ഭൂമിയുടെയും ചന്ദ്രന്‍റെയും അതിശയ ചിത്രങ്ങൾ പകര്‍ത്തി ചൈനയുടെ ടിയാൻവെൻ-2 പേടകം, ഡീപ് സ്പേസിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ഈ ചൈനീസ് ബഹിരാകാശ പേടകം
സെച്‌വാന്‍: ഭൂമിയുടെയും ചന്ദ്രന്‍റെയും അതിശയിപ്പിക്കുന്ന ചിത്രങ്ങൾ പകർത്തി ചൈനയുടെ ടിയാൻവെൻ 2 (Tianwen 2) ബഹിരാകാശ പേടകം. ഈ ചിത്രങ്ങൾ ചൈന നാഷണൽ സ്‌പേസ് അഡ്‍മിനിസ്ട്രേഷൻ (CNSA) പുറത്തുവിട്ടതായി ചൈനീസ് വാര്‍ത്താ ഏജന്‍സിയായ ഷിന്‍വ റിപ്പോർട്ട് ചെയ്യുന്നു. ഭൂമിയിൽ നിന്ന് ഏകദേശം 590,000 കിലോമീറ്റർ അകലെ വച്ച് പേടകം പകർത്തിയ അതിശയകരമായ ചിത്രങ്ങളാണ് ബഹിരാകാശ ഏജൻസി പുറത്തുവിട്ടത്. ഭൂമിയെയും ഉപഗ്രഹമായ ചന്ദ്രനെയും ബഹിരാകാശത്തിന്‍റെ വിശാലമായ ഇരുട്ടിൽ മനോഹരമായി ചിത്രീകരിക്കുന്ന ചിത്രങ്ങളാണ് ഇവ.
മെയ് 29ന് സെച്‌വാനിലെ ജിചാംഗ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് ലോംഗ് മാർച്ച്-3ബി റോക്കറ്റ് ഉപയോഗിച്ചാണ് ടിയാൻവെൻ 2 പേടകം ചൈന വിക്ഷേപിച്ചത്. ഒരു ദിവസത്തിന് ശേഷം മെയ് 30ന് പേടകത്തിലെ നാരോ-ഫീൽഡ്-ഓഫ്-വ്യൂ നാവിഗേഷൻ സെൻസർ ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രങ്ങൾ പകർത്തുകയായിരുന്നു. പേടകത്തിന്‍റെ ഓറിയന്‍റേഷൻ നിലനിർത്താനും കൃത്യമായ സെൽഫ് നാവിഗേഷന് സഹായിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത ഉപകരണമാണ് നാരോ-ഫീൽഡ്-ഓഫ്-വ്യൂ നാവിഗേഷൻ സെൻസർ. ടിയാൻവെൻ-2 നെ ബഹിരാകാശത്തിലൂടെ നയിക്കുന്നതിൽ ഈ ക്യാമറ നിർണായക പങ്ക് വഹിക്കുന്നു. ഇത് ദീർഘയാത്രയിൽ സ്ഥിരത നിലനിർത്തിക്കൊണ്ട് ഭൂനിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കാൻ പേടകത്തെ സഹായിക്കുന്നു.

നിലവിൽ ടിയാൻവെൻ 2 പേടകം ഭൂമിയിൽ നിന്ന് ഏകദേശം 12 ദശലക്ഷം കിലോമീറ്റർ അകലെയാണെന്നാണ് റിപ്പോർട്ടുകൾ. ഇതുവരെ 33 ദിവസത്തിലധികം ബഹിരാകാശത്ത് പേടകം ചെലവഴിച്ചു. ടിയാൻവെൻ-2 സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്ന് സിഎൻഎസ്എ റിപ്പോർട്ട് ചെയ്യുന്നു. ഭൂമിയുടേതിന് സമാനമായ പാതയിൽ സൂര്യനെ ചുറ്റുന്ന, ഭൂമിക്കു സമീപമുള്ള ഒരു ചെറിയ ഛിന്നഗ്രഹമായ കമോ'ഒലേവയെ ലക്ഷ്യമാക്കിയാണ് ടിയാൻവെൻ-2 സഞ്ചരിക്കുന്നത്. ഇവിടെ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും പ്രധാന വലയത്തിലെ വാൽനക്ഷത്രമായ 311P പര്യവേക്ഷണം ചെയ്യുകയുമാണ് ദൗത്യത്തിന്‍റെ ലക്ഷ്യം. ആദ്യകാല സൗരയൂഥത്തിന്‍റെ രൂപീകരണത്തെയും പരിണാമത്തെയും കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകാൻ ഈ പഠനങ്ങൾ സഹായിക്കും.

ഏകദേശം 10 വർഷം നീണ്ടുനിൽക്കുന്ന പദ്ധതിയാണ് ടിയാൻവെൻ-2 ദൗത്യം എന്നാണ് റിപ്പോർട്ടുകൾ. ഈ കാലയളവിൽ പേടകം ഛിന്നഗ്രഹത്തെയും വാൽനക്ഷത്രത്തെയും സന്ദർശിക്കുകയും സാമ്പിളുകൾ ഭൂമിയിലേക്ക് അയയ്ക്കുകയും ചെയ്യും. ഛിന്നഗ്രഹത്തിൽ നിന്ന് 0.2 മുതൽ ഒരു കിലോഗ്രാം വരെ മണ്ണ് ഈ പേടകം ശേഖരിക്കും. 2027 നവംബറോടെ സാമ്പിളുകൾ ഭൂമിയിലേക്ക് തിരികെ അയച്ച് തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. സൗരയൂഥത്തിലെ ആദ്യകാല വസ്‍തുക്കളുടെ ഘടന, രൂപീകരണം, പരിണാമ ചരിത്രം തുടങ്ങിയ നിരവധി കാര്യങ്ങൾ മനസിലാക്കാൻ ശാസ്ത്രജ്ഞരെ ഈ ദൗത്യം സഹായിക്കും. വിജയിച്ചാൽ ഭൂമിയിലെ ജലത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും ഈ അന്വേഷണം നൽകും.
വരും വർഷങ്ങളിൽ ചൈന നിരവധി സുപ്രധാന ദൗത്യങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 2030-ന് മുമ്പ് ചൈനീസ് ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് അയയ്ക്കാനും അവിടെ ഒരു സ്ഥിരം താവളം സ്ഥാപിക്കാനും ചൈന പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പറയുന്നു.



