ജപ്പാൻ്റെ ബഹിരാകാശ ഏജൻസിയായ ജാക്സയുടെ ഹയബുസ2 പേടകം, ടോറിഫ്യൂൺ എന്ന ഛിന്നഗ്രഹത്തിന് സമീപം നടത്തിയ അപകടകരമായ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ഈ ദൗത്യം ടോറിഫ്യൂൺ ഒരു കോൺടാക്ട് ബൈനറി ഛിന്നഗ്രഹമാണെന്ന് വെളിപ്പെടുത്തുകയും ഭാവിയിലെ ഗ്രഹ പ്രതിരോധ ദൗത്യങ്ങൾക്ക് നിർണായകമായ വിവരങ്ങൾ നൽകുകയും ചെയ്തു.
വളരെ അപകടകരമായ നീക്കമാണ് എന്ന മുന്നറിയിപ്പുകൾക്കിടയിലും ജപ്പാന്‍റെ ബഹിരാകാശ ഏജൻസിയായ ജാക്സ (ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലൊറേഷൻ ഏജൻസി) നടത്തിയ ധീരമായ പരീക്ഷണം വിജയിച്ചു. ഹയബുസ2 ബഹിരാകാശ പേടകം ഭൂമിക്ക് സമീപമുള്ള ടോറിഫ്യൂൺ എന്ന ഛിന്നഗ്രഹത്തിന് വളരെ അടുത്തുകൂടി നടത്തിയ പറക്കലിന് പിന്നാലെ ലഭിച്ച ചിത്രങ്ങൾ ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
ജൂലൈ 5ന് നടന്ന ഈ അതിസമീപ പറക്കലിന് ശേഷം ജൂലൈ 6ന് ചിത്രങ്ങൾ ലഭിച്ചപ്പോൾ ഹയബുസ2 ദൗത്യത്തിന്റെ മുൻ മാനേജറായ മകോട്ടോ യോഷികാവയ്ക്കും സംഘത്തിനും രണ്ട് വലിയ അപ്രതീക്ഷിത കണ്ടെത്തലുകളാണ് ഉണ്ടായത്. ടോറിഫ്യൂൺ ഒരു സാധാരണ ഛിന്നഗ്രഹമല്ലെന്നും, ഗുരുത്വാകർഷണത്തിന്റെ സ്വാധീനത്തിൽ രണ്ട് പാറക്കഷണങ്ങൾ ചേർന്നുണ്ടായ ഇരട്ട ഘടനയുള്ള കോൺടാക്ട് ബൈനറി ഛിന്നഗ്രഹമാണെന്നും കണ്ടെത്തി. കൂടാതെ ലഭിച്ച ചിത്രങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾ വളരെ വലുതും വ്യക്തവുമായിരുന്നു.
"ഇത്തരമൊരു ഇരട്ട ഘടന ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. ഇത്രയും വലിയ ചിത്രം ലഭിക്കുമെന്ന് കരുതിയിരുന്നില്ല," എന്ന് പോളണ്ടിൽ നടന്ന ആസ്റ്ററോയിഡ്സ്, കോമറ്റ്സ് ആൻഡ് മീറ്റിയേഴ്സ് സമ്മേളനത്തിൽ യോഷികാവ പറഞ്ഞു.
