കണ്ണൂരാന്‍
കണ്ണൂരാന്‍, കലോത്സവ വേദിയില്‍ ഇറങ്ങുമ്പോള്‍ ആശങ്കകള്‍ ഒന്നും, ഇല്ല കേട്ടോ.. എന്തിനാണ് ഇങ്ങനെ മുന്‍കൂര്‍ ജാമ്യം എടുക്കുന്നത് എന്ന് ചിലര്‍ക്ക് എങ്കിലും സംശയം കാണും. പല ജില്ലയിലൂടെ സഞ്ചരിച്ച് ഇങ്ങ് വടക്കന്‍ മലബാറില്‍ എത്തുമ്പോള്‍, കണ്ണൂരാണ് കലോത്സവം എന്ന് കണ്ണൂരാന്‍ പലപ്പോഴും പറഞ്ഞു. കേള്‍ക്കുന്നവര്‍ പറയും കണ്ണൂരോ?. ഇത്തരത്തില്‍ ചോദിക്കുന്ന ആ ചോദ്യചിഹ്നം ഉണ്ടല്ലോ. ഇത് സമീപകാല സാമൂഹ്യവസ്ഥയില്‍ കണ്ണൂര്‍ ജില്ലയെക്കുറിച്ച് പലപ്പോഴും കേട്ടതാണ്. എന്നാല്‍ പറയാം ആതിഥ്യം, ആത്മാര്‍ത്ഥത എല്ലാം ചേര്‍ന്ന കണ്ണൂര് കിടിലന്‍ ആണ്, അതേ കണ്ണൂരാന്‍റെ ആദ്യ കാഴ്ചയില്‍ തന്നെ പറയുന്നു ഈ കലോത്സവം കണ്ണൂരുകാര്‍ പൊളിക്കും.
അപ്പോള്‍ പറയാന്‍ വരുന്നത് ജഡ്ജുമാരെക്കുറിച്ചാണ്. പഠിച്ചതും, കളിച്ചതും തെറ്റിപ്പോകാതെ വിജയം നേടിത്തരണേ എന്നാണ് ഒരോ കുട്ടിയും പ്രാര്‍ത്ഥിക്കുന്നതെങ്കില്‍ കസേരയ്ക്ക് പിന്നില്‍ വിജിലന്‍സ് ഉണ്ടാകല്ലേ എന്ന പ്രാര്‍ത്ഥനയിലാണ് കലോത്സവ വിധികര്‍ത്താക്കള്‍ എന്നാണ് കണ്ണൂരുന്ന് കേട്ട സംസാരം. അല്ലാ അത്രയും പരാതിയാണേ ജില്ല മേളകളില്‍ കേട്ടത്. റവന്യൂജില്ലാ കലോത്സവത്തിന് കണ്ണൂരിന്ന് അങ്ങ് കൊച്ചിയില്‍ മാര്‍ക്കിടാന്‍ പോയ ടിയാന്‍ ഫോണിലൂടെ രക്ഷിതാവിനോട് മൊഴിഞ്ഞത് മാര്‍ക്ക് കൂട്ടികിട്ടാന്‍ 50000 രൂപ വേണമെന്ന്. എന്തോ ബുദ്ധിമാനായ രക്ഷിതാവ് ഫോണ്‍ റെക്കോഡ് ചെയ്തു. ടിയാന്‍ പെട്ടു, കട്ടയും പടവും മടങ്ങി.
അങ്ങ് തെക്ക് ഒരു കലോത്സവത്തിന് വിധികര്‍ത്താവ് വിധിയും പറഞ്ഞു പോയി, എന്നാലും മത്സരാര്‍ത്ഥികളില്‍ ഒരാളുടെ പിതാവിന് വര്‍ണ്ണ്യത്തില്‍ ആശങ്ക. അങ്ങേരു തന്നെയാണോ ഇദ്ദേഹം എന്ന്. നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു, അല്ല സാറേ വിധിപറഞ്ഞത് ശരിയായില്ല.. എന്ത് വിധിയെന്ന് നാട്യശീരോമണിയായ അദ്ദഹം. കാര്യം അപ്പോഴാണ് പിടികിട്ടിയത് അദ്ദേഹത്തിന്‍റെ പേരില്‍ വിധി പറയാന്‍ ഇരുന്നത് വ്യാജനാണ്.ഇത്തരത്തില്‍ അനേകം കഥകളാല്‍ സമ്പന്നമാണ് റവന്യൂ ജില്ല മേളകള്‍. അതിനാല്‍ കണ്ണൂരില്‍ അല്‍പ്പം വിജിലന്‍റ് ആകുന്നത് നല്ലതാണ് എന്ന് അധികാരികള്‍ക്ക് തന്നെ തോന്നിയിട്ടുണ്ട്. അതിനാല്‍ പ്രത്യേക വിജിലന്‍സ് സംഘം തന്നെ കലോത്സവ വേദിയില്‍ കാണും എന്നാണ് റിപ്പോര്‍ട്ട്. പിന്നെ വിജിലന്‍സ് സാറുമാര്‍ മാത്രമല്ല രക്ഷിതാക്കളും അദ്ധ്യാപകരും ഒക്കെ ഇത്തിരി വിജിലന്‍സാണ് ശ്രദ്ധിച്ചാല്‍..കൊള്ളാം വിധികര്‍ത്താക്കളെ..!
