ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് ഛിന്നഗ്രങ്ങള്‍ പതിച്ച് ഗര്‍ത്തങ്ങളുണ്ടായി, സുനാമിയുണ്ടായി, പക്ഷേ...ഭൂമിയിലെ കാലാവസ്ഥ തകിടംമറിഞ്ഞില്ല എന്ന് കണ്ടെത്തല്‍

25,000 വര്‍ഷത്തിനിടെ പതിച്ച രണ്ട് കൂറ്റന്‍ ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങളൊന്നും സൃഷ്ടിച്ചില്ല എന്ന് വിലയിരുത്തല്‍. ഇന്നത്തെ റഷ്യയുടെ ഭാഗത്തും അമേരിക്കയുടെ കിഴക്കന്‍ തീരത്തും പതിച്ച ഛിന്നഗ്രഹങ്ങളെ കുറിച്ചാണ് പഠനം. കാലാവസ്ഥ മാറ്റമടക്കമുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ കൂട്ടിയിടിയെ തുടര്‍ന്ന് ഭൂമിയില്‍ ഈ ഛിന്നഗ്രഹങ്ങള്‍ സൃഷ്ടിച്ചിരിക്കാം എന്ന മുന്‍ അനുമാനം തെറ്റിക്കുകയാണ് പുതിയ കണ്ടെത്തല്‍. 

ഇരുപത്തിയയ്യായിരം വര്‍ഷത്തിനിടെ രണ്ട് പടുകൂറ്റന്‍ ഛിന്നഗ്രഹങ്ങളാണ് ഭൂമിയില്‍ പതിച്ചത്. ഇവയില്‍ ആദ്യത്തേത് ഇന്നത്തെ റഷ്യയില്‍ 60 മൈല്‍ വ്യാസമുള്ള വലിയ ഗര്‍ത്തത്തിന് കാരണമായി. അമേരിക്കയുടെ കിഴക്കന്‍ തീരത്ത് ചെസാപീക്ക് ബേയില്‍ 36 മില്യണ്‍ വര്‍ഷം മുമ്പായിരുന്നു രണ്ടാമത്തെ ഛിന്നഗ്രഹം പതിച്ചത്. ഭൂമിയില്‍ ഛിന്നഗ്രഹം പതിച്ച് സൃഷ്ടിക്കപ്പെട്ട ഏറ്റവും ഭീമാകാരമായ ഗര്‍ത്തങ്ങളില്‍ രണ്ടെണ്ണമാണ് ഇവയെങ്കിലും ഈ കൂട്ടിയിടി പിന്നീടുള്ള 150,000 വര്‍ഷങ്ങളില്‍ ഭൂമിയില്‍ വലിയ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമായില്ല എന്ന് കമ്യൂണിക്കേഷന്‍സ് എര്‍ത്ത് ആന്‍ഡ് എന്‍വിയോണ്‍മെന്‍റില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ചെസാപീക്ക് ബേയിലെ കടല്‍ത്തട്ടില്‍ ഛിന്നഗ്രഹം പതിച്ചുണ്ടായ ഗര്‍ത്തത്തില്‍ നിന്ന് കണ്ടെത്തിയ ഫോസിലുകള്‍ പരിശോധിച്ചാണ് ഗവേഷകര്‍ നിഗമനങ്ങളിലേക്കെത്തിയത്. 

Read more: പ്രവചനം കിറുകൃത്യം, റഷ്യക്ക് മുകളില്‍ ഛിന്നഗ്രഹം തീഗോളമായി; ആകാശത്ത് വെള്ളിടിപോലെ തീജ്വാല

എന്നാല്‍ ഛിന്നഗ്രഹങ്ങള്‍ ഭൂമിയില്‍ പതിച്ചതിന്‍റെ ദീര്‍ഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് മാത്രമാണ് പഠിച്ചതെന്നും പത്തോ നൂറോ വര്‍ഷങ്ങളുടെ ചെറിയ കാലയളവില്‍ വലിയ ആഘാതം ഇവ സൃഷ്ടിച്ചിരുന്നിരിക്കാം എന്നും ഗവേഷകര്‍ അടിവരയിട്ട് പറയുന്നു. ഛിന്നഗ്രഹങ്ങളുടെ പതനത്തെ തുടര്‍ന്ന് ഭൂമിയില്‍ ഉടനടിയുണ്ടായ അനന്തരഫലങ്ങൾ വിനാശകരമായിരിക്കാം എന്ന് ഗവേഷകര്‍ ഉറപ്പിക്കുന്നു. അഞ്ച് മൈല്‍ വ്യാസമുള്ള ഛിന്നഗ്രഹങ്ങളായിരിക്കും പതിച്ചത്. ഇവ വലിയ ഗര്‍ത്തങ്ങള്‍ക്ക് കാരണമായി. ഛിന്നഗ്രഹം ഭൂമിയില്‍ കൂട്ടിയിടിക്കുമ്പോഴുണ്ടാകുന്ന ആഘാതം എത്ര ശക്തമാണെന്നതിന് ഇത് തെളിവാണ്. ഛിന്നഗ്രഹങ്ങളുടെ പതനം തീപ്പിടുത്തത്തിനും വായുവില്‍ പൊടിപടലങ്ങളുടെ മേഘക്കൂട്ടത്തിനും സുനാമിക്കും കാരണമായിട്ടുണ്ടാകും എന്ന് ഗവേഷകര്‍ ഉറപ്പിക്കുന്നു. 

Read more: അഭിമാനമായി പിഎസ്എല്‍വി; പ്രോബ-3 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു, കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചുള്ള പരീക്ഷണം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം