അന്താരാഷ്ട്ര ഗവേഷകരുടെ ഒരു സംഘം ചന്ദ്രനിലേക്കുള്ള കൂടുതൽ ഇന്ധനക്ഷമമായ ഒരു പുതിയ പാത കണ്ടെത്തി. ചന്ദ്രന്‍റെ മറുവശത്തുനിന്ന് സമീപിക്കുന്ന ഈ പാത, ഭാവിയിലെ ദൗത്യങ്ങളുടെ ചെലവ് ഗണ്യമായി കുറയ്ക്കുകയും ഭൂമിയുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുകയും ചെയ്യും.
സാവോ പോളോ: ചന്ദ്രനിലേക്കുള്ള ബഹിരാകാശ യാത്രകൾ ഇതുവരെ അത്യന്തം ചെലവേറിയതും സാങ്കേതികമായി വെല്ലുവിളികളേറിയതുമായ ദൗത്യങ്ങളായി കണക്കാക്കപ്പെട്ടിരുന്നു. പ്രത്യേകിച്ച്, ബഹിരാകാശവാഹനങ്ങൾക്ക് ആവശ്യമായ വൻതോതിലുള്ള ഇന്ധനച്ചെലവ് പദ്ധതികളുടെ മൊത്തച്ചെലവിനെയും ദൗത്യത്തിന്‍റെ ശേഷിയെയും വലിയ രീതിയിൽ ബാധിക്കാറുണ്ട്. എന്നാൽ, ഇപ്പോൾ ചന്ദ്രനിലേക്കുള്ള കൂടുതൽ ഇന്ധനക്ഷമമായ ഒരു പുതിയ പാത അന്താരാഷ്ട്ര ഗവേഷകരുടെ ഒരു സംഘം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. ഭാവിയിലെ ചന്ദ്രദൗത്യങ്ങളുടെ ചെലവ് ഗണ്യമായി കുറയ്ക്കാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.

ചാന്ദ്രയാത്ര കൂടുതല്‍ എളുപ്പമാകുമോ?
സാവോ പോളോ സർവകലാശാലയിലെയും കോയിംബ്ര സർവകലാശാലയിലെയും ഗവേഷകർ ചേർന്ന് നടത്തിയ ഈ പഠനം 2026 ഏപ്രിലിൽ ആസ്ട്രോഡൈനാമിക്‌സ് ജേണലിൽ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിയറി ഓഫ് ഫങ്ഷണൽ കണക്ഷൻസ് (Theory of Functional Connections) എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അവർ ഈ പഠനം നടത്തിയത്. സങ്കീർണ്ണമായ ഭ്രമണപഥ കണക്കുകൂട്ടലുകൾ വളരെ കുറഞ്ഞ കമ്പ്യൂട്ടിംഗ് ശേഷിയിൽ നിർവഹിക്കാൻ ഈ സാങ്കേതികവിദ്യ സഹായിച്ചു.
ഭൂമിയിലും ചന്ദ്രനിലുമുള്ള ഗുരുത്വാകർഷണ ശക്തികളെ അടിസ്ഥാനമാക്കി ഗവേഷകർ ഏകദേശം 30 ദശലക്ഷം വ്യത്യസ്‍ത ഭൂമി-ചന്ദ്ര പാതകളെ പരിശോധിച്ചു. അവയിൽ 280,000 എണ്ണം പാതകളുടെ വിശദാംശങ്ങളാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണയായി ഏറ്റവും ചെറിയ ദൂരം സഞ്ചരിക്കുന്ന പാതയാണ് ഏറ്റവും കാര്യക്ഷമമെന്ന് കരുതപ്പെടുന്നു. എന്നാൽ ഈ പുതിയ പഠനം അതിന് വിപരീതമായ ഒരു നിഗമനത്തിലേക്കാണ് എത്തുന്നത്.
സഞ്ചാരികളുമായുള്ള ആശയവിനിമയത്തെ ബാധിക്കില്ല
ചന്ദ്രന്‍റെ ഭൂമിയോട് ഏറ്റവും അടുത്ത ഭാഗത്തുനിന്ന് പ്രവേശിക്കുന്നതിനേക്കാൾ, ചന്ദ്രന്‍റെ മറുവശത്തുനിന്ന് സമീപിക്കുന്ന പാത കൂടുതൽ ഇന്ധനക്ഷമമാണ് എന്നാണ് ഗവേഷകരുടെ കണ്ടെത്തലുകൾ. ഭൂമിയുമായുള്ള ആശയവിനിമയം തുടർച്ചയായി നിലനിർത്താൻ സാധിക്കും എന്നതും ഈ പുതിയ പാതയുടെ മറ്റൊരു പ്രധാന നേട്ടമാണെന്ന് പറയപ്പെടുന്നു. ആർട്ടെമിസ് 2 ദൗത്യത്തിനിടെ ബഹിരാകാശയാത്രികർ ചന്ദ്രന്‍റെ മറുവശത്തുകൂടി കടന്നുപോയപ്പോൾ ആശയവിനിമയം താൽക്കാലികമായി നഷ്‍ടപ്പെട്ടിരുന്നു. പുതിയ പാത ഉപയോഗിച്ചാൽ അത്തരത്തിലുള്ള പ്രശ്‍നങ്ങൾ ഒഴിവാക്കാൻ സാധിക്കും എന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ഭാവിയിൽ മനുഷ്യരുടെ ചന്ദ്രദൗത്യങ്ങൾക്കും ചരക്കു ഗതാഗതത്തിനും ഈ കണ്ടെത്തൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു.



