അന്യഗ്രഹജീവികൾക്ക് വ്യക്തമായ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മുൻ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയും അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഒരുപോലെ സ്ഥിരീകരിക്കുന്നതിനിടെയാണ് യുഎസ് മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഈ ഉത്തരവിട്ടത്.

വാഷിംഗ്‌ടണ്‍: ഹോളിവുഡ് സിനിമകളിൽ ഏറെക്കാലമായി കാണുന്ന അന്യഗ്രഹജീവികളുടെ കഥകൾ ഇപ്പോൾ വാഷിംഗ്ടണിലെ അധികാരകേന്ദ്രങ്ങളിലും പടരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നടത്തിയ ഒരു പ്രഖ്യാപനം പുതിയ വിവാദങ്ങൾക്കും ചർച്ചകൾക്കും തുടക്കമിട്ടു. അന്യഗ്രഹജീവികളെയും തിരിച്ചറിയാത്ത പറക്കുംതളികകളെയും (UFOs) സംബന്ധിച്ച എല്ലാ ഫയലുകളും പുറത്തുവിടാൻ ഫെഡറൽ ഏജൻസികൾക്ക് നിർദ്ദേശം നൽകുമെന്ന് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഈ വിഷയത്തിൽ പൊതുജനങ്ങൾക്ക് ഗണ്യമായ താൽപ്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് പറഞ്ഞു.

ട്രംപ് തന്‍റെ ഉത്തരവിൽ എന്താണ് പറഞ്ഞത്?

ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പരസ്യമാക്കാൻ പെന്‍റഗൺ മേധാവി പീറ്റ് ഹെഗ്‌സെത്തിനും മറ്റ് ഏജൻസികൾക്കും നിർദ്ദേശം നൽകുമെന്ന് ഡൊണാൾഡ് ട്രംപ് ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു. അന്യഗ്രഹജീവികളുടെയും തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസങ്ങളുടെയും (UAP) തിരിച്ചറിയപ്പെടാത്ത പറക്കുന്ന വസ്തുക്കളുടെയും (UFOs) ബന്ധപ്പെട്ട സർക്കാർ ഫയലുകൾ തിരിച്ചറിയാനും അവ പുറത്തുവിടുന്നതിനുള്ള പ്രക്രിയ ആരംഭിക്കാനും താൻ യുദ്ധ സെക്രട്ടറിയോടും മറ്റ് പ്രസക്തമായ വകുപ്പുകളോടും ഏജൻസികളോടും നിർദ്ദേശിക്കുന്നുണ്ടെന്ന് അദേഹം കൂട്ടിച്ചേർത്തു.

മുൻ പ്രസിഡന്‍റ് ബരാക് ഒബാമ അന്യഗ്രഹജീവികളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ പരസ്യമായി വെളിപ്പെടുത്തിയതായി ട്രംപ് ആരോപിച്ചു. ജോർജിയയിലേക്കുള്ള ഒരു യാത്രയ്ക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് ഒബാമ ഒരു വലിയ തെറ്റ് ചെയ്‌തുവെന്നും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞത്. പക്ഷേ ഈ ആരോപണത്തിന് തെളിവ് നൽകാൻ ട്രംപ് പരാജയപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.

ഒബാമയുടെ പ്രസ്‍താവന

പോഡ്‌കാസ്റ്റ് അവതാരകനായ ബ്രയാൻ ടൈലർ കോഹനുമായുള്ള അഭിമുഖത്തിൽ, ഇത്രയും വിശാലമായ ഒരു പ്രപഞ്ചത്തിൽ മനുഷ്യർ ഒറ്റയ്ക്കല്ലെന്ന് ഒബാമ പറഞ്ഞിരുന്നു. പക്ഷേ താൻ പ്രസിഡന്‍റായിരിക്കുമ്പോൾ അന്യഗ്രഹജീവികൾക്ക് ഒരു തെളിവും കണ്ടെത്തിയില്ലെന്നും അദേഹം വ്യക്തമാക്കി. പ്രപഞ്ചം വളരെ വലുതാണെന്നും അവിടെ ജീവൻ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും എന്നാൽ സൗരയൂഥങ്ങൾ തമ്മിലുള്ള ദൂരം വളരെ വലുതാണെന്നും അന്യഗ്രഹജീവികൾ നമ്മളുമായി ബന്ധപ്പെടാനുള്ള സാധ്യത കുറവാണെന്നും ഇതുപോലുള്ള ഒന്നും താൻ കണ്ടിട്ടില്ലെന്നും ഇതിനൊരു തെളിവും എന്റെ പക്കലില്ലെന്നും അദേഹം പറഞ്ഞു.

നാസ പറയുന്നത്

അതേസമയം, അന്യഗ്രഹജീവികളുടെ തെളിവുകൾ നാസ കണ്ടെത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നാസ സ്ഥിരതയാർന്ന മറുപടിയാണ് നൽകുന്നത്. ബഹിരാകാശത്തെ കുറിച്ചുള്ള ഗവേഷണങ്ങളിലും ജീവന്റെ സാന്നിധ്യം കണ്ടെത്താനുള്ള അന്വേഷണങ്ങളിലും ഏജൻസി ശക്തമായി മുന്നോട്ടുപോകുന്നുണ്ടെങ്കിലും ഇതുവരെ ബുദ്ധിയുള്ള അന്യഗ്രഹജീവികളുടെ വ്യക്തമായ തെളിവുകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് നാസ വ്യക്തമാക്കുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming