ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ ഒരു ചെറിയ നഗരം തരിപ്പണമാക്കാന്‍ ശേഷിയുള്ള ഛിന്നഗ്രഹമാണ് 2024 വൈആര്‍4 എന്നാണ് നാസയുടെ നിഗമനം
കാലിഫോര്‍ണിയ: 2024 വൈആര്‍4 ഛിന്നഗ്രഹം (Asteroid 2024 YR4) 2032ല്‍ ഭൂമിയില്‍ കൂട്ടിയിടിക്കാനുള്ള സാധ്യത വീണ്ടും കൂടി. ഈ ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത ആദ്യം വെറും 1.2 ശതമാനമായിരുന്നു കണക്കാക്കിയിരുന്നത്. പിന്നീട് ഇത് 2.3 ശതമാനവും 2.6 ശതമാനവുമായി നാസ ഉയര്‍ത്തിയിരുന്നു. 2032ല്‍ 2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനുള്ള സാധ്യത 3.1 ശതമാനമായി ഇപ്പോള്‍ നാസ ഉയര്‍ത്തിയിരിക്കുകയാണ്.
ഭൂമിയുമായി കൂട്ടിയിടിക്കാന്‍ നേരിയ സാധ്യത മാത്രമാണ് ഇപ്പോഴും നിലനില്‍ക്കുന്നതെങ്കിലും 2024 വൈആര്‍4 ഛിന്നഗ്രഹം നമ്മുടെ ഗ്രഹത്തിന് ഭീഷണിയായി നാസ കണക്കാക്കുന്ന ഏറ്റവും പ്രധാന ബഹിരാകാശ വസ്തുവാണ്. 2032 ഡിസംബര്‍ 22നാണ് ഈ ഛിന്നഗ്രഹം ഭൂമിക്ക് ഏറ്റവും അടുത്തെത്തുക എന്നാണ് അനുമാനം. നാസയുടെ നിയര്‍-എര്‍ത്ത് ഒബ്‌ജക്റ്റ് പഠന കേന്ദ്രം 2024 വൈആര്‍4 ഛിന്നഗ്രഹത്തെ അതിസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നാസയുടെ ബഹിരാകാശ ദൂരദര്‍ശിനിയായ ജെയിംസ് വെബ് ടെലിസ്കോപ്പ് 2025 മാര്‍ച്ച് മാസം ഇതിനെ വിശദമായി പഠിക്കും. നാസയ്ക്ക് പുറമെ യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയും ചൈനയും ഈ ഛിന്നഗ്രഹത്തിന് പിന്നാലെയുണ്ട്. 2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ വലിപ്പവും സഞ്ചാരപാതയും കൃത്യമായി കണക്കുകൂട്ടുകയാണ് ബഹിരാകാശ ഏജന്‍സികളുടെ മുന്നിലുള്ള വലിയ വെല്ലുവിളി.
Read more: ഭൂമിക്ക് ഭീഷണിയായി ഛിന്നഗ്രഹം, സര്‍പ്രൈസ് നീക്കവുമായി നാസ; നിരീക്ഷിക്കാന്‍ ജെയിംസ് വെബ് ദൂരദര്‍ശിനി
2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ വലിപ്പം കൃത്യമായി നിര്‍ണയിക്കാന്‍ ഇതുവരെ ജ്യോതിശാസ്ത്രജ്ഞര്‍ക്കായിട്ടില്ലെങ്കിലും ഏകദേശ അനുമാനം 40-90 മീറ്ററാണ് (130-300 അടി). ദൂരദര്‍ശിനികള്‍ ഉപയോഗിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത കൈവരൂ.
2024 ഡിസംബറിൽ നാസയുടെ ആസ്റ്റ്‌റോയ്‌ഡ് ടെറസ്ട്രിയൽ-ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റമാണ് 2024 വൈആര്‍4 ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഏകദേശം 130-300 അടി വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ, അതൊരു ചെറിയ നഗരത്തെ മുഴുവനായും നശിപ്പിച്ചേക്കാം എന്നാണ് നിരീക്ഷണങ്ങള്‍. നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത് 2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചാലുണ്ടാകുന്ന സ്ഫോടനം 15 മെഗാടൺ TNT-ക്ക് തുല്യം ശേഷിയുള്ളതായിരിക്കും എന്നാണ്. അതായത് ഹിരോഷിമ അണുബോംബിനേക്കാൾ 100 മടങ്ങ് കൂടുതൽ ശക്തി ഉണ്ടായിരിക്കും ഈ സ്‍ഫോടനത്തിന്. അതിനാലാണ് 2024 വൈആര്‍4 ഛിന്നഗ്രഹത്തെ ഇത്രയധികം പ്രാധാന്യത്തോടെ ബഹിരാകാശ ഏജന്‍സികള്‍ നോക്കിക്കാണുന്നത്.
NB: ചിത്രം സാങ്കല്‍പികം
Read more: ഭൂമിക്ക് തലവേദനയായി കണ്ടെത്തിയ ഛിന്നഗ്രഹം ഇന്ത്യക്കും ഭീഷണി; സഞ്ചാരപാതയില്‍ അറബിക്കടലും ഈ സ്ഥലങ്ങളും
