Asianet News MalayalamAsianet News Malayalam

മസ്കിനോട് മുട്ടി ബെസോസ് തോറ്റു; പിന്നാലെ കളിയാക്കി ട്വീറ്റ്; എല്ലാം 'ചന്ദ്രനുമായി' ബന്ധപ്പെട്ട്

290 കോടി ഡോളറിന്റേതായിരുന്നു നാസയുടെ ചന്ദ്രദൌത്യവുമായി ബന്ധപ്പെട്ട കരാര്‍. എന്നാല്‍ വിധി സംബന്ധിച്ച വാര്‍ത്ത വന്നതിന് പിന്നാലെ. സ്പേസ് എക്സ് കേസില്‍ വിജയിച്ചതിന് പിന്നാലെ മേധാവി ഇലോണ്‍ മസ്‌ക് ട്വിറ്ററിലെത്തി ബെസോസിനെ കളിയാക്കിയാണ് ട്വീറ്റ്.

Bezos Blue Origin loses NASA lawsuit over SpaceX lunar lander contract
Author
New York, First Published Nov 6, 2021, 4:39 PM IST

ന്യൂയോര്‍ക്ക്: ജെഫ് ബെസോസിന്‍റെ (Jeff Bezos) ഉടമസ്ഥതയിലുള്ള ബ്ലൂ ഒറിജിന്‍ (Blue Origin) നാസയുടെ കരാര്‍ പരാജയപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. ഇവരുടെ പ്രധാന എതിരാളികളായ ബഹിരാകാശ കമ്പനി സ്പേസ് എക്സിനാണ് (SpaceX) ഈ കരാര്‍ ലഭിച്ചതും. ഇതോടെ ആമസോണ്‍ മുന്‍ മേധാവിയുടെ കമ്പനി കോടതിയിലേക്ക് പോയി. എന്നാല്‍ കോടതിയിലും ബെസോസിന് തോല്‍വിയാണ് എന്നാണ് പുതിയ വാര്‍ത്ത. യുഎസ് കോര്‍ട്‌സ് ഓഫ് ഫെഡറല്‍ ക്ലെയിംസ് ജഡ്ജി റിച്ചഡ് ഹാര്‍ട്‌ലിങ് ആണ് കേസ് സ്‌പേസ്എക്‌സിന് അനുകൂലമായി വിധിച്ചത്. എന്നാല്‍ വിധിയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമായിട്ടില്ല. 

290 കോടി ഡോളറിന്റേതായിരുന്നു നാസയുടെ (NASA) ചന്ദ്രദൌത്യവുമായി ബന്ധപ്പെട്ട കരാര്‍ (Lunar Lander Contract). എന്നാല്‍ വിധി സംബന്ധിച്ച വാര്‍ത്ത വന്നതിന് പിന്നാലെ. സ്പേസ് എക്സ് കേസില്‍ വിജയിച്ചതിന് പിന്നാലെ മേധാവി ഇലോണ്‍ മസ്‌ക് ട്വിറ്ററിലെത്തി ബെസോസിനെ കളിയാക്കിയാണ് ട്വീറ്റ്. ‘താങ്കള്‍ വിധിക്കപ്പെട്ടിരിക്കുന്നു’ എന്നായിരുന്നു ട്വീറ്റ്. എന്നാല്‍ ഇപ്പോള്‍ വന്ന വിധിക്കെതിരെ ബ്ലൂ ഒറിജിന്‍ അപ്പീല്‍ നല്‍കും എന്നാണ് വിവരം വരുന്നത്.  നാസ സ്‌പേസ്എക്‌സിന് കരാര്‍ നല്‍കിയത് നീതിപൂര്‍വകമല്ല എന്നു പറഞ്ഞാണ് ബ്ലൂ ഓറിജിന്‍ കോടതിയെ സമീപിച്ചിരുന്നത്. മനുഷ്യരെ വീണ്ടും ചന്ദ്രനില്‍ ഇറക്കാനുള്ള നാസ പദ്ധതിക്ക് ആവശ്യമായ ബഹിരാകാശ വാഹനങ്ങളുടെ നിര്‍മ്മാണമാണ് പ്രധാനമായും ഈ കാരാറിന്‍റെ ഭാഗം.

അതേ സമയം സ്പേസ് എക്സുമായുള്ള കാരാറിന്‍റെ ഭാഗമായ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് നാസ വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. നാസയുമായി പാര്‍ട്ണറാകുന്ന സ്വകാര്യ കമ്പനിക്ക് വലിയ സാധ്യതകളാണ് ലഭിക്കുന്നത്. മനുഷ്യന്‍റെ ദീര്‍ഘകാല വാസത്തിന് ചന്ദ്രന്‍ ഉതകുമോ എന്നതാണ് ആര്‍ട്ടിമീസ് എന്ന പുതിയ ദൌത്യത്തിലൂടെ നാസ ലക്ഷ്യമിടുന്നത്, നാസ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

അതേസമയം ബ്ലൂ ഒറിജിന്‍റെ ഇപ്പോഴത്തെ ബഹിരാകാശ യാത്രയെ കളിയാക്കി ഹോളിവുഡ് താരം ടോം ഹാങ്ക്സ് രംഗത്ത് എത്തി. ബ്ലൂ ഒറിജിന്റെ ബഹിരാകാശ യാത്ര ആസ്വദിക്കാന്‍ 2.8 കോടി ഡോളര്‍ വരെയാണ് നല്‍കേണ്ടത്. അത്രയും പണം നല്‍കി പറക്കാന്‍ ഒരുക്കമല്ലെന്ന് ശതകോടീശ്വരനും ഹോളിവുഡ് നടനുമായ ടോം ഹാങ്ക്‌സ് ജിമ്മി കിമെല്‍ ലൈവ് ഷോയ്ക്കിടയില്‍ പറഞ്ഞു. തനിക്ക് ധാരാളം പണമൊക്കെയുണ്ട്. എന്നാല്‍, 12 മിനിറ്റു നേരത്തേക്ക് പറക്കാന്‍ 2.8 കോടി ഡോളര്‍ നല്‍കുക എന്നു പറഞ്ഞാല്‍ അത് വളരെ ചെലവേറിയതാണ് എന്നാണ് ഹാങ്ക്‌സ് പറഞ്ഞത്. 

അതേ സമയം ബെസോസ്-മസ്ക് ബഹിരാകാശ പോരാട്ടം എല്ലാ മേഖലയിലേക്കും വ്യാപിക്കുന്നുണ്ട്. മസ്കിന്‍റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്‍റര്‍നെറ്റ് കമ്പനി ഇന്ത്യയില്‍ അടക്കം വലിയതോതിലുള്ള പ്രവര്‍ത്തനമാണ് മുന്നോട്ട് വയ്ക്കുന്നത്. ഈ മേഖലയിലേക്ക് ബെസോസും സാന്നിധ്യം അറിയിക്കുകയാണ്. ബെസോസിന്റെ കുയിപ്പര്‍ സിസ്റ്റംസ് എന്ന കമ്പനിയാണ് സ്റ്റാര്‍ലിങ്കുമായി ഏറ്റുമുട്ടുന്നത്. അതേസമയം, സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് വിതരണത്തില്‍ മസ്‌കിനെ വെല്ലുവിളിക്കണമെങ്കില്‍ കുയിപ്പര്‍ സിസ്റ്റത്തിന് ഇപ്പോള്‍ ഏകദേശം 4,538 ലോ എര്‍ത് ഓര്‍ബിറ്റ് ( ലിയോ) സാറ്റലൈറ്റുകള്‍ കൂടി വേണമെന്നാണ് വിലയിരുത്തല്‍. എന്നാല്‍, ഏകദേശം 30,000 ലിയോ സാറ്റലൈറ്റുകള്‍ കൂടി വിക്ഷേപിക്കാന്‍ ഒരുങ്ങുകയാണ് സ്റ്റാര്‍ലിങ്ക്.

Follow Us:
Download App:
  • android
  • ios