നീണ്ട 41 വർഷങ്ങൾക്ക് ശേഷം ഒരു ഭാരതീയൻ വീണ്ടും ബഹിരാകാശത്തേക്ക് പോവുകയാണ്
ഫ്ലോറിഡ: ലോകം കാത്തിരിക്കുന്ന ബഹിരാകാശ വിക്ഷേപണത്തിനായി ആക്‌സിയം 4 ദൗത്യ സംഘം ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ എത്തി. ദൗത്യ സംഘാംഗങ്ങള്‍ കുടുംബാംഗങ്ങളോട് യാത്ര പറയുന്ന ചടങ്ങ് നടന്നു. ആസ്ട്രോനോട്ട് വാഹനത്തിൽ കയറി ലോഞ്ച് പാഡിലേക്ക് നാലുപേരും തിരിച്ചു. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യത്തില്‍ അംഗമാണ്.
റെക്കോര്‍ഡിടാന്‍ ശുഭാംശു ശുക്ല
ബഹിരാകാശ കുതുകികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസമാണിന്ന്. ഇന്ത്യയെ സംബന്ധിച്ചും അഭിമാന ദിവസം. നീണ്ട 41 വർഷങ്ങൾക്ക് ശേഷം ഒരു ഭാരതീയൻ ബഹിരാകാശത്തേക്ക് പോകുന്നു. ഇന്ത്യൻ വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയാണ് ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നത്. 1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ആക്സിയം ദൗത്യം വിജയമാകുന്നതോടെ ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ശുഭാംശുവിന് സ്വന്തമാകും.
തത്സമയം ഏഷ്യാനെറ്റ് ന്യൂസില്‍
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം 4 ദൗത്യത്തിന്‍റെ വിക്ഷേപണം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.01ന് ആണ് നടക്കുക. രാവിലെ 11 മണി മുതല്‍ വിക്ഷേപണത്തിന്‍റെ തത്സമയ വിവരങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും അറിയാം.
കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാണ് യാത്ര. ജൂൺ 26ന് വൈകുന്നേരം നാലരയോടെ നാലംഗ ദൗത്യ സംഘവുമായി ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തും. പതിനാല് ദിവസത്തെ ദൗത്യമാണ് ആക്സിയം ലക്ഷ്യമിടുന്നത്. ശുഭാംശു ശുക്ലയ്ക്ക് പുറമേ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരടങ്ങുന്നതാണ് ദൗത്യസംഘം. എല്ലാവരും കഴിഞ്ഞ മേയ് 25 മുതൽ ക്വാറന്‍റീനിലായിരുന്നു. മെയ് 29നായിരുന്നു ആക്സിയം 4 ദൗത്യം നടക്കേണ്ടിയിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഏഴ് തവണ ലോഞ്ച് മാറ്റിവെക്കേണ്ടിവന്നു.
ഇസ്രോയ്ക്കും അഭിമാന നിമിഷം
ഐഎസ്ആര്‍ഒയെ സംബന്ധിച്ച് വരുംകാല ബഹിരാകാശ ദൗത്യങ്ങളില്‍ നിര്‍ണായകമാണ് ശുഭാംശു ശുക്ലയുടെ ഐഎസ്എസ് സന്ദര്‍ശനം. 2035-ഓടെ സ്വന്തമായി ബഹിരാകാശ നിലയം നിർമ്മിക്കാനും 2047-ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികരെ അയയ്ക്കാനും ലക്ഷ്യമിടുന്ന ഇന്ത്യയിൽ മൈക്രോഗ്രാവിറ്റി ഗവേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ബഹിരാകാശ നിലയത്തിൽ ശുഭാംശു ശുക്ല ഏഴ് ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും.

