അതിസങ്കീര്‍ണമായ സ്പേസ് ഡോക്കിംഗ് സാങ്കേതികവിദ്യ വിജയിപ്പിച്ച് രാജ്യത്തിന് അഭിമാനം സമ്മാനിച്ച ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്
ബെംഗളൂരു: ബഹിരാകാശ ഡോക്കിംഗ് സാങ്കേതികവിദ്യ സ്വന്തമാക്കുന്ന നാലാമത്തെ മാത്രം രാജ്യം എന്ന ചരിത്ര നേട്ടത്തില്‍ ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍, ചന്ദ്രയാന്‍-4, ഗഗന്‍യാന്‍ തുടങ്ങിയ സ്വപ്ന പദ്ധതികള്‍ക്ക് ഈ വിജയം പ്രചോദനമാകും എന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ബഹിരാകാശ വകുപ്പിന്‍റെ ചുമതല കൂടിയുള്ള മന്ത്രിയാണ് ജിതേന്ദ്ര സിംഗ്.
'ഇസ്രൊയ്ക്ക് അഭിനന്ദനങ്ങള്‍, നാം ആ ചരിത്ര നേട്ടം സ്വന്തമാക്കി. സ്പേഡെക്സ് അവിശ്വസനീയമായ ഡോക്കിംഗ് പൂര്‍ത്തിയാക്കി, അതും തദ്ദേശീയമായി വികസിപ്പിച്ച ഡോക്കിംഗ് സാങ്കേതികവിദ്യ. പൂര്‍ണമായും ഭാരതീയ ഡോക്കിംഗ് സംവിധാനമാണിത്. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍, ചന്ദ്രയാന്‍-4, ഗഗന്‍യാന്‍ തുടങ്ങിയ ഭാവി സ്വപ്ന പദ്ധതികള്‍ സുഗമമാക്കാന്‍ ഈ ഡോക്കിംഗ് പരീക്ഷണ വിജയത്തിനാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തര രക്ഷാകർതൃത്വം ഈ വിജയത്തിന് പിന്നിലുണ്ടെന്നും' ഡോ. ജിതേന്ദ്ര സിംഗ് എക്‌സില്‍ കുറിച്ചു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 2024 ഡിസംബര്‍ 30-ാം തിയതിയാണ് പിഎസ്എല്‍വി-സി60 ലോഞ്ച് വെഹിക്കിളില്‍ രണ്ട് സ്പേഡെക്സ് സാറ്റ്‌ലൈറ്റുകള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചത്. എസ്‌ഡിഎക്സ് 01- ചേസർ, എസ്ഡിഎക്സ് 02- ടാർഗറ്റ് എന്നിങ്ങനെയായിരുന്നു ഈ ഉപഗ്രഹങ്ങളുടെ പേരുകള്‍. ഡോക്കിംഗിനായുള്ള ആദ്യത്തെ മൂന്ന് ശ്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കിലും കരുതലോടെയുള്ള നാലാം പരിശ്രമത്തില്‍ ഇന്ന് രാവിലെയോടെ സ്പേഡെക്സ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് ഐഎസ്ആര്‍ഒ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
Read more: സ്പേഡെക്സ് ഡോക്കിംഗ് വിജയം; പുതു ചരിത്രം കുറിച്ച് ഐഎസ്ആര്‍ഒയുടെ 'ഉപഗ്രഹ ചുംബനം'
