യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും, ഡ്രാഗണ്‍ പേടകത്തിന്‍റെ നിര്‍മ്മാതാക്കളായ സ്പേസ് എക്‌സ് കമ്പനിയുടെ ഉടമ ഇലോണ്‍ മസ്കുമായി നിലനില്‍ക്കുന്ന തര്‍ക്കമായിരുന്നു പ്രതിസന്ധിക്ക് കാരണം

ദില്ലി: നിലവിലെ ട്രംപ്-മസ്ക് തര്‍ക്കം ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയെ പ്രതികൂലമായി ബാധിക്കില്ലെന്ന് സൂചന. ആക്സിയം 4 ദൗത്യത്തില്‍ ശുഭാംശു ശുക്ല അടക്കമുള്ള നാലാംഗ സംഘത്തെ വഹിച്ചുകൊണ്ട് ഡ്രാഗണ്‍ പേടകം ജൂണ്‍ 10നാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) വിക്ഷേപിക്കേണ്ടത്. എന്നാല്‍ നിലവില്‍ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഡ്രാഗണ്‍ പേടകത്തിന്‍റെ നിര്‍മ്മാതാക്കളായ സ്പേസ് എക്‌സ് കമ്പനിയുടെ ഉടമ ഇലോണ്‍ മസ്കുമായി നിലനില്‍ക്കുന്ന തര്‍ക്കം ആക്സിയം 4 ദൗത്യത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കിയതായി ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

എന്താണ് ആക്സിയം 4 ദൗത്യം?

അമേരിക്കന്‍ കമ്പനിയായ ആക്സിയം സ്പേസ് സംഘടിപ്പിക്കുന്ന സ്വകാര്യ ബഹിരാകാശ യാത്രയാണ് ആക്സിയം 4 ദൗത്യം. നാസയും ഇന്ത്യയുടെ ഐഎസ്ആര്‍ഒയുമായി സഹകരിച്ചാണ് ഈ ദൗത്യം ആക്സിയം സ്പേസ് നടത്തുന്നത്. ഇന്ത്യക്കാരനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയ്ക്ക് പുറമെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), സ്ലാവോസ് ഉസ്നാൻസ്കി-വിസ്നിയേവ്സ്കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരാണ് ആക്സിയം 4 ക്രൂവിൽ ഉൾപ്പെടുന്നത്. ഈ ദൗത്യത്തിനായി ആക്സിയം സ്പേസ് ഉപയോഗിക്കുന്നത് സ്പേസ് എക്സിന്‍റെ ക്രൂ ഡ്രാഗണ്‍ ക്യാപ്‌സൂളാണ്. ജൂണ്‍ 10ന് സ്പേസ് എക്സിന്‍റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നാണ് ആക്സിയം 4 ദൗത്യം വിക്ഷേപിക്കുക.

ജൂണ്‍ 10ന് ഇന്ത്യന്‍ സമയം വൈകിട്ട് 5.52നാണ് ആക്സിയം 4 ദൗത്യം വിക്ഷേപിക്കേണ്ടത്. ദൗത്യം പ്രതീക്ഷിക്കുന്നതുപോലെ നടന്നാല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ശുഭാംശു ശുക്ല സ്വന്തമാക്കും. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യന്‍ എന്ന റെക്കോര്‍ഡും ശുഭാംശുവിന്‍റെ പേരിനൊപ്പം എഴുതപ്പെടും. 1984-ല്‍ സോവിയറ്റ് യൂണിയന്‍റെ സോയൂസ് ടി-11 പേടകത്തിലായിരുന്നു രാകേഷ് ശര്‍മ്മയുടെ ബഹിരാകാശ യാത്ര. ജൂണ്‍ 10-നാരംഭിക്കുന്ന ആക്സിയം 4 ദൗത്യം ഏകദേശം 14 ദിവസം നീണ്ടുനിൽക്കും. ദൗത്യം പൂര്‍ത്തിയാക്കി ജൂൺ 22-ഓടെ ക്രൂ ഡ്രാഗൺ കാപ്സ്യൂളിന്‍റെ സ്പ്ലാഷ്‌ഡൗണ്‍ പ്രതീക്ഷിക്കുന്നു.

എന്തുകൊണ്ട് പ്രതിസന്ധിയുണ്ടായി?

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും സ്പേസ് എക്സ് കമ്പനി ഉടമ ഇലോണ്‍ മസ്കും തമ്മിലുള്ള തര്‍ക്കം ആക്സിയം 4 ബഹിരാകാശ ദൗത്യം പ്രതിസന്ധിയിലാക്കുമോ എന്ന സംശയം നേരത്തെയുയര്‍ന്നിരുന്നു. മസ്കിന്‍റെ സ്പേസ് എക്സ് ഉള്‍പ്പടെയുള്ള കമ്പനികള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇളവുകളും കരാറുകളും റദ്ദാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിലായിരുന്നു എല്ലാറ്റിന്‍റെയും തുടക്കം. നാസ വരാനിരിക്കുന്ന ആക്സിയം 4 അടക്കം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള എല്ലാ യാത്രകള്‍ക്കുമായി ഉപയോഗിക്കുന്ന ഡ്രാഗണ്‍ പേടകത്തെ സ്പേസ് എക്സ് ഉടനടി ഡീകമ്മീഷന്‍ ചെയ്യുമെന്ന് ഇതിന് പിന്നാലെ മസ്ക് ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെയാണ് ആക്സിയം 4 ദൗത്യം നിശ്ചയിച്ച സമയത്ത് നടക്കുമോ എന്ന സംശയമുയര്‍ന്നത്. എന്നാല്‍ ദൗത്യം മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.

Nilambur Bypoll 2025 | Asianet News Live | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala News