വിപിന്‍ പാണപ്പുഴ

ലളിതഗാന മത്സരം ഇന്ന് താരതിളക്കമുള്ളതായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ മധുശ്രീ നാരായണന്‍ ആയിരുന്നു മത്സരവേദിയിലെ സ്റ്റാര്‍ കണ്ടസ്റ്റന്‍റ്. 16 പേരാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ നാലാമതായി മധുശ്രീ പാടി. മധുശ്രീയുടെ ഗാനത്തിന് ശേഷം അവരെ ചാനലുകള്‍ വളഞ്ഞു. തന്നെക്കാള്‍ നന്നായി പാടുന്ന ഗായികമാര്‍ ഉണ്ടെന്നാണ് മധുശ്രീ പറഞ്ഞത്. അത് സത്യവുമായിരുന്നു.

പതിനാറാമതായിരുന്നു കീര്‍ത്തന എത്തിയത്. കോഴിക്കോട് സില്‍വര്‍ ഹില്‍സ് ഹയര്‍സെക്കന്‍ററി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ കീര്‍ത്തന. മത്സരത്തില്‍ അവസാനക്കാരിയായി പാടിയ കീര്‍ത്തനയാണ് പക്ഷേ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ടിഎച്ച്എസ് അങ്ങാടിപ്പുറം, മലപ്പുറം വിദ്യാര്‍ത്ഥിനി നവനീത രണ്ടാം സ്ഥാനത്ത് എത്തി. കല്‍പ്പറ്റ ജിവിഎച്ച്എസിലെ അന്‍ഞ്ചലയാണ് മൂന്നാം സ്ഥാനം നേടിയത്. മധുശ്രീക്ക് എ ഗ്രേഡ് ഉണ്ട്.

ഏഷ്യാനെറ്റ് മുന്‍പ് നടത്തിയ മഞ്ച് സ്റ്റാര്‍സിംഗര്‍ ജൂനിയറിലെ മത്സരാര്‍ത്ഥിയായിരുന്നു കീര്‍ത്തന. മത്സരത്തില്‍ പങ്കെടുത്ത പതിനാറില്‍ പതിനാലുപേരും എ ഗ്രേഡ് നേടിയത് മത്സരം ഉന്നതനിലവാരം പുലര്‍ത്തുന്നതിന്‍റെ ഉദാഹരണമാണെന്ന് വിധികര്‍ത്താക്കള്‍ പറഞ്ഞു.