ബലസോര്‍:  ശൗര്യ മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. കരയില്‍ നിന്നും കരയിലേക്ക് വിക്ഷേപിക്കാന്‍ സാധിക്കുന്ന ശൗര്യയുടെ പുതിയ പതിപ്പാണ് പരീക്ഷിച്ചത്. 800 കിലോമീറ്റർ പരിധിയിൽ ആക്രമണം നടത്താൻ ശേഷിയുള്ളതാണ് ശൗര്യ.

ഇത് വളരെ ഭാരം കുറഞ്ഞതും പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പവുമാണ്. ടാർഗെറ്റിലേക്ക് അടുക്കും തോറും ഹൈപ്പര്‍സോണിക് വേഗത്തില്‍ സഞ്ചരിക്കാന്‍ ശൗര്യ മിസൈലിന് സാധിക്കും. നിലവിലുള്ള മറ്റു മിസൈലുമായി താരതമ്യപ്പെടുത്തുമ്പോൾ ശൗര്യയുടെ ഭാരം കുറഞ്ഞതും പ്രവർത്തിക്കാൻ എളുപ്പവുമാണെന്ന് ഡിആർഡിഒ അറിയിക്കുന്നു. ഒറീസയിലെ ബലസോറില്‍ വച്ചായിരുന്നു പരീക്ഷണം.

തന്ത്രപരമായ മിസൈലുകളുടെ നിര്‍മാണ മേഖലയിൽ സമ്പൂർണ സ്വാശ്രയത്വം പൂർത്തീകരിക്കുന്നതിനായാണ് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) പ്രവർത്തിക്കുന്നത്. ഈ വർഷം ആദ്യം പ്രതിരോധമേഖലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്‌മീർഭർ ഭാരത് ആഹ്വാനം ചെയ്തിരുന്നു. ഈ പദ്ധതി സജീവമാക്കാൻ തന്നെയാണ് ഡിആര്‍ഡിഒയുടെ നീക്കം.

കഴിഞ്ഞ ദിവസം 400 കിലോമീറ്ററിലധികം സ്‌ട്രൈക്ക് റേഞ്ചിൽ ലക്ഷ്യത്തിലെത്താൻ കഴിയുന്ന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലും ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്നതിനാല്‍ ഇന്ത്യന്‍ കര അതിര്‍ത്തികളില്‍ ശത്രുക്കള്‍ക്ക് വെല്ലുവിളിയാകുവാന്‍ പ്രാപ്തമായ മിസൈലാണ് ശൗര്യ.