കണ്ണൂര്‍: കണ്ണൂരില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താനിടെ, സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന്റെ നാലാം ദിനം പുരോഗമിക്കുന്നു. നഗരത്തില്‍ ബസ് സര്‍വ്വീസുകളില്ലാത്തതും രാവിലെ ഹോട്ടലുകള്‍ പോലും തുറക്കാത്തതും വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും വലച്ചു. ഓട്ടോറിക്ഷകളും സര്‍വ്വീസ് നടത്താന്‍ മടിയ്ക്കുകയാണ്.
ഹര്‍ത്താല്‍ കലോത്സവ നടത്തിപ്പിനെ ബാധിക്കാതിരിക്കാന്‍ രാവിലെ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും പൊതുവിദ്യാഭ്യാസ ഡയറക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു. ജില്ലയിലെ ബി.ജെ.പി നേതൃത്വവുമായി സംഘാടക സമിതി ഫോണില്‍ സംസാരിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ വാഹനങ്ങള്‍ തടയരുതെന്ന് ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കലോത്സവവുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ തടയില്ലെന്ന് ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. രക്ഷിതാക്കള്‍ക്കുള്ള ഭക്ഷണം ഊട്ടുപുരയില്‍ ഒരുക്കുമെന്നും മന്ത്രി അറിയിച്ചു. ഉച്ചയോടെ നഗരത്തിലെ ഹോട്ടലുകള്‍ തുറക്കാനും ധാരണയായിട്ടുണ്ട്. അതേസമയം വേദികളില്‍ ഇന്ന് കാണികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. മിമിക്രിയും മോണോ ആക്ടുമടക്കമുള്ള ജനപ്രിയ മത്സര ഇനങ്ങള്‍ പോലും ശുഷ്കമായ സദസ്സിന് മുന്നിലാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത്.
