31 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 60 ശാസ്ത്രീയ പരീക്ഷണങ്ങൾ ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നടത്തും. അതിൽ ഏഴ് എണ്ണം ഇന്ത്യൻ ഗവേഷകരിൽ നിന്ന് ഐഎസ്ആർഒ തിരഞ്ഞെടുത്തവയാണ്

ദില്ലി: ബഹിരാകാശത്ത് പുതു ചരിത്രമെഴുതാനൊരുങ്ങുകയാണ് ഇന്ത്യന്‍ സഞ്ചാരിയും വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനുമായ ശുഭാംശു ശുക്ല. നാസയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുമായുള്ള ഐഎസ്ആര്‍ഒയുടെ സഹകരണത്തിന്‍റെ ഭാഗമായുള്ള ആക്സിയം 4 ദൗത്യത്തില്‍, ഈ വരുന്ന ജൂണ്‍ എട്ടിന് ശുഭാംശു അടങ്ങുന്ന നാല്‍വര്‍ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) യാത്ര തിരിക്കും. ജൂൺ 8ന് വൈകുന്നേരം 6:41ന് (IST) സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റ് ആക്സിയം 4 ദൗത്യ സംഘാംഗങ്ങളെ വഹിച്ചുകൊണ്ടുള്ള ഡ്രാഗൺ കാപ്സ്യൂള്‍ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് വിക്ഷേപിക്കും. 

ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയ്ക്ക് പുറമെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ) , സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരാണ് ആക്സിയം 4 ക്രൂവിൽ ഉൾപ്പെടുന്നത്. ആക്സിയം 4 ദൗത്യം ഏകദേശം 14 ദിവസം നീണ്ടുനിൽക്കും. ദൗത്യം പൂര്‍ത്തിയാക്കി ജൂൺ 22-ഓടെ ക്രൂ ഡ്രാഗൺ കാപ്സ്യൂളിന്‍റെ സ്പ്ലാഷ്‌ഡൗണ്‍ പ്രതീക്ഷിക്കുന്നു. 1984-ലെ രാകേഷ് ശര്‍മ്മയുടെ ഐതിഹാസിക ദൗത്യത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക് പോകുന്നത്. ഐഎസ്ആര്‍ഒയില്‍ നിന്ന് ഇതാദ്യമായാണ് ഒരാള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത് എന്ന പ്രത്യേകതയുമുണ്ട് ശുഭാംശു ശുക്ലയുടെ യാത്രയ്ക്ക്. 

31 രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 60 ശാസ്ത്രീയ പരീക്ഷണങ്ങൾ ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നടത്തും. അതിൽ ഏഴ് എണ്ണം ഇന്ത്യൻ ഗവേഷകരിൽ നിന്ന് ഐഎസ്ആർഒ തിരഞ്ഞെടുത്തവയാണ് എന്നാണ് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. ഇതിൽ ഇനിപ്പറയുന്നവയെക്കുറിച്ചുള്ള പഠനങ്ങൾ ഉൾപ്പെടുന്നു:

1. സൂക്ഷ്‍മ ആൽഗകളുടെയും സയനോബാക്ടീരിയയുടെയും വളർച്ച
2. മൈക്രോഗ്രാവിറ്റിയിൽ പേശികളുടെ പുനരുജ്ജീവനം
3. ഭാവിയിലെ ഇന്ത്യൻ ബഹിരാകാശ ഭക്ഷ്യ സംവിധാനങ്ങൾ ലക്ഷ്യമിട്ട് ചെറുപയറും ഉലുവയും മുളപ്പിക്കൽ
4. ടാർഡിഗ്രേഡുകളുടെ (സൂക്ഷ്‍മ ജീവരൂപങ്ങൾ) പ്രതിരോധശേഷി
5. ബഹിരാകാശത്ത് വിത്ത് മുളപ്പിക്കൽ
6. മൈക്രോഗ്രാവിറ്റി പരിതസ്ഥിതികളിൽ മനുഷ്യനും കമ്പ്യൂട്ടറും തമ്മിലുള്ള ഇടപെടൽ

ബഹിരാകാശ ജൈവശാസ്ത്രത്തിലും, ദീർഘകാല ബഹിരാകാശ യാത്രാ ഗവേഷണത്തിലും ഇന്ത്യയ്ക്കുള്ള വർധിച്ചുവരുന്ന താൽപ്പര്യത്തെ ഈ പരീക്ഷണങ്ങൾ പ്രതിഫലിപ്പിക്കുന്നു. കൃഷി, ഭക്ഷണം, മനുഷ്യ ജീവശാസ്ത്രം എന്നിവ ഉൾപ്പെടെ ഐഎസ്ആർഒ തിരഞ്ഞെടുത്ത ഈ ഏഴ് മൈക്രോഗ്രാവിറ്റി പരീക്ഷണങ്ങൾ ഇന്ത്യയുടെ ബഹിരാകാശ ജീവശാസ്ത്ര ഗവേഷണത്തിലെ ഒരു സുപ്രധാന ചുവടുവയ്പ്പിനെ അടയാളപ്പെടുത്തുന്നതുമാണ്. ആക്സിയം 4 ദൗത്യത്തില്‍ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഐ‌എസ്‌എസിലേക്ക് മുങ്ങ് പരിപ്പ് ഹൽവ, അരി, മാമ്പഴ 'അമൃത്', രാജ്മ-ചാവൽ, ജയ്പുരി മിക്സഡ് പച്ചക്കറികൾ എന്നിവ കൊണ്ടുപോകുമെന്ന് സിഎന്‍ബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

2026 അവസാനത്തോടെ ലക്ഷ്യമിടുന്ന ഇന്ത്യയുടെ തദ്ദേശീയ മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതിയായ ഗഗൻയാൻ പദ്ധതിയുടെ മുന്നോടിയാണ് ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യത്തില്‍ ഐഎസ്എസിലേക്ക് പോകുന്നത്. ഗഗൻയാന്‍റെ വിജയത്തിന് അത്യന്താപേക്ഷിതമായ പരിക്രമണ പ്രവർത്തനങ്ങൾ, ടീം വർക്ക്, അടിയന്തര തയ്യാറെടുപ്പ് കഴിവുകൾ എന്നിവയിൽ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയ്ക്ക് നിർണായകമായ പ്രായോഗിക പരിചയം ആക്സിയം 4 ദൗത്യം നൽകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം