ഏകദേശം 335 മീറ്റര്‍ വ്യാസം കണക്കാക്കുന്ന ഈ ഭീമന്‍ ഛിന്നഗ്രഹം ഭൂമിക്ക് യാതൊരു ഭീഷണിയും സൃഷ്ടിക്കാതെ മെയ് 24ന് കടന്നുപോകുമെന്ന് നാസയുടെ നിരീക്ഷണം, എങ്കിലും ജാഗ്രത

കാലിഫോര്‍ണിയ: ആയിരക്കണക്കിന് അണുബോംബുകളുടെ പ്രഹരശേഷിയുള്ള ഛിന്നഗ്രഹം ഭൂമിക്ക് അരികിലേക്ക് കുതിച്ചെത്തുന്നു. ഏകദേശം 335 മീറ്റര്‍ വ്യാസം കണക്കാക്കുന്ന ഈ ഭീമന്‍ ഛിന്നഗ്രഹത്തിന്‍റെ പേര് Asteroid 2003 MH4 എന്നാണ്. മണിക്കൂറില്‍ ഏതാണ്ട് 50,000 കിലോമീറ്റര്‍ വേഗത്തിലാണ് ഈ ഛിന്നഗ്രഹത്തിന്‍റെ നിലവിലെ സഞ്ചാരം. അടുക്കിവച്ചിരിക്കുന്ന മൂന്ന് ഫുട്ബോള്‍ മൈതാനങ്ങളുടെ നീളം വരുന്ന 2003 എംഎച്ച്4 ഛിന്നഗ്രഹം മെയ് 24-ാം തീയതി ഭൂമിക്ക് അരികിലൂടെ സുരക്ഷിതമായി കന്നുപോകും എന്നാണ് അനുമാനം. 

2003 എംഎച്ച്4 ഛിന്നഗ്രഹം സെക്കന്‍ഡില്‍ 14 കിലോമീറ്റര്‍ എന്ന അതിവേഗത്തിലാണ് സഞ്ചരിക്കുന്നത്. ഭൂമിയില്‍ യാതൊരു പ്രത്യാഘാതവും സൃഷ്ടിക്കാതെ സുരക്ഷിത അകലത്തിലൂടെ ഛിന്നഗ്രഹം കടന്നുപോകുമെങ്കിലും അതിന്‍റെ വലിപ്പവും ആഘാതശേഷിയുമാണ് നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണം. നാസയുടെ നീയര്‍-എര്‍ത്ത് ഒബ്‌ജക്റ്റ് സ്റ്റഡീസ് Asteroid 2003 MH4 ഛിന്നഗ്രഹത്തിന്‍റെ സഞ്ചാരപാത നിരീക്ഷിച്ചുവരികയാണ്. മെയ് 24-ാം തിയതി ഭൂമിക്ക് ഏറ്റവും അടുത്തെത്തുമ്പോള്‍ പോലും 2003 MH4 ഛിന്നഗ്രഹവും നമ്മുടെ ഗ്രഹവും തമ്മില്‍ 6.68 ദശലക്ഷം കിലോമീറ്ററുകളുടെ അകലമുണ്ടായിരിക്കും എന്നാണ് നാസ കണക്കുകൂട്ടുന്നത്. 

ഭൂമിക്ക് 7.5 ദശലക്ഷം കിലോമീറ്റര്‍ വരെ അടുത്തുവരുന്ന 150 മീറ്ററിലധികം വലിപ്പമുള്ള അപകടകരമായ ഛിന്നഗ്രഹങ്ങളുടെ പട്ടികയിലാണ് Asteroid 2003 MH4-ന്‍റെ സ്ഥാനം. 2003 എംഎച്ച്4 ഛിന്നഗ്രഹം നിലവില്‍ സുരക്ഷിതമായ അകലത്തിലാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെങ്കിലും ഗുരുത്വാകര്‍ഷണമോ മറ്റെന്തെങ്കിലും പ്രതിഭാസമോ മൂലം ഏതെങ്കിലും വിധത്തില്‍ സഞ്ചാരപാതയില്‍ വ്യതിയാനം ഉണ്ടായാല്‍, ഭൂമിക്ക് അപകടകരമാകും എന്നതിനാലാണ് ഈ ഛിന്നഗ്രഹത്തെ ബഹിരാകാശ ഏജന്‍സികള്‍ വിടാതെ പിന്തുടരുന്നത്. ഈ ഛിന്നഗ്രഹത്തിന്‍റെ രൂപവും ഗാഢതയും നിരീക്ഷണ ഘടകങ്ങളിലുണ്ട്. 

ഭൂമിയുടെ ഭ്രമണപഥം മുറിച്ചുകടക്കുന്ന അപ്പോളോ ആസ്‌ട്രോയ്ഡ് സംഘത്തിലാണ് Asteroid 2003 MH4-ന്‍റെ സ്ഥാനം. ഇക്കൂട്ടത്തിലെ ഛിന്നഗ്രഹങ്ങള്‍ ചിലപ്പോള്‍ ഭൂമിക്ക് വളരെ അടുത്ത് എത്തിയേക്കാം. 2003 എംഎച്ച്4 ഛിന്നഗ്രഹം നിലവില്‍ ഭൂമിക്ക് യാതൊരു ഭീഷണിയുമല്ലെങ്കിലും പ്ലാനറ്ററി ഡിഫന്‍സ് രംഗത്തിന്‍റെ പ്രധാന്യം ലോകത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്. ഇത്രയേറെ വലിപ്പമുള്ള ഛിന്നഗ്രഹങ്ങള്‍ക്ക് ആയിരക്കണക്കിന് ആറ്റംബോംബുകളുടെയെങ്കിലും സംഹാരശേഷിയുണ്ട്. ഇവയുടെ കൂട്ടിയിടി വലിയ അഗ്നിബാധയ്ക്കും ഭൂമികുലുക്കത്തിനും സുനാമിക്കും വരെ കാരണമായേക്കാവുന്നതാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം