കെനിയയില്‍ മനുഷ്യവാസ മേഖലയില്‍ വീണ 500 കിലോഗ്രാം ഭാരമുള്ള ലോഹവളയം ഐഎസ്ആര്‍ഒ റോക്കറ്റിന്‍റെ ഭാഗമോ? പ്രചാരണത്തിന്‍റെ വസ്തുത എന്ത്? 

നെയ്റോബി: കെനിയയിലെ ഒരു ഗ്രാമത്തില്‍ 500 കിലോഗ്രാം ഭാരമുള്ള ഒരു ബഹിരാകാശ മാലിന്യം മനുഷ്യവാസ മേഖലയില്‍ പതിച്ചത് വലിയ വാര്‍ത്തയായിരുന്നു. മകുവേനി കൗണ്ടിയിലുള്ള മുകുകു ഗ്രാമത്തില്‍ റോക്കറ്റിന്‍റെ ലോഹവളയം വീണ വിവരം കെനിയന്‍ ബഹിരാകാശ ഏജന്‍സി സ്ഥിരീകരിച്ചതാണ്. ഈ റോക്കറ്റ് ഭാഗം ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ ഏറ്റവും ഒടുവില്‍ വിക്ഷേപിച്ച സ്പേ‌ഡെക്സ് ദൗത്യത്തിന്‍റെതാണോ? ഇന്ത്യന്‍ റോക്കറ്റിന്‍റെ ഭാഗമാണ് കെനിയയില്‍ പതിച്ചത് എന്ന പ്രചാരണത്തിന്‍റെ വസ്‌തുത എന്താണ്...

കെനിയയിലെ മുകുകു ഗ്രാമത്തില്‍ 2024 ഡിസംബര്‍ 30ന് ഏകദേശം 500 കിലോ ഭാരവും 2.5 മീറ്റര്‍ വ്യാസവുമുള്ള ലോഹവളയമാണ് ഉഗ്രശബ്‌ദത്തോടെ പതിച്ചത്. ഐഎസ്ആര്‍ഒ സ്പേഡെക്‌സ് ബഹിരാകാശ ഡോക്കിംഗ് വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റിന്‍റെ ഭാഗമാണ് ഇതെന്ന് നേഷന്‍ ആഫ്രിക്ക പിന്നാലെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ വിക്ഷേപണ വാഹനത്തിന്‍റെ ഭാഗമാണ് ഇതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് കെനിയ നഷ്ടപരിഹാരം ആവശ്യപ്പെട്ടു എന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാവുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വിശദീകരണവുമായി കെനിയ ബഹിരാകാശ ഏജന്‍സി രംഗത്തെത്തി. 

വിശദീകരണവുമായി കെനിയ ബഹിരാകാശ ഏജന്‍സി

'ഭൂമിയില്‍ പതിച്ച വസ്‌തുവിനെ കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. ഈ ബഹിരാകാശ അവശിഷ്ടത്തിന് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയോടോ ഐഎസ്ആര്‍ഒയുടെ ഏതെങ്കിലും ദൗത്യങ്ങളുമായോ ബന്ധമുള്ളതായി ഔദ്യോഗികമായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൃത്യമായ വിലയിരുത്തലുകള്‍ക്ക് ശേഷം മാത്രമേ നിഗമനം അറിയിക്കുകയുള്ളൂ' എന്നും കെനിയ സ്പേസ് ഏജന്‍സി 2025 ജനുവരി 3ന് ട്വീറ്റ് ചെയ്തു. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതിന് പകരം ഔദ്യോഗിക കണ്ടെത്തലുകള്‍ക്കായി കാത്തിരിക്കണം എന്ന് കെനിയ ബഹിരാകാശ ഏജന്‍സി പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു. 

Scroll to load tweet…

കെനിയയില്‍ പതിച്ച 500 കിലോഗ്രാം ഭാരമുള്ള ലോഹവളയം ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനത്തിന്‍റെ അവശിഷ്ടമാണെന്ന് കെനിയ ബഹിരാകാശ ഏജന്‍സി ഈ വാര്‍ത്ത തയ്യാറാക്കും വരെ സ്ഥിരീകരിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ലോഹവളയത്തെ കുറിച്ച് ഏജന്‍സിയുടെ അന്തിമ നിഗമനം പുറത്തുവരുന്നതേയുള്ളൂ. 

Read more: 500 കിലോ ഭാരം, കൂറ്റന്‍ ലോഹവളയം ആകാശത്ത് നിന്ന് പതിച്ചു; വിറച്ചോടി ഗ്രാമവാസികള്‍, രക്ഷപ്പെടല്‍ തലനാരിഴയ്ക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം