ഭൂമിക്ക് ഭീഷണിയായി ഛിന്നഗ്രഹം, സര്‍പ്രൈസ് നീക്കവുമായി നാസ; നിരീക്ഷിക്കാന്‍ ജെയിംസ് വെബ് ദൂരദര്‍ശിനി

അപകടകാരിയായ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ ചുമതല ജെയിംസ് വെബ് ദൂരദര്‍ശിനിക്ക്, കണ്ടെത്തലുകള്‍ ഛിന്നഗ്രഹ പ്രതിരോധത്തില്‍ നിര്‍ണായകമാകും 

NASA to use James Webb telescope to track asteroid 2024 YR4

കാലിഫോര്‍ണിയ: 2032ൽ ഭൂമിയുമായി കൂട്ടിയിടിക്കാൻ നേരിയ സാധ്യതയുള്ള '2024 വൈആര്‍4' ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ നാസ ജെയിംസ് വെബ് ബഹിരാകാശ ടെലിസ്കോപ്പിനെ (JWST) വിന്യസിക്കുന്നു. 2024 ഡിസംബറിൽ നാസയുടെ ആസ്റ്ററോയ്ഡ് ടെറസ്ട്രിയൽ-ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം കണ്ടെത്തിയ 2024 YR4 എന്ന ഛിന്നഗ്രഹം നിലവിൽ ഏജൻസിയുടെ ഛിന്നഗ്രഹ നിരീക്ഷണ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.

എന്തുകൊണ്ട് 2024 വൈആര്‍4 ഛിന്നഗ്രഹം ഭീഷണി? 

2024 വൈആര്‍4 ഛിന്നഗ്രഹവും ഭൂമിയുമായുള്ള കൂട്ടിയിടി സാധ്യത ശാസ്ത്രജ്ഞരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ ഛിന്നഗ്രഹത്തിന്‍റെ ആഘാതം ഇന്ത്യ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ സംഭവിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ജെയിംസ് വെബ് ടെലിസ്കോപ്പിന്‍റെ സഹായത്തോടെ ശാസ്ത്രജ്ഞർ ഈ അപകടകരമായ ഛിന്നഗ്രഹത്തിന്‍റെ വലിപ്പവും കൂട്ടിയിടിയുടെ കൃത്യമായ സാധ്യതയും കണക്കാക്കാൻ ശ്രമിക്കുകയാണ്. അങ്ങനെ ഭാവിയിൽ അതിന്‍റെ ആഘാതം കുറയ്ക്കാനാണ് നീക്കം.

2024 ഡിസംബറിൽ നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുമ്പോഴാണ് 2024 YR4 എന്ന ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. ഈ ഛിന്നഗ്രഹത്തിന് ഏകദേശം 180 അടി (50 മീറ്റർ) വ്യാസമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത്രയും വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ, അതൊരു ചെറിയ നഗരത്തെ മുഴുവനായും നശിപ്പിച്ചേക്കാം. 1908-ൽ സൈബീരിയയിൽ സമാനമായ ഒരു സംഭവം നടന്നിരുന്നു. അന്ന് ഏതാണ്ട് ഇതേ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൗമാന്തരീക്ഷത്തില്‍ വച്ച് അഗ്നിഗോളമായി 80 ദശലക്ഷം മരങ്ങൾ നശിപ്പിച്ചു.

വലിപ്പം സംശയാസ്‌പദം

2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ യഥാർഥ വലിപ്പം കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു . നിലവില്‍ ഈ ഛിന്നഗ്രഹത്തെ ഭൂതല ദൂരദർശിനികൾ വഴി നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഭൂമിയുടെ അന്തരീക്ഷത്തിന്‍റെ സ്വാധീനം കാരണം അതിന്‍റെ യഥാർത്ഥ വലിപ്പം കൃത്യമായി കണക്കാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ ഛിന്നഗ്രഹം യഥാർത്ഥത്തിൽ കാണുന്നതിനേക്കാൾ വളരെ വലുതായിരിക്കാനും സാധ്യതയുണ്ട്.

ഒരു ഛിന്നഗ്രഹത്തിന്‍റെ തെളിച്ചം അതിന്‍റെ വലിപ്പം നിർണ്ണയിക്കാൻ സഹായിക്കും, പക്ഷേ ഇത് പ്രധാനമായും അതിന്‍റെ ഉപരിതലം എത്രത്തോളം പ്രതിഫലിപ്പിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുമെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി (ESA) പറയുന്നു. ഉദാഹരണത്തിന്, ഈ ഛിന്നഗ്രഹം 40 മീറ്റർ വീതിയും വളരെ ഉയര്‍ന്ന പ്രതിഫലനശേഷിയും ഉള്ളതാകാം. അല്ലെങ്കിൽ 90 മീറ്റർ വീതിയും കുറഞ്ഞ പ്രതിഫലനശേഷിയുമുണ്ടാകാം. അതിനാല്‍ 40 മീറ്ററും 90 മീറ്ററും ഉള്ള ഒരു ഛിന്നഗ്രഹത്തിന്‍റെ ഭീഷണി തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്നാണ് ജ്യോതിശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. ഇക്കാരണത്താലാണ് വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ വലിപ്പം കൃത്യമായി കണക്കാക്കാന്‍ ശാസ്ത്രജ്ഞർ പരിശ്രമിക്കുന്നത്.

