വാഷിങ്ടണ്‍: ചൊവ്വയില്‍ ഇറങ്ങുന്ന ആദ്യ ബഹിരാകാശ സഞ്ചാരി ഒരു വനിതയായിരിക്കുമെന്ന് പ്രഖ്യാപിച്ച് നാസ. ഇതുകൂടാതെ ചന്ദ്രനിലെത്തുന്ന അടുത്തയാളും ഒരു വനിതയായിരിക്കുമെന്ന് നാസ പ്രതിനിധി ജിം ബ്രൈഡെന്‍സ്റ്റിന്‍ പറഞ്ഞു. സയന്‍സ് ഫ്രൈഡേ എന്ന റേഡിയോ ടോക് ഷോയിലാണ് ജിം ഇക്കാര്യം വ്യക്തമാക്കിയത്.

നാസയുടെ ഭാവി പദ്ധതികളില്‍ വനിതകളെ പങ്കെടുപ്പിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി. സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ച് കൊണ്ടുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം മാര്‍ച്ച് അവസാനം നടക്കും. ബഹിരാകാശ യാത്രികരായ ആനി മക് ക്ലെയിനും ക്രിസ്റ്റിന കോച്ചും ഏഴ് മണിക്കൂര്‍ നീളുന്ന ബഹിരാകാശ നടത്തത്തില്‍ പങ്കെടുക്കുമെന്നും ജിം കൂട്ടിച്ചേര്‍ത്തു. 

ആനി മക് ക്ലെയിനും ക്രിസ്റ്റിന കോച്ചും 2013 ലെ നാസയുടെ ബഹിരാകാശ യാത്രാക്ലാസില്‍ പങ്കെടുത്തവരാണ്. 1978 ലാണ് നാസ ബഹിരാകാശപര്യവേഷണം ആരംഭിച്ചത്. ആരംഭത്തില്‍ ആറ് വനിതകളായിരുന്നു ബഹിരാകാശ ടീമിലെ അം​ഗങ്ങൾ. നിലവില്‍ ശാസ്ത്രജ്ഞരില്‍ 34 ശതമാനത്തോളം പേരും വനിതകളാണ്.