ഭാവിയില്‍ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളിലൊന്നാണ് ബെന്നു, സൗരയൂഥത്തിന്‍റെയും ഭൂമിയുടെയും ഉത്ഭവത്തെ കുറിച്ച് മനസിലാക്കാന്‍ നിര്‍ണായകമാണ് ബെന്നുവിലെ പഠനം
അരിസോണ: സൗരയൂഥം രൂപംകൊള്ളുന്നതിന് മുമ്പുള്ള നക്ഷത്രധൂളികള്‍ ബെന്നു ഛിന്നഗ്രഹത്തിലുണ്ടെന്ന് (101955 Bennu) തിരിച്ചറിഞ്ഞ് ഗവേഷകര്‍. ശ്രദ്ധേയമായ ഒരുകൂട്ടം ഘടകങ്ങള്‍ ബെന്നു ഛിന്നഗ്രഹത്തിന്‍റെ സാംപിളില്‍ അടങ്ങിയിരിക്കുന്നു എന്നാണ് ബെന്നുവിന്‍റെ സാംപിള്‍ പരിശോധിക്കുന്ന ഗവേഷകരുടെ വാക്കുകള്‍. ഈ പദാര്‍ഥങ്ങളില്‍ ചിലതാണ് സൂര്യന്‍ രൂപപ്പെടുന്നതിനും മുമ്പുള്ളത്. സൗരയൂഥത്തിന്‍റെ ആദ്യകാലത്തെ കുറിച്ച് സൂചനകള്‍ നല്‍കാന്‍ ഈ ബെന്നു സാംപിളുകള്‍ക്കാകും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
കൗതുകമുണര്‍ത്തി ബെന്നുവിലെ പഠനം
നമ്മുടെ സൗരയൂഥത്തിന്‍റെ പ്രാരംഭ ഘട്ടത്തിലുണ്ടായിരുന്ന ഘടകങ്ങളുടെ ഒരു കൂട്ടമാണ് ബെന്നു ഛിന്നഗ്രഹം എന്ന അറിവ് കൗതുകകരമാണ്- എന്ന് ബെന്നു സാംപിളുകളുടെ ഗവേഷകയും പഠനങ്ങളുടെ രചയിതാവുമായ അരിസോണ സര്‍വകലാശാലയിലെ പിയറി ഹെയ്‌നെകോർ സ്പേസ് ഡോട് കോമിനോട് പറഞ്ഞു. സൗരയൂഥത്തില്‍ എല്ലായിടത്തുമുണ്ടായിരുന്ന വസ്തുക്കളുടെ അവശിഷ്‌ടങ്ങള്‍ ബെന്നുവിലുണ്ട്. കടുത്ത ചൂടിനെയും വെള്ളവുമായുള്ള പ്രതിപ്രവർത്തനങ്ങളെയും അതിജീവിച്ച ഇവ മാതൃഗ്രഹവുമായുള്ള കൂട്ടിയിടി ഉള്‍പ്പടെയുള്ള ഇംപാക്‌ട് ഇവന്‍റുകളെയും അതിജീവിച്ചവയാണ് എന്നും പിയറി ഹെയ്‌നെകോർ വ്യക്തമാക്കി.
2016ല്‍ ഭൂമിയില്‍ നിന്നയച്ച് ബെന്നു ഛിന്നഗ്രഹത്തില്‍ 2020ല്‍ ഇറങ്ങിയ നാസയുടെ OSIRIS-REx ബഹിരാകാശ പേടകമാണ് സാംപിളുകള്‍ ശേഖരിച്ചത്. ഈ സാംപിളുകളില്‍ നമ്മുടെ സൗരയൂഥത്തിൽ രൂപംകൊണ്ട പൊടി, നക്ഷത്രാന്തര ബഹിരാകാശത്ത് നിന്നുള്ള ജൈവവസ്‌തുക്കൾ, സൂര്യനെക്കാൾ പഴക്കമുള്ള നക്ഷത്രധൂളി എന്നിവ അടങ്ങിയിരിക്കുന്നു. സൗരയൂഥത്തിന്‍റെ ആദ്യകാല ചരിത്രം മനസിലാക്കുകയും ബെന്നു ഛിന്നഗ്രഹം ഭൂമിക്ക് ഉയര്‍ത്തുന്ന ഭീഷണിക്ക് പ്രതിരോധം തീര്‍ക്കുകയും ലക്ഷ്യമിട്ടാണ് OSIRIS-REx ബഹിരാകാശ പേടകത്തെ നാസ ബെന്നുവിലേക്ക് അയച്ചത്. ഭൂമിയിലെ ജീവന്‍റെ ഉത്ഭവത്തെ കുറിച്ച് നിര്‍ണായക സൂചനകള്‍ ബെന്നു നല്‍കുമെന്നും ശാസ്ത്രലോകം കണക്കുകൂട്ടുന്നു.
എന്താണ് ബെന്നു ഛിന്നഗ്രഹം?
നാസ അടക്കമുള്ള ബഹിരാകാശ ഏജന്‍സികള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന നിയര്‍-എര്‍ത്ത് ഉപഗ്രഹമാണ് ബെന്നു. 2182ല്‍ ഭൂമിയിലെ ഇടിക്കാന്‍ സാധ്യതയുള്ളതാണ് ഈ ഛിന്നഗ്രഹത്തെ ഏറ്റവും ചര്‍ച്ചയാക്കുന്നത്. ഭൂമിയുമായി കൂട്ടിയിടിക്കാന്‍ വളരെ നേരിയ സാധ്യതയാണ് പറയപ്പെടുന്നതെങ്കിലും ആ അപകട ഭീഷണി ഒഴിവാക്കാനുള്ള ശ്രമങ്ങളിലാണ് നാസ. ന്യൂയോര്‍ക്കിലെ എംപയര്‍ സ്റ്റേറ്റ് കെട്ടിടത്തിന്‍റെ വലിപ്പമുള്ള (ഏകദേശം 500 മീറ്റര്‍) ബെന്നു ഛിന്നഗ്രഹത്തിന് 4.5 ബില്യണ്‍ വര്‍ഷത്തിലേറെ പഴക്കം കണക്കാക്കുന്നു. അപ്പോളോ ഗ്രൂപ്പില്‍പ്പെട്ട കാര്‍ബണൈസ്‌ഡ് ഛിന്നഗ്രഹമായ ബെന്നു 1991ലാണ് കണ്ടെത്തിയത്.


