ആക്‌സിയം 4 ദൗത്യ സംഘാംഗങ്ങളായ പെഗ്ഗി വിറ്റ്സൺ, ശുഭാംശു ശുക്ല, സ്ലാവോസ് ഉസ്നാൻസ്കി, ടിബോർ കാപു എന്നിവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പ്രവേശിച്ചു

ഐഎസ്എസ്: 140 കോടി ഇന്ത്യക്കാര്‍ക്കും അഭിമാന നിമിഷം, ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തി. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല അടക്കമുള്ള നാല് ആക്സിയം 4 ദൗത്യ സംഘാംഗങ്ങള്‍ 'ഗ്രേസ്' ക്രൂ ഡ്രാഗണ്‍ പേടകത്തില്‍ നിന്ന് എല്ലാ പരിശോധനകളും നടപടിക്രമങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി നിലയത്തില്‍ പ്രവേശിച്ചതോടെയാണിത്. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു ഗ്രേസ് പേടകം ഐഎസ്എസിലെ ഹാര്‍മണി മൊഡ്യൂളില്‍ ഡോക്ക് ചെയ്തത്. ഇനിയുള്ള 14 ദിവസം ആക്‌സിയം ദൗത്യാംഗങ്ങള്‍ക്ക് ഐഎസ്എസില്‍ ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലമാണ്.

Scroll to load tweet…

ഇന്നലെ പുറപ്പെട്ട ചരിത്ര യാത്ര

ഇന്നലെയാണ് ശുഭാംശു ശുക്ല അടക്കം നാല് പേര്‍ ആക്സിയം 4 ദൗത്യത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. സ്പേസ് എക്‌സിന്‍റെ 'ഗ്രേസ്' ക്രൂ ഡ്രാഗണ്‍ പേടകത്തിലായിരുന്നു ഇവരുടെ യാത്ര. മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്‌സിയം 4 ദൗത്യ സംഘത്തിലുള്ള മറ്റംഗങ്ങള്‍. പെഗ്ഗിയായിരുന്നു ദൗത്യ കമാന്‍ഡര്‍. മിഷന്‍ പൈലറ്റ് ശുഭാംശു ശുക്ലയായിരുന്നു.

Scroll to load tweet…

ചരിത്രമെഴുതി ശുഭാംശു ശുക്ല

ആക്സിയം 4 ദൗത്യം വിജയമായതോടെ രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടം ശുഭാംശു ശുക്ല സ്വന്തമാക്കി. 1984ൽ റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ സന്ദര്‍ശനത്തിന് 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശുഭാംശു ശുക്ലയുടെ യാത്ര. എന്നാല്‍ രാകേഷ് ശര്‍മ്മയുടെ യാത്ര അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കായിരുന്നില്ല. അതിനാല്‍, ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്‌തതോടെ ഐഎസ്എസിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം ശുഭാംശു ശുക്ലയുടെ പേരിലായി. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്നുള്ള വിക്ഷേപണത്തിന് ശേഷം 28 മണിക്കൂര്‍ യാത്ര പൂര്‍ത്തിയാക്കിയാണ് 'ഗ്രേസ്' പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.

Scroll to load tweet…

Scroll to load tweet…

Asianet News Live | Malayalam News Live | Kerala News Live | Axiom Mission 4 Docking