സ്പേസ് എക്സിന്‍റെ തന്നെ കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കുന്നത്
കെന്നഡി സ്‌പേസ് സെന്‍റര്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയം 4 വിക്ഷേപണത്തിനൊരുങ്ങി ദൗത്യം സംഘാംഗങ്ങള്‍. ഇന്ത്യക്കാരനായ ശുഭാംശു ശുക്ല അടക്കം നാല് പേരെ ഐഎസ്എസിലേക്ക് വഹിക്കുന്ന സ്പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സൂള്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി അടച്ചു. ഡ്രാഗണ്‍ പേടകത്തിലുള്ള സഞ്ചാരികളുമായുള്ള എല്ലാ ആശയവിനിമയ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും പരിശോധിച്ച് ഉറപ്പുവരുത്തിയതായും സ്പേസ് എക്‌സ് അറിയിച്ചു. ഇതോടെ, ആക്‌സിയം 4 ക്രൂ വിക്ഷേപണത്തിന് പൂര്‍ണസജ്ജമായതായി സ്ഥിരീകരിച്ചിരിക്കുകയാണ് സ്പേസ് എക്സ്.
സ്പേസ് എക്സിന്‍റെ തന്നെ കരുത്തുറ്റ ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ചാണ് ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കുന്നത്. സ്വകാര്യ കമ്പനിയായ ആക്‌സിയം സ്പേസ്, നാസയും സ്പേസ് എക്‌സുമായി സഹകരിച്ചാണ് ഈ ദൗത്യം സംഘടിപ്പിച്ചിരിക്കുന്നത്. ഇതില്‍ നാസ-ഐഎസ്ആര്‍ഒ സഹകരണത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയ്ക്കും അവസരം ലഭിച്ചു. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരടങ്ങുന്നതാണ് ആക്സിയം 4 ദൗത്യസംഘം. പരിചയസമ്പന്നയായ പെഗ്ഗി വിറ്റ്സണാണ് ആക്സിയം ദൗത്യത്തിന്‍റെ കമാന്‍ഡര്‍. ഇന്ന് ഉച്ചയ്ക്ക് ഇന്ത്യന്‍ സമയം 12.01ന് ആക്സിയം 4 ദൗത്യം സ്പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റ് ഉപയോഗിച്ച് വിക്ഷേപിക്കും.
ജൂൺ 26ന് വൈകുന്നേരം നാലരയോടെ നാലംഗ ദൗത്യ സംഘവുമായി ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്. പതിനാല് ദിവസത്തെ ദൗത്യമാണ് ആക്സിയം ലക്ഷ്യമിടുന്നത്. ഐഎസ്എസില്‍ വിവിധ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും ഇവര്‍ ഭാഗവാക്കാകും. മെയ് 29ന് ആക്സിയം 4 ദൗത്യം ലോഞ്ച് ചെയ്യാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഏഴ് തവണ ലോഞ്ച് മാറ്റിവെക്കേണ്ടിവന്നു. കാലാവസ്ഥാ പ്രശ്‌നങ്ങളും ഫാല്‍ക്കണ്‍ 9 റോക്കറ്റിലെ ലിക്വിഡ് ഓക്‌സിജന്‍ ലീക്കും ഐഎസ്എസിലെ റഷ്യന്‍ മൊഡ്യൂളിലെ സാങ്കേതിക പ്രശ്‌നങ്ങളും ആക്‌സിയം 4 വിക്ഷേപണം നീളാന്‍ കാരണമായി.



