അമരത്വം എന്ന മനുഷ്യസ്വപ്നം യാഥാർത്ഥ്യമാക്കാൻ ശാസ്ത്രലോകം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കുഴിയെലി, കൂനൻ തിമിംഗലം തുടങ്ങിയ ജീവികളിലാണ്. കാൻസറിനെ പ്രതിരോധിച്ച് ദീർഘകാലം ജീവിക്കുന്ന ഈ ജീവികളിലെ സവിശേഷ ജീനുകൾ മനുഷ്യരിലേക്ക് പകർത്തി ആയുർദൈർഘ്യം വർദ്ധിപ്പിക്കാനും വാർദ്ധക്യസഹജമായ രോഗങ്ങളെ തടയാനുമുള്ള വിപ്ലവകരമായ പരീക്ഷണങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
അമരത്വം മനുഷ്യന്റെ എക്കാലത്തെയും വലിയ സ്വപ്നമാണ്. നാടോടിക്കഥകളിലും പുരാണങ്ങളിലും മാത്രം കേട്ടറിവുള്ള അമരത്വം എന്ന സ്വപ്ന സാക്ഷാത്കാരത്തിനായുള്ള ഗവേഷണ-പരീക്ഷണങ്ങൾക്ക് കോടിക്കണക്കിന് രൂപയാണ് വമ്പൻ കമ്പനികൾ അടക്കം നിക്ഷേപിച്ചിരിക്കുന്നത്. അമരത്വത്തിലേക്കുള്ള ആദ്യപടിയായി മനുഷ്യന്റെ ആയുർ ദൈർഘ്യം എങ്ങനെ വർധിപ്പിക്കാമെന്നതാണ് പ്രധാന നോട്ടം. ഈ രംഗത്ത് വിപ്ലവകരമായ രണ്ട് കണ്ടെത്തലുകളാണ് സമീപ കാലങ്ങളിൽ ശാസ്ത്ര രംഗത്തുണ്ടായിരിക്കുന്നത്. കുഴിയെലി എന്നറിയപ്പെടുന്ന (നേക്കഡ് മോൾ റാറ്റ്സ്) എന്ന ജീവികളിലും തിമിംഗലങ്ങളിലും നടത്തിയ ഗവേഷണങ്ങളും പരീക്ഷണങ്ങളും.
കാൻസറിനെ ചെറുത്ത് ദീർഘകാലം ജീവിക്കുന്ന കുഴിയെലികളിലെ ജീൻ മാറ്റിവെക്കൽ പരീക്ഷണം
മനുഷ്യന്റെ ആയുസ്സ് വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളിൽ വിപ്ലവകരമായ മുന്നേറ്റമാണ് കുഴിയെലികളിൽ നടത്തിയ കണ്ടെത്തലുകൾ. കുഴിയെലികളിൽ ആയുർദൈർഘ്യം വർധിപ്പിക്കുന്ന ജീനുകൾ സാധാരണ എലികളിലേക്ക് വിജയകരമായി മാറ്റിവെച്ചാണ് ശാസ്ത്രജ്ഞർ ഈ നേട്ടം സ്വന്തമാക്കിയത്. റോച്ചസ്റ്റർ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പരീക്ഷണത്തിൽ സാധാരണ എലികളിൽ പ്രായമാകുന്ന പ്രക്രിയയെ മന്ദഗതിയിലാക്കാനും വാർദ്ധക്യസഹജമായ അസുഖങ്ങളെ പ്രതിരോധിക്കാനും കഴിഞ്ഞതോടെയാണ് പ്രതീക്ഷകൾ വാനോളം ഉയർന്നത്. സാധരണ എലികള്‍ ശരാശരി മൂന്ന് വര്‍ഷം ജീവിക്കുമ്പോള്‍ 30 വര്‍ഷമാണ് കുഴിയെലികളുടെ ആയുര്‍ദൈര്‍ഘ്യം.
കുഴിയെലികൾ അവയുടെ വലിപ്പത്തിലുള്ള മറ്റ് ജീവികളെ അപേക്ഷിച്ച് പത്തിരട്ടിയിലധികം കാലം ജീവിക്കുന്നവയാണ്. ഇവയ്ക്ക് ക്യാൻസർ, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങളെ പ്രതിരോധിക്കാൻ വലിയ കഴിവുണ്ട്. ഇവയുടെ ശരീരത്തിലുള്ള 'ഹൈ മോളിക്യുലാർ വെയ്റ്റ് ഹൈലൂറോണിക് ആസിഡ്' (HMW-HA) എന്ന ഘടകമാണ് ഇതിന് കാരണം. ഈ ആസിഡിന്റെ ഉത്പാദനത്തിന് സഹായിക്കുന്ന ജീനിനെയാണ് (SNH2 gene) ശാസ്ത്രജ്ഞർ സാധാരണ എലികളിലേക്ക് പകർത്തിയത്.
പരീക്ഷണത്തിന് വിധേയമാക്കിയ എലികളുടെ ശരാശരി ആയുസ്സിൽ 4.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി പഠനം വ്യക്തമാക്കുന്നു. ആയുസ്സ് കൂടുക മാത്രമല്ല, പ്രായമാകുമ്പോൾ സാധാരണയായി കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളും ഇവയിൽ ഗണ്യമായി കുറഞ്ഞു. ശരീരകോശങ്ങളെ സംരക്ഷിക്കാനും കലകളുടെ ആരോഗ്യം നിലനിർത്താനും ഈ ജീൻ മാറ്റിവെക്കൽ സഹായിച്ചെന്ന് പഠനം വ്യക്തമാക്കുന്നു.
മനുഷ്യരിലും സമാനമായ രീതിയിൽ ഹൈലൂറോണിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും കുഴിയെലികളിൽ കാണുന്ന അത്രയും അളവ് ഇല്ല. ഭാവിയിൽ മനുഷ്യരിലും ഈ ആസിഡ് ഉൽപാദനം വർധിപ്പിച്ചാൽ, ആയുസ്സ് വർദ്ധിപ്പിക്കുക മാത്രമല്ല, വാർദ്ധക്യകാലത്തെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും ക്യാൻസർ പോലുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാനും സാധിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
കാന്‍സര്‍ ബാധിക്കാത്ത തിമിംഗലങ്ങൾ, 200 വയസുവരെയുള്ള ആയുര്‍ ദൈര്‍ഘ്യം
കുഴിയെലികൾക്ക് സമാനമായി ക്യാൻസറിനെ പ്രതിരോധിക്കാനും കോശങ്ങളെ നവീകരിക്കാനുമുള്ള കൂനൻ തിമിംഗലങ്ങൾ (Bowhead Whales) പോലുള്ള സസ്തനികളുടെ അസാധാരണമായ കഴിവും ശാസ്ത്രസംഘം പഠനത്തിന് വിധേയമാക്കുകയും ആയുർദൈർഘ്യത്തിന്റെ രഹസ്യം കണ്ടെത്തുകയും ചെയ്തു. കദേശം 200 വർഷത്തിലധികം ജീവിക്കുന്ന ഈ തിമിംഗലങ്ങൾക്ക് ക്യാൻസർ പോലുള്ള മാരക രോഗങ്ങളെ പ്രതിരോധിക്കാനും കോശങ്ങളിലെ കേടുപാടുകൾ സ്വയം പരിഹരിക്കാനും (DNA Repair) കഴിയുന്ന സവിശേഷമായ ജനിതക ഘടനയുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയത്.
ഈ ഭീമൻ തിമിംഗലങ്ങളിലെ പ്രത്യേക ജീനുകളെ തിരിച്ചറിഞ്ഞ ശാസ്ത്രജ്ഞർ, അവ മനുഷ്യകോശങ്ങളിൽ പ്രയോജനപ്പെടുത്താമോയെന്നും പരീക്ഷിക്കുന്നുണ്ട്. ജന്തുക്കളിൽ കോശങ്ങളുടെ എണ്ണം കൂടുമ്പോൾ ക്യാൻസർ സാധ്യതയും വർധിക്കുമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ മനുഷ്യരുമായി താരതമ്യപ്പെടുത്തുമ്പോൾ ആയിരക്കണക്കിന് ഇരട്ടി കോശങ്ങളുള്ള തിമിംഗലങ്ങളിൽ കാൻസർ അപൂർവങ്ങളിൽ അപൂർവമാണ്. തിമിംഗലങ്ങളിലെ 'സൂപ്പർ-ഹീലിംഗ്' ശേഷിയാണ് കാൻസറിനെ പ്രതിരോധിക്കുന്ന്. മനുഷ്യരിലും ഈ ജനിതക മാറ്റങ്ങൾ വരുത്താൻ സാധിച്ചാൽ വാർധക്യത്തെ തടയാനും കോശങ്ങളെ ദീർഘകാലം ആരോഗ്യത്തോടെ നിലനിർത്താനും കഴിയുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
ഭാവിയിൽ ജനിതക എഡിറ്റിംഗിലൂടെയോ (Gene Editing) പ്രത്യേക മരുന്നുകളിലൂടെയോ പ്രതിരോധ ശേഷി മനുഷ്യരിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. പ്രായമാകുമ്പോൾ ഉണ്ടാകുന്ന ഹൃദ്രോഗം, മറവിരോഗം (Alzheimer’s) തുടങ്ങിയ അസുഖങ്ങളെ ഇല്ലാതാക്കി മരണം വരെ പൂർണ്ണാരോഗ്യം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