Read more: ഹിരോഷിമയില്‍ പതിച്ച അണുബോംബിന്‍റെ 100 മടങ്ങ് പ്രഹരശേഷി; ആഗോള നോട്ടപ്പുള്ളിയായി 'സിറ്റി-കില്ലര്‍' ഛിന്നഗ്രഹം

നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത് 2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചാൽ, സ്ഫോടനം 15 മെഗാടൺ TNT-ക്ക് തുല്യം ശേഷിയുള്ളതായിരിക്കും എന്നാണ്. അതായത് ഹിരോഷിമ അണുബോംബിനേക്കാൾ 100 മടങ്ങ് കൂടുതൽ ശക്തി ഉണ്ടായിരിക്കും ഈ സ്‍ഫോടനത്തിന്. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള ഡാറ്റ യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ), നാസ, മറ്റ് ആഗോള ബഹിരാകാശ ഏജൻസികൾ എന്നിവയ്ക്ക് ഛിന്നഗ്രഹത്തിന്‍റെ ആഘാത പ്രവചനം പരിഷ്‍കരിക്കുന്നതിനും പ്രതികരണ തന്ത്രങ്ങൾ മെനയുന്നതിനും നിര്‍ണായകമാകും. അതിനാലാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞരുടെ ഒരു സംഘത്തിന് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ അടിയന്തര ഉപയോഗം അനുവദിച്ചത്. 

നിലവിലെ അനുമാനങ്ങള്‍ പ്രകാരം, 2024 YR4 എന്ന ഛിന്നഗ്രഹം 2032 ഡിസംബര്‍ 22ന് ഭൂമിയുമായി കൂട്ടിയിടിച്ചേക്കാം. ഈ ഛിന്നഗ്രഹം ഭൂമിയിൽ നിന്ന് 127,699 കിലോമീറ്റർ അകലെക്കൂടെ അന്നേദിനം കടന്നുപോകാനാണ് സാധ്യത. ഒരുപക്ഷേ 1.4 ദശലക്ഷം കിലോമീറ്റർ വരെ ഈ ദൂരം ഉണ്ടാകാം. പസഫിക് സമുദ്രം, ദക്ഷിണ അമേരിക്ക, അറ്റ്‌ലാന്‍ഡിക് സമുദ്രം, മധ്യ ആഫ്രിക്ക, വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളാണ് 2024 വൈആര്‍4 ഛിന്നഗ്രഹം പതിക്കാന്‍ സാധ്യതയുള്ള ഇടങ്ങളായി നിലവില്‍ കണക്കാക്കുന്നത്. എന്നാല്‍ ഈ അനുമാനത്തില്‍ വിശദ പഠനങ്ങളോടെ മാറ്റം വരും. 

എന്തുകൊണ്ട് ജെയിംസ് വെബ്?

ഭൂമിയിലെ ദൂരദർശിനികളിൽ നിന്ന് വ്യത്യസ്‍തമായി, ബഹിരാകാശത്തുള്ള ജെയിംസ് വെബ് ടെലിസ്കോപ്പിന്‍റെ സ്ഥാനം ഭൂമിയുടെ അന്തരീക്ഷത്തിൽ നിന്നുള്ള ഇടപെടൽ ഒഴിവാക്കാൻ അനുവദിക്കുന്നു. ഇത് അതിന് വ്യക്തമായ കാഴ്ച നൽകുന്നു. ദൃശ്യപ്രകാശത്തിന് പകരം ഛിന്നഗ്രഹം പുറപ്പെടുവിക്കുന്ന താപം അളക്കാൻ ദൂരദർശിനി അതിലെ ഇൻഫ്രാറെഡ് ഉപകരണങ്ങൾ ഉപയോഗിക്കും. ഇത് അതിന്‍റെ യഥാർഥ വലുപ്പം നിർണ്ണയിക്കാൻ സഹായിക്കുന്നു. ജെയിംസ് വെബ് ടെലിസ്കോപ്പിന്‍റെ ആദ്യ ഘട്ട നിരീക്ഷണങ്ങൾ 2025 മാർച്ചിൽ നടത്താൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. അന്ന് ഛിന്നഗ്രഹം ഏറ്റവും പ്രകാശപൂർണ്ണമായിരിക്കും. മെയ് മാസത്തിൽ YR4 സൂര്യനിൽ നിന്ന് അകന്നുപോകുമ്പോൾ തുടർ നിരീക്ഷണം നടക്കും. പിന്നീട് 2028 ൽ ഛിന്നഗ്രഹം തിരിച്ചെത്തും. അതായത് അതുവരെയുള്ള പഠനത്തിന് മുമ്പുള്ള അവസാന അവസരമാണിത്. 

Read more: കൊലയാളി ഛിന്നഗ്രഹം ലോകത്തിന്‍റെ ഉറക്കം കളയുന്നു; പ്രതിരോധിക്കാന്‍ മുന്നിട്ടിറങ്ങി ചൈനയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios