സൗരയൂഥത്തിന് പുറത്തെ 'ശിശു'; ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ കണ്ടെത്തി, പഴക്കം വെറും 30 ലക്ഷം വര്‍ഷം
മൂന്ന് ദശലക്ഷം വര്‍ഷം പഴക്കം കണക്കാക്കുന്ന ഈ ഗ്രഹം ഇപ്പോഴും അതിന്‍റെ ശൈശവദശയില്‍ തന്നെയെന്ന് ഗവേഷകര്‍
നോര്‍ത്ത് കരോലിന: ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹത്തെ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തി. ഏകദേശം മൂന്ന് ദശലക്ഷം (30 ലക്ഷം) വർഷം മാത്രം പ്രായമുള്ള ഈ എക്‌സോപ്ലാനറ്റിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര് TIDYE-1b അഥവാ IRAS 04125+2902 b എന്നാണ്.
മനുഷ്യന്‍ ഇതുവരെ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ഗ്രഹമാണ് TIDYE-1b എന്നാണ് നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകര്‍ വിവരിക്കുന്നത്. നാസയുടെ ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വെ സാറ്റ്‌ലൈറ്റ് ഉപയോഗിച്ചാണ് ഈ കുട്ടി ഗ്രഹത്തെ സൗരയൂഥത്തിന് പുറത്തുവച്ച് കണ്ടെത്തിയത്. വെറും 30 ലക്ഷം വര്‍ഷത്തെ പ്രായം കണക്കാക്കുന്ന ഈ ഗ്രഹം ഇപ്പോഴും അതിന്‍റെ ശൈശവദശയില്‍ തന്നെയാണ് എന്ന് ഗവേഷകര്‍ വാദിക്കുന്നു. TIDYE-1bന്‍റെ കണ്ടെത്തലിനെ കുറിച്ചുള്ള പഠനം നേച്ചര്‍ ജേണലില്‍ നവംബര്‍ 20ന് പ്രസിദ്ധീകരിച്ചു. നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥിയായ മാഡിസണ്‍ ബാര്‍ബര്‍ ആണ് ഈ ഗവേഷണ പ്രബന്ധത്തിന്‍റെ പ്രധാന രചയിതാവ്.
Read more: 'എല്ലാവർക്കും നന്ദി'; ബഹിരാകാശത്ത് താങ്ക്സ് ഗിവിങ് ഡേ ആഘോഷമാക്കി സുനിത വില്യംസും സംഘവും
10 മുതല്‍ 40 ദശലക്ഷം വരെ പ്രായമുള്ള ഒരു ഡസണിലേറെ ഗ്രഹങ്ങളെ ട്രാന്‍സിറ്റ് രീതി വഴി മുമ്പ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇവയില്‍ ഏറ്റവും ഇളയ ഗ്രഹം TIDYE-1b ആണ്. TIDYE-1b ഗ്രഹത്തെ കുറിച്ചുള്ള പഠനം, ഒരു ഗ്രഹം രൂപപ്പെടുന്നതിന്‍റെ ആരംഭ കാലഘട്ടങ്ങളെ കുറിച്ച് സുപ്രധാന വിവരങ്ങള്‍ നല്‍കും എന്നാണ് നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകരുടെ വിലയിരുത്തല്‍.
ഭൂമിയിൽ നിന്ന് ഏകദേശം 520 പ്രകാശവർഷം അകലെ നിലകൊള്ളുന്ന TIDYE-1bയ്ക്ക് നമ്മുടെ ഗ്രഹത്തിന്‍റെ 11 മടങ്ങ് വ്യാസമുണ്ട് എന്ന് കണക്കാക്കുന്നു. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന TIDYE-1b എന്ന ഗ്രഹം ഒരു എക്‌സോപ്ലാനറ്റാണ്. നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളാണ് എക്സോപ്ലാനറ്റുകള്‍. സൗരയൂഥത്തില്‍ എല്ലാ ഗ്രഹങ്ങളും ചുറ്റുന്നത് സൂര്യനെയാണെങ്കില്‍ എക്സോപ്ലാനറ്റുകള്‍ മറ്റ് നക്ഷത്രങ്ങളെ ഭ്രമണം ചെയ്യുന്നവയായിരിക്കും. ഓരോ 8.8 ദിവസം കൂടുമ്പോഴും അതിന്‍റെ നക്ഷത്രത്തെ TIDYE-1b ഭ്രമണം പൂര്‍ത്തിയാക്കുന്നതായാണ് അനുമാനം.
NB: വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന ചിത്രം സാങ്കല്‍പികം
Read more: അഭിമാനം ഇന്ത്യയുടെ ആദിത്യ-എല്‍1; സൂര്യരഹസ്യത്തിന്‍റെ ചുരുളഴിച്ചു, മനുഷ്യരാശിയെ കാക്കുന്ന കണ്ടെത്തല്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം