ആകാംക്ഷയോടെ രാജ്യം, ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിച്ച സ്പേഡെക്‌സ് ഉപഗ്രഹങ്ങള്‍ തമ്മിൽ ഊർജ്ജക്കൈമാറ്റം നടത്തുന്ന പരീക്ഷണം ഇന്ന്
ബെംഗളൂരു: ഇന്ത്യന്‍ ചരിത്രത്തിലെ കന്നി സ്പേസ് ഡോക്കിംഗ് പരീക്ഷണത്തിന്‍റെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിടുന്നത് കാത്ത് രാജ്യം. സ്പേഡെക്സ് പരീക്ഷണത്തിലെ ചേസർ, ടാർഗറ്റ് ഉപഗ്രഹങ്ങളുടെ നിയന്ത്രണം ഇപ്പോൾ പൂർണമായും ഒരു ഉപഗ്രഹം ഏറ്റെടുത്തിരിക്കുകയാണ്. ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിച്ച ഈ ഉപഗ്രഹങ്ങള്‍ തമ്മിൽ ഊർജ്ജക്കൈമാറ്റം നടത്തുന്ന പരീക്ഷണം ഇന്ന് നടക്കും. അതിന് ശേഷം ഉപഗ്രഹങ്ങൾ തമ്മിൽ വേർപ്പെടും. ബെംഗളൂരുവിലെ ഐഎസ്‌ആർഒ ട്രാക്കിംഗ് ടെലിമെട്രി ആൻഡ് കമാൻഡ് നെറ്റ്‌വര്‍ക്ക് ആസ്ഥാനത്ത് നിന്ന് ഉപഗ്രഹങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
മൂന്ന് വട്ടം മാറ്റിവയ്ക്കേണ്ടി വന്നെങ്കിലും പ്രശ്നങ്ങളെല്ലാം ഇഴകീറി പരിശോധിച്ച്, വേണ്ട മാറ്റങ്ങൾ വരുത്തി സങ്കീർണ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിച്ച് വിജയിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് ഐഎസ്ആർഒ ശാസ്ത്രജ്ഞർ. ഇതൊരു തുടക്കം മാത്രമാണ്. കൂടുതൽ സ്പേഡെക്സ് പരീക്ഷണങ്ങൾ അധികം വൈകാതെ നടക്കും. ഇപ്പോൾ പരീക്ഷിച്ച ഡോക്കിംഗ് സംവിധാനത്തിന് 450 മില്ലിമീറ്ററാണ് വ്യാസം. സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കുമ്പോൾ 800 മില്ലിമീറ്റർ വ്യാസമുള്ള ഡോക്കിംഗ് സംവിധാനമാകും ഉപയോഗിക്കുക. ചന്ദ്രയാൻ നാല് ദൗത്യത്തിലും ഡോക്കിംഗ് സാങ്കേതിക വിദ്യ നിർണായകമാണ്. വ്യത്യസ്ത മോഡ്യൂളുകളെ കൂട്ടിച്ചേർത്തും വേർപ്പെടുത്തിയും മാത്രമേ ചന്ദ്രയാൻ നാല് നടപ്പാക്കാൻ സാധിക്കുകയുള്ളൂ.
റഷ്യയും അമേരിക്കയും ചൈനയും മാത്രം കൈവശം വച്ചിരുന്ന സാങ്കേതിക വിദ്യയാണ് സ്പേഡെക്സ് സ്പേസ് ഡോക്കിംഗ് വിജയത്തോടെ ഇന്ത്യക്കും സ്വന്തമായത്. ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തം നിലയ്ക്ക് വികസിപ്പിച്ച് വിജയിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി. ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ വിജയകരമായി പ്രദർശിപ്പിച്ച ഐഎസ്ആർഒയെ രാഷ്ട്രപതി ദ്രൗപദി മുർമ്മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. ഡോക്കിംഗിന്‍റെ വരും അപ്ഡേറ്റുകളെ കുറിച്ചും ഏറെ ആകാംക്ഷയിലാണ് ബഹിരാകാശ നിരീക്ഷകര്‍.
Read more: സ്പേഡെക്സ് ഡോക്കിംഗ് വിജയം; പുതു ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒയുടെ 'ഉപഗ്രഹ ചുംബനം'
