ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര വൈകും; ആക്സിയം 4 ദൗത്യം അനിശ്ചിതമായി നീളാൻ സാധ്യത

ഫ്ലോറിഡ: ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് പേരെ വഹിച്ചുകൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) പോകുന്ന ആക്സിയം 4 ദൗത്യം വൈകാന്‍ സാധ്യത. തകരാര്‍ കണ്ടെത്തിയ സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിലെ പ്രസിദ്ധമായ ലോഞ്ച് കോംപ്ലക്സ് 39 ലോഞ്ച് പാഡിൽ നിന്ന് മാറ്റിയേക്കും. വിക്ഷേപണത്തിന് മുന്നോടിയായുള്ള പരിശോധനയിലാണ് റോക്കറ്റില്‍ പ്രശ്‌നം കണ്ടെത്തിയത്. ദൗത്യത്തിനായി പുതിയ വിക്ഷേപണ തീയതി ആക്സിയം അധികൃതര്‍ പ്രഖ്യാപിച്ചിട്ടില്ല.

നാസയും സ്പേസ് എക്സുമായി ചേര്‍ന്ന് ആക്സിയം സ്പേസ് സംഘടിപ്പിക്കുന്ന സ്വകാര്യ ബഹിരാകാശ ദൗത്യമാണ് ആക്സിയം 4. മുപ്പത്തിയൊമ്പതുകാരനായ ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്ക് പുറമെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), സ്ലാവോസ് ഉസ്നാൻസ്കി-വിസ്‌നിയേവ്സ്‌കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരാണ് ആക്സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങള്‍. ബഹിരാകാശ ദൗത്യങ്ങളില്‍ പരിചയസമ്പന്നയായ പെഗ്ഗിയാണ് ആക്സിയം 4 ദൗത്യം നയിക്കുക. ഇന്ന് വൈകീട്ട് 5.30ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് ഈ നാല്‍വര്‍ സംഘത്തെയും വഹിച്ചുകൊണ്ട് സ്പേസ് എക്സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയരും എന്നായിരുന്നു മുന്‍നിശ്ചയിച്ചിരുന്നത്. എന്നാല്‍ റോക്കറ്റില്‍ ദ്രവ ഓക്സിജൻ ചോർച്ച കണ്ടെത്തിയതോടെ ദൗത്യം നീട്ടുകയായിരുന്നു. ലിക്വിഡ് ഓക്സിജൻ ചോർച്ച പരിഹരിക്കാന്‍ ഇനിയും സമയം ആവശ്യമെന്നാണ് സ്പേസ് എക്സും ആക്സിയം സ്പേസും പറയുന്നത്.

നാസ-ഐഎസ്ആര്‍ഒ സഹകരണത്തിന്‍റെ ഭാഗമായാണ് ആക്സിയം 4 ബഹിരാകാശ ദൗത്യത്തില്‍ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്. സ്പേസ് എക്സിന്‍റെ തന്നെ ഡ്രാഗണ്‍ പേടകത്തിലാണ് ആക്സിയം 4 ദൗത്യ സംഘം യാത്ര ചെയ്യുക. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഐഎസ്എസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യനുമാവാനാണ് ശുഭാംശു ശുക്ല തയ്യാറെടുക്കുന്നത്. രാകേഷ് ശര്‍മ്മയാണ് ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരന്‍. 1984-ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അനവധി പരീക്ഷണങ്ങള്‍ നടത്തും.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്