ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മീഥെയ്ൻ വാതകം പുറന്തള്ളുന്നത് നിരീക്ഷിക്കുക ലക്ഷ്യമിട്ട് 730 കോടി രൂപ ചിലവിട്ടാണ് ഈ സാറ്റ്‌ലൈറ്റ് കഴിഞ്ഞ വര്‍ഷം വിക്ഷേപിച്ചത്

വാഷിംഗ്‌ടണ്‍: കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കാൻ അയച്ച പ്രത്യേക ഉപഗ്രഹമായ മീഥെയ്ൻസാറ്റ് ബഹിരാകാശത്ത് നിഗൂഢമായി അപ്രത്യക്ഷമായി. അമേരിക്കയുടെ പരിസ്ഥിതി പ്രതിരോധ ഫണ്ട് (ഇഡിഎഫ്), ന്യൂസിലാൻഡ് ബഹിരാകാശ ഏജൻസി, ബെസോസ് എർത്ത് ഫണ്ട് എന്നിവ സംയുക്തമായിട്ടായിരുന്നു ഈ നൂതന കൃത്രിമ ഉപഗ്രഹം വിക്ഷേപിച്ചത്. 88 മില്യൺ യുഎസ് ഡോളർ അഥവാ ഏകദേശം 730 കോടി രൂപ ചെലവായ ദൗത്യമായിരുന്നു ഇത്. 2024 മാര്‍ച്ചില്‍ സ്‌പേസ് എക്‌സിന്‍റെ റോക്കറ്റ് ഉപയോഗിച്ചായിരുന്നു മീഥെയ്ൻസാറ്റ് എന്ന ഉപഗ്രഹം വിക്ഷേപിച്ചത്.

കഴിഞ്ഞ വർഷം മാർച്ചിലാണ് മീഥെയ്ൻസാറ്റ് ഉപഗ്രഹം വിക്ഷേപിച്ചത്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് മീഥെയ്ൻ വാതകം പുറന്തള്ളുന്നത് നിരീക്ഷിക്കുക എന്നതായിരുന്നു ഈ ഉപഗ്രഹത്തിന്‍റെ ലക്ഷ്യം. കാർബൺ ഡൈ ഓക്സൈഡിനേക്കാൾ 80 മടങ്ങ് കൂടുതൽ ചൂട് സൃഷ്‍ടിക്കാൻ മീഥെയ്ൻ കാരണമാകുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ആഗോളതാപനം കുറയ്ക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമായി മീഥെയ്ൻ ട്രാക്ക് ചെയ്യുന്നതിനെ ഗവേഷകര്‍ കാണുന്നു.

എണ്ണ, വാതക കമ്പനികൾ പുറത്തുവിടുന്ന ദോഷകരമായ മീഥെയ്ൻ വാതകം കണ്ടെത്താൻ കഴിയുന്ന തരത്തിലാണ് ഈ ഉപഗ്രഹം ശാസ്ത്രജ്ഞർ രൂപകൽപ്പന ചെയ്തിരുന്നത്. ഈ സാങ്കേതികവിദ്യ വളരെ കൃത്യവും നൂതനവുമായിരുന്നു എന്നും ഇതിന് മുമ്പ് ഒരു ദൗത്യത്തിലും ഇത്രയും കൃത്യതയോടെ ട്രാക്കിംഗ് നടത്താൻ കഴിഞ്ഞിരുന്നില്ല എന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോൾ ഈ ഹൈടെക് ഉപഗ്രഹം ബഹിരാകാശത്ത് നിന്നും കാണാതായിരിക്കുന്നു എന്നതാണ് അമ്പരപ്പിക്കുന്നത്. 2025 ജൂണ്‍ 20 മുതല്‍ മീഥെയ്ൻസാറ്റ് ഒരു സിഗ്നലും നൽകുന്നില്ല. ഗ്രൗണ്ട് കൺട്രോളിന് ഈ ഉപഗ്രഹത്തിന്‍റെ സ്ഥാനം അറിയില്ലെന്നും കമ്മ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മീഥെയ്ൻസാറ്റുമായുള്ള ബന്ധം നഷ്‌ടമായെന്നും ഉപഗ്രഹം വീണ്ടെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇഡിഎഫ് ജൂലൈ 1ന് അറിയിച്ചു. ഉപഗ്രഹം വീണ്ടെടുക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം.

അതേസമയം മീഥെയ്ൻസാറ്റ് ഇപ്പോൾ പ്രതികരിക്കുന്നില്ലെങ്കിലും ബന്ധം നഷ്‍ടമാകുന്നതിന് മുമ്പ് ശേഖരിച്ച ഡാറ്റ വരും മാസങ്ങളിൽ കാലാവസ്ഥാ ഗവേഷണത്തെ പിന്തുണയ്ക്കുന്നത് തുടരുമെന്ന് ഇഡിഎഫ് വ്യക്തമാക്കി. ഉപഗ്രഹത്തിന്‍റെ സങ്കീർണ്ണമായ ഡാറ്റ ഔട്ട്പുട്ട് കൈകാര്യം ചെയ്യുന്നതിനായി എഐ ഡിവൈസുകൾ ഉപയോഗിച്ച് ഗൂഗിൾ ദൗത്യത്തെ പിന്തുണച്ചിരുന്നു. എങ്കിലും മീഥെയ്ൻസാറ്റിന് പകരമായി ഇതുവരെ ഒരു ഉപഗ്രഹത്തെയും പ്രഖ്യാപിച്ചിട്ടില്ല. ഇത് ദൗത്യത്തിന്‍റെ തുടർച്ചയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നു. ബഹിരാകാശ വെല്ലുവിളികളെ അതിജീവിച്ച് കൂടുതൽ കാലം ഈടുനിൽക്കുന്ന സാറ്റ്‌ലൈറ്റ് സംവിധാനങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകതയെ മീഥെയ്ൻസാറ്റിന്‍റെ നഷ്‍ടം എടുത്തുകാണിക്കുന്നു.

Asianet News Live | Malayalam News | Kerala News | ഏഷ്യാനെറ്റ് ന്യൂസ്