അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) ഇന്ന് കേരളത്തിന് മുകളില്‍ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സുവര്‍ണാവസരം, സമയം അറിയാം

തിരുവനന്തപുരം: ഇന്ത്യയുടെ ശുഭാംശു ശുക്ല അടക്കമുള്ള സഞ്ചാരികളെ വഹിച്ചുകൊണ്ട് പറക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയം (ഐഎസ്എസ്) കേരളത്തില്‍ നിന്ന് കാണാന്‍ സുവര്‍ണാവസരം. ഇന്ന് ജൂലൈ ആറാം തീയതി രാത്രി 7.56 മുതല്‍ 7.59 വരെ തെക്കുപടിഞ്ഞാറന്‍ മാനത്ത് കൂടി സഞ്ചരിക്കുന്ന ഐഎസ്എസ് നഗ്നനേത്രങ്ങള്‍ കൊണ്ട് കേരളക്കരയില്‍ കാണാം. ഇതിന് ശേഷം ജൂലൈ ഒമ്പതിനും അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തിന് മുകളിലൂടെ സഞ്ചരിക്കും. 9-ാം തീയതി പുലര്‍ച്ചെ 5.50 മുതല്‍ 5.57 വരെയാണ് വടക്ക് പടിഞ്ഞാറ് ദിശയില്‍ ബഹിരാകാശ നിലയം പ്രത്യക്ഷപ്പെടുക. നിലയം വ്യക്തമായി കാണാന്‍ തെളിച്ചമുള്ള ആകാശം ആവശ്യമാണ്.

ആക്സിയം 4 ദൗത്യത്തില്‍ എത്തിയ ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ലയടക്കം 11 സഞ്ചാരികളാണ് നിലവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ളത്. ആക്സിയം ദൗത്യത്തില്‍ ശുഭാംശുവിനൊപ്പം ഐഎസ്എസില്‍ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരും എത്തിച്ചേര്‍ന്നിരുന്നു. 113 ദിവസമായി ഐഎസ്എസില്‍ കഴിയുന്ന സ്പേസ് എക്സ് ക്രൂ 10 ദൗത്യത്തില്‍പ്പെട്ട ആനി മക്ലൈന്‍, നിക്കേള്‍ അയേഴ്സ്, കിരിള്‍ പെസ്‌കോവ്, തകുയാ ഒനീഷി എന്നിവരാണ് നിലയത്തിലുള്ള മറ്റൊരു സംഘം. ഐഎസ്എസിലെ റഷ്യന്‍ മൊഡ്യൂളില്‍ മൂന്ന് കോസ്മോനട്ടുകളും കഴിയുന്നു.

താഴ്ന്ന ഭൂ-ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ ഗവേഷണശാലയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം അഥവാ ഐഎസ്എസ്. ഭൗമോപരിതലത്തിൽ നിന്ന് ഏകദേശം 400 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഐഎസ്എസ് മണിക്കൂറിൽ 27000 കിലോമീറ്റർ വേഗത്തില്‍ സഞ്ചരിക്കുന്നു. നിലയം ഒരു ദിവസം 15.54 തവണ ഭൂമിയെ വലംവെക്കുന്നു. ഒരു ഫുട്ബോൾ സ്റ്റേഡിയത്തിന്‍റെ വലിപ്പമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് 109 മീറ്റർ നീളവും 73 മീറ്റർ വീതിയുമുണ്ട്. 4.5 ലക്ഷം കിലോഗ്രാമാണ് ഐഎസ്എസിന്‍റെ ഭാരം. സഞ്ചരിക്കുന്ന ഒരു നക്ഷത്രം പോലെ തിളക്കത്തിലായിരിക്കും മഴമേഘങ്ങളില്ലെങ്കില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയം കേരളത്തില്‍ നിന്ന് കാണാന്‍ കഴിയുക.

Asianet News Live | Malayalam News | Kerala News | Kottayam Medical College | ഏഷ്യാനെറ്റ് ന്യൂസ്