Asianet News MalayalamAsianet News Malayalam

രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പം; ഓണദിനം ഭീമന്‍ ഛിന്നഗ്രഹം ഭൂമിക്കരികെയെത്തും; കരുതലോടെ നാസ

ഏകദേശം 60 നില കെട്ടിടത്തിന്‍റെ ഉയരത്തോളം വരുന്ന ഛിന്നഗ്രഹം ഭൂമിക്കടുത്തേക്ക് പാഞ്ഞടുക്കുന്നു, കനത്ത ജാഗ്രതയോടെ നാസ 

720 feet 2024 ON asteroid expected to make its closest approach to Earth on 2024 September 15
Author
First Published Sep 3, 2024, 12:34 PM IST | Last Updated Sep 3, 2024, 12:38 PM IST

കാലിഫോര്‍ണിയ: ഭീമന്‍ ഛിന്നഗ്രഹം ഭൂമിയോട് അടുക്കുന്നതായി മുന്നറിയിപ്പുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. '2024 ഒഎന്‍' (2024 ON) എന്ന് പേരിട്ടിരിക്കുന്ന ഛിന്നഗ്രഹം സെപ്റ്റംബര്‍ 15നാണ് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോവുക എന്നാണ് നാസയുടെ അനുമാനമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുണ്ട് എന്നതാണ് 2024 ON ഛിന്നഗ്രഹത്തെ സൂക്ഷ്‌മമായി നിരീക്ഷിക്കാന്‍ നാസയെ പ്രേരിപ്പിക്കുന്നത്. 

720 അടിയാണ് 2024 ON ഛിന്നഗ്രഹത്തിന്‍റെ വ്യാസം. ഏകദേശം 60 നില കെട്ടിടത്തിന്‍റെ ഉയരത്തോളം വരുമിത്. അടുത്ത് കാലത്ത് ഭൂമിക്ക് അരികിലൂടെ കടന്നുപോയ ഛിന്നഗ്രഹങ്ങളിലെ ഏറ്റവും വലുതാണിത്. ഭൂമിക്ക് അടുത്തെത്തുന്ന ബഹിരാകാശ വസ്‌തുക്കളെ നിരീക്ഷിക്കുന്ന നാസയുടെ നിയര്‍-എര്‍ത്ത് ഒബ്‌ജെക്റ്റ് ഒബ്‌സര്‍വേഷന്‍സ് പ്രോഗ്രാമാണ് 2024 ON ഛിന്നഗ്രഹത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. രണ്ട് ഫുട്ബോള്‍ സ്റ്റേഡിയങ്ങളുടെ വലിപ്പമുള്ള ഛിന്നഗ്രഹം ഈ സെപ്റ്റംബര്‍ 15ന് ഭൂമിക്ക് ഏറ്റവും അടുത്തുകൂടെ കടന്നുപോകും. എന്നാല്‍ ഛിന്നഗ്രഹം ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കില്ല എന്ന് നാസ കണക്കുകൂട്ടുന്നു. ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ 620,000 മൈലായിരിക്കും അകലം. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്‍റെ ഇരട്ടിയിലധികമാണിത്. മണിക്കൂറില്‍ 25,000 മൈല്‍ വേഗത്തിലുള്ള ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപാതയില്‍ നേരിയ വ്യത്യാസം വന്നാല്‍ അത് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. 

നാസയുടെ കാലിഫോര്‍ണിയയിലുള്ള ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോറട്ടറിയാണ് 2024 ON ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപാത പിന്തുടരുന്നത്. ഇതിനായി അത്യാധുനിക ഒപ്റ്റിക്കല്‍ ടെലസ്‌കോപ്പുകളും റഡാറുകളും ഉപയോഗിക്കുന്നു. 2024 ONന്‍റെ വലിപ്പം, ആകൃതി, ഘടന തുടങ്ങിയവയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇതുവഴി ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോറട്ടറിക്കാവും. ഭൂമിക്ക് ഭീഷണിയാവാന്‍ സാധ്യത കുറവാണെങ്കിലും 2024 ONനെ നാസ കനത്ത ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. 2024 ONനെ കുറിച്ച് പഠിക്കുന്നതില്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും വിവിധ സര്‍വകലാശാലകളും നാസയുമായി സഹകരിക്കുന്നുണ്ട്. 

Read more: ഭീമന്‍ ഛിന്നഗ്രഹം ഇന്ന് ഭൂമിക്കടുത്ത്, വേഗം മണിക്കൂറില്‍ 25,142 കിലോമീറ്റര്‍- മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios