Asianet News MalayalamAsianet News Malayalam

'എത്ര പേര്‍ക്ക് ഈ പരിപാടിയുടെ ആഴം മനസിലായിട്ടുണ്ടെന്നറിയില്ല'; 'മ്യൂസിയം ഓഫ് മൂണ്‍' കാണാന്‍ ക്ഷണിച്ച് മേയര്‍

യു.എസ് കോണ്‍സല്‍ ജനറല്‍ ക്രിസ്റ്റഫര്‍ ഹോഡ്ജസ് 'മ്യൂസിയം ഓഫ് മൂണ്‍' കാണുന്നതിന് ഇന്ന് രാത്രിയില്‍ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് മേയർ.

arya rajendran says about museum of the moon kerala joy
Author
First Published Dec 5, 2023, 5:55 PM IST

തിരുവനന്തപുരം: ആദ്യമായി കേരളത്തിലെത്തുന്ന ലോകപ്രശസ്തമായ മ്യൂസിയം ഓഫ് മൂണ്‍ ഇന്‍സ്റ്റലേഷന്‍ കാണാന്‍ ക്ഷണിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. ആര്‍ട്ടിസ്റ്റ് ലൂക് ജെറമിന്റെ മേല്‍നോട്ടത്തിലാണ് ഇന്‍സ്റ്റലേഷന്‍ സ്ഥാപിക്കുക. ഇന്ന് രാത്രി ഏഴു മണി മുതല്‍ നാളെ പുലര്‍ച്ചെ നാലുമണി വരെയാണ് പരിപാടി. ഏകദേശം മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തില്‍ 23 അടി വ്യാസമുള്ള ചന്ദ്രഗോളം ഉദിച്ചുയരുമെന്നും പ്രദര്‍ശനം സൗജന്യമാണെന്നും മേയര്‍ അറിയിച്ചു. 

ജനുവരിയില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായാണ് ഇന്‍സ്റ്റലേഷന്‍ കനകക്കുന്നില്‍ ഒരൊറ്റ രാത്രിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ചന്ദ്രോപഗ്രഹത്തില്‍ നാസ സ്ഥാപിച്ച ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ യഥാര്‍ഥ ചിത്രങ്ങള്‍ കൂട്ടിയിണക്കിയാണ് ലൂക് ജെറം, മ്യൂസിയം ഓഫ് ദ മൂണ്‍ ഉണ്ടാക്കിയിട്ടുള്ളത്. അവ ചേര്‍ത്ത് 23 മീറ്റര്‍ വിസ്താരമുള്ള ഹൈ റെസൊല്യൂഷന്‍ ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്‌ട്രോളജി സയന്‍സ് സെന്ററിലാണ്. ഇരുപതു വര്‍ഷത്തോളമുള്ള പരിശ്രമത്തിനൊടുവില്‍ 2016ലാണ് ലൂക് ജെറം ആദ്യപ്രദര്‍ശനം സംഘടിപ്പിച്ചത്. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട് നൂറിലേറെയിടങ്ങളില്‍ ഇത് പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു.

മേയറുടെ കുറിപ്പ്: ഇന്ന് രാത്രിയിലാണ് കനകക്കുന്നില്‍ ചന്ദ്രനിറങ്ങുന്നത്. ലോകപ്രശസ്തമായ 'മ്യൂസിയം ഓഫ് മൂണ്‍' ഇന്‍സ്റ്റലേഷന്‍ ആദ്യമായാണ് കേരളത്തിലെത്തുന്നത്. ആര്‍ട്ടിസ്റ്റ് ലൂക് ജെറം ഇന്നലെ തിരുവനന്തപുരത്തെത്തി പ്രദര്‍ശനസ്ഥലം പരിശോധിച്ചു. അദ്ദേഹത്തിന്റെ പൂര്‍ണമായ മേല്‍നോട്ടത്തിലാണ് ഇന്‍സ്റ്റലേഷന്‍ സ്ഥാപിക്കുക. ഡിസംബര്‍ അഞ്ച് ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് കനകക്കുന്നില്‍, (അഞ്ചാം തീയതി വൈകുന്നേരം 7 മണി മുതല്‍ ആറാം തീയതി വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണി വരെയാണ് പരിപാടി ) ഏതാണ്ട് മൂന്നുനില കെട്ടിടത്തിന്റെ ഉയരത്തില്‍ 23 അടി വ്യാസമുള്ള ചന്ദ്രഗോളം ഉദിച്ചുയരും. പരിപാടിയെപ്പറ്റി കേട്ടറിഞ്ഞവരില്‍നിന്ന് ഇതുവരെ ലഭിച്ച പ്രതികരണം അത്ഭുതപ്പെടുത്തുന്നതാണ്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലൂക് ജെറമിന്റെ പ്രഭാഷണത്തിന് അവസരം ലഭിക്കുമോ എന്ന് അന്വേഷിച്ചിരുന്നു. തിരുവനന്തപുരം സിഇടി, ഇന്റര്‍നാഷണല്‍ സ്‌കൂള്‍, പ്രിയദര്‍ശിനി പ്ലാനറ്റോറിയം എന്നിവിടങ്ങളില്‍ വരുംദിവസങ്ങളില്‍ ലൂക് ജെറം സംസാരിക്കുന്നുണ്ട്.  

ഏറെ സന്തോഷം നല്‍കുന്നത് അമേരിക്കന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള പ്രതികരണമാണ്. യു.എസ്. കോണ്‍സല്‍ ജനറല്‍ ക്രിസ്റ്റഫര്‍ ഹോഡ്ജസ് 'മ്യൂസിയം ഓഫ് മൂണ്‍' കാണുന്നതിന് ഇന്ന് രാത്രിയില്‍ ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ എത്രപേര്‍ക്ക് ഇപ്പോഴും ഈ പരിപാടിയുടെ ആഴം മനസ്സിലായിട്ടുണ്ടെന്നറിയില്ല. കാരണം പരമ്പരാഗത മാധ്യമങ്ങളുള്‍പ്പെടെ ഇതിനു നല്‍കിയിട്ടുള്ള പ്രചാരണം വളരെ പരിമിതമാണ്. ജനുവരിയില്‍ ആരംഭിക്കുന്ന ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയുടെ ആമുഖമായാണ് ഈ ഇന്‍സ്റ്റലേഷന്‍ കനകക്കുന്നില്‍ ഒരൊറ്റ രാത്രിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനം സൗജന്യമാണ്. ചന്ദ്രോപഗ്രഹത്തില്‍ നാസ സ്ഥാപിച്ച ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ പകര്‍ത്തിയ യഥാര്‍ഥ ചിത്രങ്ങള്‍ കൂട്ടിയിണക്കിയാണ് ലൂക് ജെറം, മ്യൂസിയം ഓഫ് ദ മൂണ്‍ ഉണ്ടാക്കിയിട്ടുള്ളത്. അവ ചേര്‍ത്ത് 23 മീറ്റര്‍ വിസ്താരമുള്ള ഹൈ റെസൊല്യൂഷന്‍ ചിത്രം തയ്യാറാക്കിയത് അമേരിക്കയിലെ അസ്‌ട്രോളജി സയന്‍സ് സെന്ററിലാണ്. ഇരുപതു വര്‍ഷത്തോളമുള്ള പരിശ്രമത്തിനൊടുവില്‍ 2016ലാണ് ലൂക് ജെറം ആദ്യപ്രദര്‍ശനം സംഘടിപ്പിച്ചത്. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ക്ഷണിക്കപ്പെട്ട് നൂറിലേറെയിടങ്ങളില്‍ ഇത് പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു. 

ഈ ചാന്ദ്രഗോളത്തിലെ ഓരോ സെന്റീമീറ്ററിലും കാണുന്നത് അഞ്ചു കിലോമീറ്റര്‍ ചന്ദ്രോപരിതലമായിരിക്കും. ഭൂമിയില്‍നിന്ന് മനുഷ്യര്‍ക്ക് ചന്ദ്രന്റെ ഒരു വശം മാത്രമേ കാണാനാവൂ. അങ്ങകലെ പരന്ന തളികപോലെമാത്രം കാണുന്ന ചന്ദ്രനെ ടെലിസ്‌കോപ്പിലൂടെ നോക്കിയാല്‍ കുറച്ച് അടുത്തും വലുതായും കാണാമെന്നല്ലാതെ ഗോളാകാരത്തില്‍ കാണുന്ന അനുഭവം ലഭിക്കില്ല. ഒരിക്കലും കാണാനാകാത്ത ചന്ദ്രന്റെ മറുപുറം ഉള്‍പ്പെടെ തനിരൂപത്തില്‍ ഗോളമായിത്തന്നെ തൊട്ടടുത്തു കാണാനുള്ള അവസരമാണ് മ്യൂസിയം ഓഫ് ദ മൂണ്‍ ഒരുക്കുന്നത്. 

മൂന്നുനിലക്കെട്ടിടത്തിന്റെ ഉയരത്തിലാണ് ഏഴുമീറ്റര്‍ വ്യാസമുള്ള ഈ ചാന്ദ്രഗോളം സ്ഥാപിക്കുക. ചന്ദ്രപ്രകാശത്തിനു സമാനമായ വെളിച്ചം ഉള്ളില്‍നിന്ന് ഉപരിതലത്തെ പ്രകാശപൂരിതമാക്കുന്നതിനാല്‍ പ്രകാശിക്കുന്ന ചന്ദ്രന്‍ കണ്‍മുന്നില്‍ നില്‍ക്കുന്ന അനുഭവമാണ് ലഭിക്കുക. ബാഫ്റ്റ് പുരസ്‌കാരം നേടിയ സംഗീതജ്ഞന്‍ ഡാന്‍ ജോണ്‍സ് ചിട്ടപ്പെടുത്തിയ സംഗീതവും പ്രദര്‍ശനത്തിനോടനുബന്ധിച്ച് പശ്ചാത്തലത്തിലുണ്ടാകും. 
വരിക, കൂട്ടുകാരേയും കുടുംബത്തേയും കൂട്ടി, ഈ അത്ഭുതക്കാഴ്ചയിലേക്ക്.

ന​ഗരജീവിതം എന്നാ ബോറിംഗാ; മലമുകളില്‍ മുളഷെഡ്ഡും കെട്ടി തനിച്ച് ജീവിക്കുന്ന ന്യൂജെന്‍ പയ്യന്‍ 
 

Latest Videos
Follow Us:
Download App:
  • android
  • ios