അപകടകരമായ തീരുമാനത്തിന് പിന്നിൽ മാസങ്ങൾ നീണ്ട ചർച്ച
ഈ വിജയത്തിന് പിന്നിൽ ശാസ്ത്ര-എൻജിനീയറിങ് സംഘങ്ങൾക്കിടയിൽ മാസങ്ങൾ നീണ്ട ചർച്ചകളുണ്ടായിരുന്നു. പ്രായമായിക്കൊണ്ടിരുന്ന ഹയബുസ2 പേടകത്തിന്റെ ശേഷിയുടെ പരിധിയിലായിരുന്നു ഈ അതിസമീപ പറക്കൽ. 2014 ഡിസംബറിലാണ് ഹയബുസ2 വിക്ഷേപിച്ചത്. നാല് വർഷത്തിന് ശേഷം ഇത് റിയൂഗു എന്ന ഛിന്നഗ്രഹത്തിലെത്തി. അവിടെ നിന്ന് സാമ്പിളുകൾ ശേഖരിച്ച് 2020ൽ ഭൂമിയിലെത്തിക്കുകയും ചെയ്തു. പ്രാഥമിക ദൗത്യം പൂർത്തിയാക്കിയ ശേഷം, 2031ൽ ചെറിയ ഛിന്നഗ്രഹമായ 1998 കെവൈ26 സന്ദർശിക്കാനുള്ള ദൗത്യത്തിനിടയിലെ പരീക്ഷണമായിരുന്നു ടോറിഫ്യൂൺ പറക്കൽ.
സാധാരണ ഛിന്നഗ്രഹ പറക്കലുകളിൽ കുറഞ്ഞത് 100 കിലോമീറ്റർ അകലമാണ് പാലിക്കാറുള്ളത്. എന്നാൽ ഇത്രയും ദൂരം പാലിച്ചാൽ മികച്ച ചിത്രങ്ങൾ ലഭിക്കില്ലെന്ന് ശാസ്ത്രസംഘം ചൂണ്ടിക്കാട്ടി. ഹയബുസ2 രൂപകൽപ്പന ചെയ്തിരുന്നത് ഛിന്നഗ്രഹത്തിന് സമീപം നിൽക്കാനും ഇറങ്ങാനും വേണ്ടിയായിരുന്നു. സെക്കൻഡിൽ 5.3 കിലോമീറ്റർ വേഗതയിൽ അതിവേഗം കടന്നുപോകുന്ന പറക്കലിനായി ഇത് രൂപകൽപ്പന ചെയ്തിരുന്നില്ല.
ഒരു കിലോമീറ്ററിൽ നിന്ന് 800 മീറ്ററിലേക്ക്
ആദ്യം എൻജിനീയർമാർ നിർദേശിച്ചത് 10 കിലോമീറ്റർ അകലത്തിലുള്ള പറക്കലായിരുന്നു. പിന്നീട് ശാസ്ത്രസംഘത്തിന്റെ ആവശ്യപ്രകാരം ദൂരം കുറച്ചു. ഒടുവിൽ ഛിന്നഗ്രഹത്തിന്റെ കേന്ദ്രത്തിൽ നിന്ന് ഒരു കിലോമീറ്റർ അകലത്തിൽ കൂടി കടന്നുപോകാൻ സാധിക്കുമെന്ന് എൻജിനീയർമാർ ഉറപ്പാക്കി. എന്നാൽ പറക്കലിന് ഒരു മാസം മാത്രം ശേഷിക്കെ ദൗത്യസംഘ നേതാവ് യൂയ മിമാസു ദൂരം വീണ്ടും കുറയ്ക്കണമെന്ന് നിർദേശിച്ചു.
ഏറ്റവും അടുത്ത ദൂരം 800 മീറ്ററാക്കണം എന്ന നിർദേശം വന്നപ്പോൾ ചില ശാസ്ത്രജ്ഞർ എതിർത്തു. ഇത് വളരെ അപകടകരമാണ് എന്നായിരുന്നു അവരുടെ പ്രതികരണം. തുടർന്ന് ശക്തമായ ചർച്ചകൾ നടന്നു. ടോറിഫ്യൂണിന്റെ യഥാർഥ വലുപ്പം അറിയാത്തതായിരുന്നു പ്രധാന ആശങ്ക. ഭൂമിയിൽ നിന്നുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഛിന്നഗ്രഹത്തിന്റെ പരമാവധി വലുപ്പം 1,400 മീറ്റർ നീളവും 400 മീറ്റർ വീതിയുമാകാമെന്നാണ് കണക്കാക്കിയിരുന്നത്. അവസാനം 800 മീറ്റർ അകലത്തിലുള്ള പറക്കലിന് അനുമതി ലഭിച്ചു.
