തി, നാടകങ്ങള്‍ കണ്ടു. പരിചയക്കാരോട് സ്നേഹം പുതുക്കി. ഇന്ന് കണ്ട ഹയര്സെക്കന്ററി നാടക മത്സരത്തിനെക്കുറിച്ച് സന്തോഷ് കീഴാറ്റൂര്‍ asianetnesws.tvയോട് സംസാരിക്കുന്നു.
കണ്ണൂരിലെ സംഘാടനം
കലോത്സവത്തിലെ നാടകവേദിയില്‍ പ്രശ്നം എന്ന വാര്‍ത്ത എപ്പോഴും കേള്‍ക്കാറുണ്ട്. നടകം അവതരിപ്പിക്കാന്‍ കുട്ടികളുമായി പലപ്പോഴും സംസ്ഥാനതലത്തില്‍ എത്തിയ എനിക്ക് തന്നെ ഇത്തരം അനുഭവങ്ങളുണ്ട്. ഇതുവച്ച് നോക്കുന്പോള്‍ സെന്‍റ് മൈക്കിള്‍സിലെ സ്ഥിതി വളരെ മെച്ചപ്പെട്ടതാണ്. കണ്ണൂരിലെ പ്രബുദ്ധരായ നാടക സ്നേഹികളുടെ സാന്നിധ്യവും അവരുടെ സംഘാടക സമിതിയിലെ പ്രവേശനവുമാണ് ഇത് സാധ്യമാക്കിയത് എന്നാണ് ഞാന്‍ കരുതുന്നത്. എന്തായാലും നല്ല വേദിയും കാണികളുമാണ് കണ്ണൂര്‍ കലോത്സവം മികച്ചതാക്കുന്നത്.
മത്സരം നിരാശാജനകം
ഇന്ന് കണ്ട ഹയര്സെക്കന്ററി നാടക മത്സരം എന്നെ സംബന്ധിച്ചിടത്തോളം നിരാശ നിറഞ്ഞതാണ്. കാരണം പലപ്പോഴും കുട്ടികള്‍ ആരുടെയൊക്കെയോ ക്രിയകള്‍ ചെയ്തു തീര്‍ക്കുന്നതായാണ് തോന്നിയത്. കലോത്സവത്തില്‍ നാടകം, വേദിയില്‍ അവതരിപ്പിക്കുന്ന സര്‍ക്കസായി പരിണമിക്കുകയാണ് ചെയ്യുന്നത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് തീര്‍ത്തും സ്വഭാവികമായ ബിഹേവിംഗ് ആണ് ഞാന്‍ നാടകം ചെയ്യുന്പോഴും പ്രതീക്ഷിക്കാറുള്ളത്. കാണികളും ആ നിലവാരത്തിലാണ് ചിന്തിക്കാറ് എന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ ഇവിടെ വളരെ ദഹിക്കാന്‍ ബുദ്ധിമുട്ടായ കാര്യങ്ങളാണ് കാണുന്നത്. കുട്ടികള്‍ ഇങ്ങനെ ചെയ്യാമോ, എന്നൊന്നും ഞാന്‍ ചോദിക്കുന്നില്ല. കാരണം പണ്ട് പ്രീഡിഗ്രിയായിരുന്ന പ്രായത്തിലുള്ളവരാണ് ഇപ്പോള്‍ പ്ലസ്ടുക്കാരായി വരുന്നത്. അതിനാല്‍ അവരെ ചെറിയ കുട്ടികള്‍ എന്ന ഗണത്തില്‍ പെടുത്തേണ്ട. പക്ഷെ അവര്‍ അഭിനയിക്കുന്ന നാടകം ഒരു സ്കൂള്‍മേളയിലാണെന്ന് കാര്യം പരിഗണിക്കണം.
വിഷയങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍
ഇന്ന് നടന്ന ചില നാടകങ്ങള്‍ കണ്ടപ്പോള്‍ തോന്നിയത് സ്കൂളുകളും മറ്റും വിഷയങ്ങളില്‍ ഇടപെടല്‍ നടത്തുന്നില്ലെന്നാണ്. ഒരു സ്കൂള്‍ നാടകത്തില്‍ പാലിക്കേണ്ട ലഘുത്വം പലനാടകങ്ങളും കൈവിടുന്നതായാണ് തോന്നുന്നത്. ഒന്ന് രണ്ട് നാടകങ്ങള്‍ ഗൗരവമായ വിഷയം കൈകാര്യം ചെയ്യുകയും അത് നന്നായി അവതരിപ്പിക്കാനും അവര്‍ക്ക് സാധിച്ചു. കാണികളെ അറിഞ്ഞ് ചെയ്യുന്ന നാടകങ്ങള്‍ എന്നും വിജയം നേടും എന്നതാണ് അത്തരം നാടകങ്ങള്‍ക്ക് ലഭിക്കുന്ന നിറഞ്ഞ കൈയ്യടി.
കാണികള്‍..അത് കുട്ടികളുമാകണം
സെന്‍റ് മൈക്കിള്‍സില്‍ വലിയൊരു സദസുണ്ടായിരുന്നു. പക്ഷേ എല്ലാ നാടക പ്രേമികളും മുതിര്‍ന്നവരാണ്. ആ വേദിയില്‍ നാടകം കാണുന്ന കുട്ടികളെ അപൂര്‍വ്വമായേ ഞാന്‍ കണ്ടുള്ളൂ. കാണികളായി കുട്ടികളും വരണം. അവര്‍ക്ക് ആസ്വദിക്കാന്‍ പറ്റുന്ന വിഷയങ്ങള്‍ വേണം. അതു മാത്രമല്ല ഈ നാടകങ്ങള്‍ ഒരു കലോത്സവ വേദിയില്‍ അവസാനിക്കരുത്. അവധികാലത്ത് സര്‍ക്കാര്‍ ഇടപെട്ട് കലോത്സവ വേദിയില്‍ ആദ്യമെത്തുന്ന നാടകങ്ങള്‍ അവധിക്കാലത്ത് സംസ്ഥാനത്ത് പലഭാഗത്തും പ്രദര്‍ശിപ്പിക്കാന്‍ സാര്‍ക്കാര്‍ ഇടപെടണം എന്നാണ് എന്‍റെ അഭിപ്രായം. ഇതിലൂടെ മാത്രമേ കുട്ടികളുടെ തിയറ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തുടര്‍ച്ചയുണ്ടാകൂ.
മുന്‍പ് അണിയറയില്‍, ഇപ്പോള്‍ സെലിബ്രറ്റിയായി കലോത്സവ വേദിയില്‍
സെലിബ്രറ്റിയായി എത്തിയെന്ന തോന്നലൊന്നുമില്ല. നാടകമായിരുന്നു പതിറ്റാണ്ടായി ജീവിക്കാനുള്ള വഴി. അത് മറക്കാന്‍ സാധിക്കില്ല. കലോത്സവ വേദിയില്‍ എത്തുന്പോള്‍ നാടക സൌഹൃങ്ങള്‍ വീണ്ടും പുതുക്കാം. മുന്‍പ് എന്നെ തിരിച്ചറിയാത്തവര്‍ ഇപ്പോള്‍ തിരിച്ചറിയുന്നത് സന്തോഷമുള്ള കാര്യമാണ്. പുലിമുരുകനും മറ്റും കണ്ട കുട്ടികളും മറ്റുമാണ് സെലിബ്രറ്റിയെ പോലെ സമീപിക്കുന്നത്. നാട്ടുകാര്‍ക്കും, കണ്ണൂരിനും ഞാന്‍ പുതുമയല്ലല്ലോ.?
