കണ്ണൂര്‍: കലോത്സവത്തിന്‍റെ എല്ലാ ആവേശവും അതിന്‍റെ കൊടുമുടിയില്‍ എത്തുകയാണ് മൂന്നാം ദിനത്തില്‍. പാലക്കാടാണ് ഇപ്പോള്‍ പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 211 പോയന്റാണ് പാലക്കാട് നേടിയിരിക്കുന്നത്. 205 പോയന്‍റ് നേടി കോഴിക്കോടാണ് രണ്ടാം സ്ഥാനത്ത്. ആതിഥേയരായ കണ്ണൂര്‍ മൂന്നാം സ്ഥാനത്ത് 204 പോയന്‍റുമായുണ്ട്.

മത്സരങ്ങളുടെ പകുതിപോലും പിന്നിടാത്ത സ്ഥിതിക്ക് മൂന്നാംദിനമായ ഇന്ന് പൊടിപാറും എന്ന് ഉറപ്പ്. കലാപ്രേമികളെ ആവേശത്തിലാക്കുന്ന ചില ഇനങ്ങളാണ് ഇന്ന് അരങ്ങിലെത്തുന്നത്. പ്രധാനമായും നാലാം വേദിയായ പമ്പയിലെ മിമിക്രി മത്സരങ്ങള്‍ കാണികളെ കൂട്ടും എന്നാണ് പ്രതീക്ഷ. ഒപ്പം മാര്‍ഗ്ഗംകളി, കേരളനടനം തുടങ്ങിയ മത്സരരങ്ങളും ഇന്ന് നടക്കും.

മഹത്തായ നാടക പാരമ്പര്യമുള്ള കണ്ണൂരില്‍ ഇന്നാണ് മലയാള നാടകത്തിന് തിരശ്ശീല ഉയരുന്നത്. ഹയര്‍സെക്കന്‍ററി നാടക മത്സരമാണ് സെന്‍റ്മൈക്കിള്‍സിലെ വേദിയില്‍ നടക്കുക. അത്യുത്തര കേരളത്തിന്‍റെ സ്വന്തം കലാരൂപം പൂരക്കളിയും ഇന്ന് ആളുകളെ ആകര്‍ഷിക്കുന്ന ഇനമാണ്. കഥാപ്രസംഗവും ഇന്ന് അരങ്ങിലെത്തും.