അതിശയിപ്പിച്ച ചിത്രങ്ങളും ശാസ്ത്രീയ വിവരങ്ങളും
ജൂൺ 19ന് ഹയബുസ2 ടോറിഫ്യൂണിനെ കണ്ടെത്തി. പറക്കലിന് മൂന്ന് മണിക്കൂർ മുമ്പ് വരെ ഭൂമിയിൽ നിന്നുള്ള നിയന്ത്രണത്തിലായിരുന്നു പേടകം. പിന്നീട് സ്വയം നിയന്ത്രിക്കുന്ന സംവിധാനത്തിലേക്ക് മാറ്റി. ഈ ദൗത്യത്തിനായി പ്രത്യേക സോഫ്റ്റ്‌വെയറും വികസിപ്പിച്ചിരുന്നു. പേടകത്തിലെ ഓപ്റ്റിക്കൽ നാവിഗേഷൻ ക്യാമറ ടെലസ്‌കോപ്പ് പകർത്തിയ ചിത്രങ്ങളിലാണ് ഇരട്ട രൂപത്തിലുള്ള ടോറിഫ്യൂൺ വ്യക്തമായത്.
അതേസമയം, മറ്റ് ശാസ്ത്രീയ ഉപകരണങ്ങളും നിർണായക വിവരങ്ങൾ ശേഖരിച്ചു. തെർമൽ ഇൻഫ്രാറെഡ് ഇമേജർ ഛിന്നഗ്രഹത്തിന്റെ താപ ചിത്രങ്ങൾ പകർത്തി കോൺടാക്ട് ബൈനറി ഘടന സ്ഥിരീകരിച്ചു. ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്ററും ലേസർ ആൾട്ടിമീറ്ററും വിവരങ്ങൾ ശേഖരിച്ചു. ഒരു ഛിന്നഗ്രഹ പറക്കലിനിടെ ആദ്യമായി വിജയകരമായ ലേസർ ദൂരമാപനമായിരിക്കാമിതെന്ന് യോഷികാവ പറഞ്ഞു.
ഭാവിയിലെ ഗ്രഹ പ്രതിരോധ ദൗത്യങ്ങൾക്ക് വഴിയൊരുക്കും
ടോറിഫ്യൂൺ പറക്കൽ വെറും ചിത്രങ്ങൾ ശേഖരിക്കാനുള്ള പരീക്ഷണമല്ലെന്ന് ജപ്പാന്‍റെ ബഹിരാകാശ ഏജൻസിയായ ജാക്സ വ്യക്തമാക്കി. "ചെറിയ ആകാശഗോളവുമായി ബഹിരാകാശ പേടകത്തെ ഇടിപ്പിക്കുന്ന സാങ്കേതികവിദ്യ ജാക്സ സ്വന്തമാക്കി," എന്ന് യോഷികാവ പറഞ്ഞു. നാസയുടെ ഡാർട്ട് ദൗത്യവുമായി താരതമ്യം ചെയ്ത അദ്ദേഹം, ഭാവിയിലെ ഗ്രഹ പ്രതിരോധ പദ്ധതികൾക്ക് ഈ സാങ്കേതികവിദ്യ സഹായകരമാകുമെന്ന് വ്യക്തമാക്കി.
ഹയബുസ2യുടെ യാത്ര ഇവിടെ അവസാനിക്കുന്നില്ല. 2031ൽ ഏകദേശം 11 മീറ്റർ മാത്രം വലുപ്പമുള്ള അതിവേഗം കറങ്ങുന്ന 1998 കെവൈ26 ഛിന്നഗ്രഹത്തെ സന്ദർശിക്കുകയാണ് പേടകത്തിന്റെ അടുത്ത പ്രധാന ലക്ഷ്യം.


