Asianet News MalayalamAsianet News Malayalam

40 വര്‍ഷത്തിന് ശേഷം ഇന്ത്യക്കാരന്‍ ബഹിരാകാശത്തേക്ക്, നറുക്ക് ശുഭാന്‍ഷു ശുക്ലയ്ക്ക്; കേരളത്തിനും അഭിമാനം

ഗഗന്‍യാന്‍ ദൗത്യത്തിനായി തെരഞ്ഞെടുത്ത നാല് ബഹിരാകാശ സഞ്ചാരികളില്‍ ആദ്യ അവസരം ശുഭാന്‍ഷു ശുക്ല

Subhanshu Shukla travel to International Space Station on NASA mission this year
Author
First Published Aug 3, 2024, 2:31 PM IST | Last Updated Aug 3, 2024, 2:40 PM IST

ദില്ലി: രാകേഷ് ശര്‍മ്മയ്‌ക്ക് ശേഷം ബഹിരാകാശത്ത് എത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാവുക ശുഭാന്‍ഷു ശുക്ല. ഗഗൻയാൻ ദൗത്യത്തിന് മുന്നോടിയായി നാസയുടെ സഹകരണത്തോടെയാണ് ശുഭാന്‍ഷുവിനെ ഐഎസ്ആര്‍ഒ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്നത്. സംഘത്തിലെ മലയാളിയായ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്‌ണന്‍ നായരാണ് ബാക്കപ്പ് യാത്രികന്‍. ഗഗൻയാൻ ദൗത്യത്തിനായി ഐഎസ്ആര്‍ഒ തെരഞ്ഞെടുത്ത നാല് പേരിലുള്ളവരാണ് ഇരുവരും. 
 
ആക്സിയം-4 എന്നാണ് രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള ദൗത്യത്തിന് പേരിട്ടിരിക്കുന്നത്. നാസയുമായി സഹകരിച്ച് ആക്‌സിയം എന്ന സ്വകാര്യ കമ്പനി നടത്തുന്ന നാലാം ബഹിരാകാശ ദൗത്യമാണിത്. ശുഭാന്‍ഷു ശുക്ലയ്‌ക്കൊപ്പം പോളണ്ട്, ഹങ്കറി, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റ് മൂന്ന് പേരും ആക്സിയം-4 ദൗത്യത്തിലുണ്ടാകും. ശുഭാന്‍ഷുവിന് ഏതെങ്കിലും കാരണത്താല്‍ യാത്ര ചെയ്യാന്‍ കഴിയാതെ വന്നാല്‍ 48കാരനായ പ്രശാന്ത് ബാലകൃഷ്‌ണന്‍ നായര്‍ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രികനാകും. ദൗത്യത്തിന് മുന്നോടിയായി ഇരുവര്‍ക്കും എട്ട് ആഴ്‌ച നീണ്ടുനില്‍ക്കുന്ന പ്രത്യേക പരിശീലനം നല്‍കും. നിലവില്‍ ഗഗൻയാൻ ദൗത്യത്തിന്‍റെ ഭാഗമായി ഇവര്‍ പരിശീലനത്തിലാണ്. 

ഗഗൻയാൻ ദൗത്യ അംഗം

ശുഭാൻഷു ശുക്ല, പ്രശാന്ത് ബാലകൃഷ്ണൻ എന്നിവര്‍ക്ക് പുറമെ അംഗദ് പ്രതാപ്, അജിത് കൃഷ്ണൻ എന്നിവരും ഗഗൻയാൻ ദൗത്യത്തിനായി പരിശീലനത്തിലുള്ളവരാണ്. നാല് പേരും ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാരാണ്. ഗഗൻയാൻ ദൗത്യത്തിനുള്ള സംഘത്തെ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക. 2025ല്‍ നടക്കുന്ന ഗഗൻയാൻ ദൗത്യത്തിന് മുമ്പുതന്നെ ഇവരില്‍ ഒരാള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കുമെന്ന് ഇസ്രോ ചെയർമാൻ എസ്.സോമനാഥ് മുമ്പ് വ്യക്തമാക്കിയിരുന്നു. ബഹിരാകാശ രംഗത്തെ ഇന്ത്യ-അമേരിക്ക സഹകരണത്തിന്‍റെ ഭാഗമായാണ് ആക്സിയം-4ല്‍ ശുഭാന്‍ഷു ശുക്ലയ്‌ക്ക് അവസരം ലഭിക്കുന്നത്. 

1984ല്‍ സഞ്ചരിച്ച രാകേഷ് ശര്‍മ്മയാണ് ഇതുവരെ ബഹിരാകാശത്ത് എത്തിയ ഏക ഇന്ത്യന്‍. സോവിയറ്റ് യൂണിയന്‍റെ സോയൂസ് ടി-11 പേടകത്തിലായിരുന്നു രാകേഷ് ശര്‍മ്മയുടെ ബഹിരാകാശ യാത്ര. 

Read more: 'ആദ്യ ആളില്ലാ ഗഗൻയാൻ ദൗത്യം ഉടൻ, ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ ഡിസൈൻ അവസാന ഘട്ടത്തിൽ': ഇസ്രൊ ചെയർമാൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios