ഇലോണ്‍ മസ്‌കിന്‍റെ സ്പേസ് എക്‌സിനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് സ്റ്റാര്‍ഷിപ്പ് പത്താം പരീക്ഷണം, കഴിഞ്ഞ വിക്ഷേപണങ്ങള്‍ പരാജയമായിരുന്നു

ടെക്‌സസ്: സ്റ്റാര്‍ഷിപ്പ് ഗ്രഹാന്തര റോക്കറ്റിന്‍റെ പത്താം വിക്ഷേപണ പരീക്ഷണം സ്പേസ് എക്‌സ് വീണ്ടും മാറ്റിവച്ചു. ടെക്‌സസിലെ മോശം കാലാവസ്ഥ മൂലമാണ് അവസാന നിമിഷം വിക്ഷേപണം നീട്ടിവെക്കാന്‍ ഇലോണ്‍ മസ്‌കിന്‍റെ കമ്പനി തീരുമാനിച്ചത്. ടെക്‌സസിലെ ഇടിമിന്നല്‍ സാധ്യത പരിഗണിച്ചാണ് വിക്ഷേപണം മാറ്റിവച്ചത്. ഇത് രണ്ടാംവട്ടമാണ് സ്റ്റാര്‍ഷിപ്പ് പത്താം പരീക്ഷണം സ്പേസ് എക്‌സ് മാറ്റിവെക്കുന്നത്. നേരത്തെ, ഓഗസ്റ്റ് 24-ാം തീയതി ലോഞ്ച് പാഡിലെ തകരാര്‍ കാരണം വിക്ഷേപണം നീട്ടിയിരുന്നു. അടുത്ത വിക്ഷേപണ തീയതി സ്പേസ് എക്‌സ് അധികൃതര്‍ പ്രഖ്യാപിച്ചിട്ടില്ല.

സ്പേസ് എക്‌സിന് അടുത്ത തിരിച്ചടി

ദക്ഷിണ ടെക്‌സസിലെ സ്റ്റാര്‍ബേസില്‍ നിന്നാണ് സ്റ്റാര്‍ഷിപ്പ് പത്താം പരീക്ഷണ വിക്ഷേപണം സ്പേസ് എക്‌സ് നടത്താന്‍ ലക്ഷ്യമിടുന്നത്. അമേരിക്കന്‍ സമയം ഞായറാഴ്‌ച വൈകിട്ട് വിക്ഷേപണത്തിനായി ആദ്യം ശ്രമിച്ചെങ്കിലും ഗ്രൗണ്ട് സിസ്റ്റങ്ങളിലെ തകരാര്‍ കാരണം ലോഞ്ച് ആദ്യം മാറ്റിവെക്കേണ്ടിവന്നു. തൊട്ടടുത്ത ദിവസമായ ഇന്ന് വിക്ഷേപണത്തിന് രണ്ടാം ശ്രമം ആരംഭിച്ചെങ്കിലും ഇടിമിന്നല്‍ ഭീഷണി സ്പേസ് എക്‌സിന് തിരിച്ചടിയാവുകയായിരുന്നു. ‘മോശം കാലാവസ്ഥ മൂലം ഇന്നത്തെ വിക്ഷേപണം നീട്ടിവയ്ക്കുകയാണ്. അടുത്ത വിക്ഷേപണ തീയതി കണ്ടെത്താന്‍ സ്റ്റാര്‍ഷിപ്പ് ശ്രമത്തിലാണ്’- എന്നും സ്പേസ് എക്‌സ് എക്‌സിലൂടെ അറിയിച്ചു.

മനുഷ്യന്‍ ഇതുവരെ നിര്‍മ്മിച്ച ഏറ്റവും വലുതും കരുത്തുറ്റതുമായ റോക്കറ്റാണ് സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ്. 121 മീറ്ററാണ് സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റിന്‍റെ ആകെ ഉയരം. താഴെയുള്ള സൂപ്പർ ഹെവി ബൂസ്റ്റര്‍, മുകളിലെ സ്റ്റാര്‍ഷിപ്പ് സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) എന്നീ രണ്ട് ഭാഗങ്ങളാണ് ഈ ബഹിരാകാശ വിക്ഷേപണ വാഹനത്തിനുള്ളത്. സൂപ്പര്‍ ഹെവി ബൂസ്റ്ററിന് മാത്രം 71 മീറ്ററാണ് ഉയരം. 33 റാപ്റ്റര്‍ എഞ്ചിനുകളാണ് സൂപ്പര്‍ ഹെവി ബൂസ്റ്ററിന്‍റെ കരുത്ത്. സൂപ്പർ ഹെവി ബൂസ്റ്ററിന് വലിയ പേലോഡുകൾ ബഹിരാകാശത്തേക്ക് ഉയർത്താൻ കഴിയും. 52 മീറ്ററാണ് ഏറ്റവും മുകളിലെ ഷിപ്പ് ഭാഗത്തിന്‍റെ ഉയരം. ഈ ബൂസ്റ്റര്‍, ഷിപ്പ് ഭാഗങ്ങള്‍ പൂര്‍ണമായും പുനരുപയോഗിക്കാന്‍ കഴിയുന്ന സ്റ്റാര്‍ഷിപ്പ് റോക്കറ്റ്, ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള യാത്രകള്‍ മനസില്‍ കണ്ടാണ് സ്പേസ് എക്സ് തയ്യാറാക്കുന്നത്.

കഴിഞ്ഞ മൂന്ന് സ്റ്റാര്‍ഷിപ്പ് പരീക്ഷണങ്ങളും പരാജയം

സ്റ്റാര്‍ഷിപ്പിന്‍റെ കഴിഞ്ഞ മൂന്ന് പരീക്ഷണങ്ങളും പരാജയമായിരുന്നു. അവസാനം നടന്ന ഒമ്പതാം പരീക്ഷണ ദൗത്യത്തില്‍ ലക്ഷ്യം പൂര്‍ത്തിയാക്കും മുൻപ് സ്റ്റാർഷിപ് തകർന്നതായി സ്പേസ് എക്‌സ് സ്ഥിരീകരിച്ചിരുന്നു. സ്പേസ്‌ക്രാഫ്റ്റിന്‍റെ പേലോഡ് വാതിൽ തുറക്കാന്‍ കഴിയാതെ വന്നതോടെ ഡമ്മി സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ വിന്യസിക്കാനായില്ല. അനിയന്ത്രിതമായി സഞ്ചരിച്ച പേടകം റീ-എന്‍ട്രിക്കിടെ ഛിന്നഭിന്നമാവുകയും ചെയ്‌തു. എങ്കിലും കഴിഞ്ഞ രണ്ട് തവണത്തെ ശ്രമങ്ങളേക്കാള്‍ കൂടുതല്‍ ദൂരം 9-ാം പരീക്ഷണ വിക്ഷേപണത്തില്‍ സ്റ്റാര്‍ഷിപ്പിന് ബഹിരാകാശത്ത് താണ്ടാനായി.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Rahul Mamkootathil