ഒരു ഇന്ത്യക്കാരന്‍ എന്നാണ് ഇനി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക എന്നതിന് ഉത്തരമായിരിക്കുന്നു

ദില്ലി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അടുത്ത ഇന്ത്യക്കാരന്‍ യാത്ര ചെയ്യുന്നത് 2025 ഏപ്രിലിലായിരിക്കുമെന്ന് കേന്ദ്ര ശാസ്ത്ര- സാങ്കേതികകാര്യ സഹമന്ത്രി ജിതേന്ദ്ര സിംഗ്. നാസയുമായുളള്ള ഐഎസ്ആര്‍ഒയുടെ സഹകരണത്തിന്‍റെ ഭാഗമായാണ് ഇന്ത്യക്കാരനെ ബഹിരാകാശത്തേക്ക് അയക്കുന്നത്. 

ഒരു ഇന്ത്യക്കാരന്‍ എന്നാണ് ഇനി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുക എന്നതിന് ഉത്തരമായിരിക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഇന്ത്യക്കാരന്‍ അടുത്ത വര്‍ഷം ഏപ്രിലില്‍ യാത്ര ചെയ്യും എന്ന് കേന്ദ്ര ശാസ്ത്ര- സാങ്കേതികകാര്യ സഹമന്ത്രി ജിതേന്ദ്ര സിംഗ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പ്രഥമ ദേശീയ ബഹിരാകാശ ദിന ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് മന്ത്രിയുടെ പ്രഖ്യാപനം. 2025 ഏപ്രിലിലായിരിക്കും നാസയുമായി സഹകരിച്ച് ഐഎസ്ആര്‍ഒയുടെ ഈ ദൗത്യം. 'ആക്സിയം-4' എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. 

ആക്സിയം-4 ദൗത്യത്തിനായി വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍മാരായ ശുഭാന്‍ഷു ശുക്ലയും പ്രശാന്ത് ബാലകൃഷ്‌ണന്‍ നായരും അമേരിക്കയില്‍ പരിശീലനത്തിലാണ്. ആദ്യ ബഹിരാകാശ യാത്രയ്ക്ക് ശുഭാന്‍ഷുവിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെങ്കിലും മലയാളിയായ പ്രശാന്ത് ബാലകൃഷ്‌ണന്‍ നായര്‍ ബാക്ക്‌അപ്പാണ്. രാകേഷ് ശര്‍മ്മയ്‌ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്ന നേട്ടത്തിലെത്തും ഇതോടെ ശുഭാന്‍ഷു ശുക്ല. ശുഭാന്‍ഷു ശുക്ലയ്‌ക്കൊപ്പം പോളണ്ട്, ഹങ്കറി, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റ് മൂന്ന് പേരും ആക്സിയം-4 ദൗത്യത്തിലുണ്ടാകും. 

ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല്‍വര്‍ സംഘത്തിലെ അംഗങ്ങളാണ് ശുഭാന്‍ഷു ശുക്ലയും പ്രശാന്ത് ബാലകൃഷ്‌ണന്‍ നായരും. ഇവര്‍ക്ക് പുറമെ അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ എന്നിവരും ഗഗൻയാൻ ദൗത്യത്തിനായി പരിശീലനത്തിലുള്ളവരാണ്. നാല് പേരും ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാരാണ്. ഗഗൻയാൻ ദൗത്യത്തിനുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക. 2025ല്‍ നടക്കുന്ന ഗഗൻയാൻ ദൗത്യത്തിന് മുമ്പുതന്നെ ഇവരില്‍ ഒരാള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കുമെന്ന് ഇസ്രോ ചെയർമാൻ എസ്.സോമനാഥ് മുമ്പ് വ്യക്തമാക്കിയിരുന്നതാണ്. 

Read more: 40 വര്‍ഷത്തിന് ശേഷം ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക്, നറുക്ക് ശുഭാന്‍ഷു ശുക്ലയ്ക്ക്; കേരളത്തിനും അഭിമാനം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം